പ്രതിസന്ധികളുടെ മാമലകൾക്ക് താഴെ ശാന്തമായ ഒരു പുഴ പോലെ ഒഴുകാൻ മനുഷ്യന് പ്രചോദനവും കരുത്തും നൽകുന്ന ശക്തിയാണ് ദൈവ വിശ്വാസം. കരൾ നുറുങ്ങുന്ന വേദനയിലും കൊടിയ നിരാശയിലും പതറാതെ പിടിച്ചു നിൽക്കാൻ അത് മനുഷ്യനെ സഹായിക്കുന്നു. വിശ്വാസം നൽകുന്ന ഈ ഉൾകരുത്തുമായി ജീവിക്കുന്ന ധാരാളം സാധാരണ മനുഷ്യരെ നമുക്ക് ചുറ്റും കാണാൻ കഴിയും. ചില സമൂഹങ്ങളിലും വിശ്വാസത്തിന്റെ ഈ ശക്തി വിശേഷം പ്രതിഫലിക്കുന്നതായി കാണാൻ കഴിയും.പേമാരി കണക്കെ പെയ്തിറങ്ങുന്ന തീ ബോംബുകൾക്ക് താഴെ തങ്ങളുടെ കുഞ്ഞു കുട്ടി പരാധീനതകളുമായി പോരാടി ജീവിക്കുന്ന ഗസ്സ തുരുത്തിലെ മനുഷ്യരും വൻ ശക്തികൾ യുദ്ധം ചെയ്തു തരിപ്പണമാക്കിയ അഫ്‌ഘാനിസ്ഥാനിലെ നിർധനരായ മനുഷ്യരും ജീവിതത്തെ നേരിടുന്നത് ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ശാസ്ത്രത്തിന്റെയോ യുക്തി ചിന്തയുടെയോ ഒരു മാപിനി വെച്ചും ഈ ജീവിതങ്ങളെ നമുക്ക് അളക്കാനാവില്ല. ദൈവ വിശ്വാസത്തിനു ശാസ്ത്രത്തിന്റെ സർട്ടിഫികറ്റ് തേടി പോകുന്നത് തന്നെ വലിയ അബദ്ധമാണ്.