1733ൽ ജോർജ് സെയ്ൽ ആണ് ആദ്യമായി ഖുർആൻ അറബിയിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. അതിന് ശേഷം ഏതാണ്ട് 200ലധികം ഇംഗ്ലീഷ് പരിഭാഷകൾ രചിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. പക്ഷെ, അമേരിക്കൻ പണ്ഡിതരായ ഡോ: സഫി കസ്കസും ഡോ: ഡേവിഡ് ഹംഗർഫോർഡും ചേർന്നെഴുതിയ The Quran with reference to the Bible അതിൽ നിന്നൊക്കെ വേറിട്ട്‌ നില്കുന്നു.ഖുർആൻ വചനങ്ങൾക്ക് സമാനമായ 3,000 ത്തോളം ബൈബിൾ വചനങ്ങൾ അടിക്കുറിപ്പായി ചേർത്തിരിക്കുന്നു എന്നതാണ് ഈ പരിഭാഷയുടെ പ്രത്യേകത.

2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തെ തുടർന്ന് അമേരിക്കയിൽ മുസ്‌ലിം -ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ ഉയർന്നുവന്ന സംശയത്തിന്റെയും വിദ്വേഷത്തിന്റെയും മതിൽക്കെട്ട് ഭേദിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു രചനക്ക് പ്രചോദനമായതെന്നു കസ്കസ് പറയുന്നു. സമാനമായ ഒരു സാഹചര്യത്തിലേക്ക് കേരളത്തിലെ മുസ്‌ലിം- ക്രൈസ്തവ ബന്ധം വഴുതിപ്പോകുമോ എന്ന് ഭയപ്പെടുന്ന ഒരു സാഹചര്യത്തിൽ ഈ കൃതിയുടെ മലയാള പരിഭാഷ പുറത്തിറങ്ങി എന്നത് ഈ കൃതിയെ കൂടുതൽ പ്രസക്തമാക്കുന്നു.

ക്രിസ്ത്യാനികളെ മുസ്ലിംകളാ ക്കാനോ മുസ്ലിംകളെ ക്രിസ്തു മതത്തിലേക്ക് ആകർഷിക്കാനോ ഉള്ള ഒരു ശ്രമമല്ല ഇത്‌ എന്ന് ഗ്രന്ഥകർത്താക്കൾ വ്യക്തമാക്കുന്നു.അബ്രഹാമിക് മതങ്ങൾക്കിടയിൽ സമവായത്തിന്റെ പച്ചതുരുത്തുകൾ കണ്ടെത്താനുള്ള ഒരു ശ്രമമാണിത്. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന മുസ്‌ലിം, ക്രൈസ്തവ സമൂഹങ്ങൾ തമ്മിലുള്ള അകൽച്ച നമ്മുടെ ശാന്തമായ സാമൂഹിക അന്തരീക്ഷം തകർക്കുമെന്ന് ഉറപ്പാണ്. സംവാദങ്ങൾക്കപ്പുറം സഹവർത്തിത്വത്തിന്റെ പൊതു ഇടങ്ങൾ കണ്ടെത്താൻ ഈ കൃതി ഉപകരിക്കുമെന്ന് നമുക്ക് പ്രക്ഷിക്കാം.

കഥയോ നോവലോ പോലെ വ്യാപകമായി വായിക്കപ്പെടില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ബ്രഹ്ത്തായ ഈ കൃതി വിവർത്തനം ചെയ്യാൻ കെ സി സലീം കാണിച്ച ധൈര്യം ശ്ലാഘി ക്കപ്പെടേണ്ടത് തന്നെയാണ്.തൃശൂർ കേന്ദ്രമായ വിചാരം ബുക്സ് ആണ് പ്രസാധകർ.

