മാപ്പിള പഴഞ്ചനാണെന്ന വാദം പുതിയതല്ല. ഇംഗ്ലീഷിനോട് മാത്രമല്ല, മലയാളത്തോട് പോലും പുറം തിരിഞ്ഞു നിന്ന സമുദായത്തിൽ കലയും സാഹിത്യവും ഗവേഷണവും അശേഷം ഉണ്ടായിരുന്നില്ല എന്നാണ് ഔദ്യോഗിക മതം. എന്നാൽ വരേണ്യ വർഗ്ഗ വേലിക്കെട്ടിനകത്തു കടത്താൻ പറ്റാത്തതെല്ലാം പുറമ്പോക്കിലേക്ക് തള്ളിയാണ് സാഹിത്യമടക്കം കേരളത്തിന്റെ എല്ലാ ചരിത്രങ്ങളും എഴുതപ്പെട്ടത് എന്നതാണ് സത്യം.

മലയാളത്തിലെ ആദ്യത്തെ ‘ലക്ഷണമൊത്ത’ നോവൽ ഇന്ദുലേഖ(1889) എഴുതപ്പെടുന്നതിനു മുൻപ് ‘ലക്ഷണമൊക്കാത്ത’ കുറെ നോവലുകൾ എഴുതപ്പെട്ടിരുന്നു. തീർഥാടക പുരോഗതി, ഘാതകവധം, പുല്ലേലി കുഞ്ചു, ചാർദർവേശ്(അറബി മലയാളം), സരസ്വതിവിജയം തുടങ്ങിയ നോവലുകൾ വരേണ്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ദളിത്‌, മുസ്‌ലിം കൃതികൾ ആയതുകൊണ്ടാണ് ‘മുഖ്യധാര’യിൽ ഉൾപ്പെടാതെ പോയത് എന്ന വാദം ഇന്ന് വളരെ ശക്തമാണ്. തിരുവിതാംകൂർ ഭരിച്ചിരുന്ന ഉമയമ്മ റാണിയെ കുറിച്ച്‌ 1913ൽ ഉള്ളൂർ രചിച്ച ഉമാകേരളമാണ് ചരിത്ര പശ്ചാതലത്തിൽ രചിച്ച ആദ്യത്തെ മഹാ കാവ്യമായി പരിഗണിക്കപ്പെടുന്നത്.

പക്ഷെ അതിനു 30 വർഷം മുൻപാണ് മഹാകവി മോയിൻകുട്ടി വൈദ്യർ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി മലപ്പുറം പടപ്പാട്ട് രചിക്കുന്നത്. ഏതൊരു ആധുനിക ഗവേഷകനുമായും കിടപിടിക്കുന്ന തരത്തിൽ, പോരാട്ടം നടന്ന ചരിത്ര ഭൂമിയിൽ രണ്ടു വർഷം താമസിച്ചു ഗവേഷണ പഠനം നടത്തിയാണ് വൈദ്യർ 1883ൽ മലപ്പുറം പടപ്പാട്ട് രചിച്ചത്. പക്ഷെ ഒരു ചരിത്ര സ്രോതസ്സായി ‘മുഖ്യധാര’യുടെ പരിഗണന വൈദ്യർ കൃതികൾക്ക് ഇന്നും കിട്ടിയിട്ടില്ല. മാപ്പിള സാഹിത്യത്തെക്കുറിച്ചും ചരിത്രത്തെ കുറിച്ചുമൊക്കെയുള്ള പുതിയ കീഴാള ഗവേഷണങ്ങൾ ഈ രംഗത്ത് ഒരു പൊളിച്ചെഴുത്ത് നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.