എന്നും നടക്കാറുള്ള വഴി, എന്നും കാണുന്ന പക്ഷികൾ. പക്ഷേ എന്തോ ചെറിയ വ്യത്യാസം തോന്നി. ഒറ്റ നോട്ടത്തിൽ ഞാൻ അറിയുന്ന കക്ഷിയല്ല. തിരിച്ചറിയാൻ പാകത്തിലുള്ള ഫോട്ടോ ഉണ്ടെങ്കിലേ വിദഗ്ധരോട് ചോദിക്കാൻ പറ്റൂ. രണ്ട് മൂന്നു ദിവസം ശ്രദ്ധിച്ചു. പിന്നെ കാമറയുമായി പതുങ്ങി നിന്നു. ചെടിപ്പടർപ്പുകൾക്കുള്ളിൽനിന്ന് പുറത്ത് വന്നാലേ തിരിച്ചറിയൽ പരേഡിന് പറ്റിയ ഒരു ചിത്രം കിട്ടൂ. കാത്തിരുപ്പ് വെറുതിയായില്ല. രൂപഭംഗി മുഴുവൻ പുറത്തുകാട്ടി ചെടിക്ക് മുകളിലേക്ക്  പറന്നു വന്നു. ഉദ്ദേശിച്ച പാകത്തിൽ തന്നെ ഒരു ചിത്രം കിട്ടി. ഞാൻ അറിയുന്ന ആളല്ല. Clamarous reed warbler or Indian great reed warbler  ആണെന്ന് വിദഗ്ധർ പറഞ്ഞു.  കൈതക്കള്ളൻ എന്നാണ് ഇന്ദുചൂഡൻ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിൽ കൊടുത്തിരിക്കുന്ന പേര്. സ്വദേശി അല്ല, ദേശാടനത്തിന്റെ ഭാഗമായി  വന്നതാണ്. ഈജിപ്ത്, പാകിസ്ഥാൻ, അഫ്‌ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രജനനം നടത്തുന്ന ഈ കൊച്ചു കിളി തണുപ്പ് കാലത്ത് തെക്കേ ഇന്ത്യയിൽ ദേശാടനം ചെയ്‌തെത്തുന്നു.ഈ കിളി ഇവിടെത്തന്നെ കൂടുവെച്ചു പ്രജനനം നടത്തിയതായും  പക്ഷി നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.