ഒരേ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാർ എന്ന നിലയിൽ ഇരു ഗ്രന്ഥങ്ങളിലെയും വചനങ്ങൾ തമ്മിലുള്ള സമാനതകൾ അത്ഭുപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന് മുസ്‌ലിം നിത്യജീവിതത്തിന്റെ ഭാഗമായ ‘മാഷാ അല്ലാഹ്’ എന്ന പദം ഖുർആനിൽ സൂറത്ത് അൽ കഹ്‌ഫിലാണ് ഉള്ളത്(18:23). “യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീർച്ചയായും ചെയ്യും എന്ന് നീ പറഞ്ഞു പോകരുത്, ദൈവം ഉദ്ദേശിച്ചാൽ അല്ലാതെ എന്ന് കൂട്ടിചേർത്തുകൊണ്ടല്ലാതെ”. സമാനമായ ബൈബിൾ വചനം ഇങ്ങനെ വായിക്കാം: നിങ്ങൾ ഇങ്ങനെയാണ് പറയേണ്ടത്. കാർത്താവ് മനസ്സാകുന്നെങ്കിൽ ഞങ്ങൾ ജീവിക്കുകയും യഥായുക്തം പ്രവർത്തിക്കുകയും ചെയ്യും. (ജെയിംസ് 14:15). യാക്കോബിന്റെ സുവിശേഷത്തിലും ഇതേ വചനം കാണാം. സമാനതകൾ ധാരാളം ഉണ്ടെങ്കിലും പ്രസക്തമെന്ന് തോന്നിയ ബൈബിൾ വചനങ്ങൾ മാത്രമേ പരിഭാഷയിൽ ചേർത്തിട്ടുള്ളൂ എന്ന് ഹംഗർഫോർഡ് പറയുന്നു.

വിഷയാധിഷ്ഠിതമോ കലാഗണന ക്രമത്തിലോ അല്ല ഖുർആനിൽ ആയത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. ഖുർആനിന്റെ ദൈവികത അംഗീകരിച്ചു കൊണ്ട് അതിനെ വായിക്കുന്ന മുസ്ലിംകൾക്ക് ഇത്‌ വലിയ പ്രശ്നമായി തോന്നാറില്ല. എന്നാൽ മറ്റേതൊരു പുസ്തകത്തെയും വായിക്കുന്ന രീതിയിൽ ഖുർആനെ സമീപിക്കുന്ന അമുസ്ലിം വായനക്കാർക്ക് ഈ രീതി ദുർഗ്രാഹ്യമാണ് എന്നത് ഒരു വസ്തുതയാണ്. ആയത്തുകൾ ഓരോന്നായി പരിഭാഷപ്പെടുത്തുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്ഥമായി അധ്യായങ്ങളെ പാരഗ്രാഫുകൾ ആയാണ് പരിഭാഷപ്പെടുത്തി യിരിക്കിന്നത്. മൂല ഗ്രന്ഥത്തിന്റെ മൗലിക ഘടനയിൽ മാറ്റം വരുത്താൻ കഴിയില്ലെന്നിരിക്കെ, ഇതര മതസ്ഥർക്ക് സാധ്യമാകുന്നത്ര വായന എളുപ്പമാക്കാൻ ഈ രീതി ഉപകരിക്കും.

ജോർജ് സെയ്‌ലിന്റെ പരിഭാഷയുടെ കോപ്പി മുൻ അമേരിക്കൻ പ്രസിഡന്റ്‌ തോമസ് ജെഫർസൺ വാങ്ങുകയും അത് യുഎസ് കോണ്ഗ്രസ് ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്. കസ്കസിന്റ പരിഭാഷയുടെ ഇറ്റാലിയൻ വിവർത്തനം വത്തിക്കാനിൽ പോപ്പിന്റെ ഔദ്യോഗിക ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മനുഷ്യൻ അവന് അറിയാത്തതിന്റെ ശത്രുവാണ് എന്നാണല്ലോ പറയാറ്. പരസ്പരം അറിയാൻ ഈ ശ്രമങ്ങൾ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥനയോടെ……..