“എന്റെ വാക്കുകളൊന്നും സമൂഹം ചെവികൊണ്ടില്ലല്ലോ, അതിനനുസരിച്ചു സമൂഹം മാറിയില്ലല്ലോ എന്ന വേദനയോടെയാണ് അവർ യാത്ര പറഞ്ഞത്.” അന്തരിച്ച കവി സുഗതകുമാരിയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് എം ടി വാസുദേവൻ നായർ പറഞ്ഞ വാക്കുകളാണിത്.
വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നാം ഓർത്തുവെക്കേണ്ട വലിയൊരു ഗുണപാഠം ഈ വാക്കുകളിലുണ്ട്. Rome was not built in a day എന്ന് നാം ഒഴുക്കിൽ പറഞ്ഞുപോവാറുണ്ട്. പക്ഷേ ആ തത്വം പകർത്തുന്നതിൽ നമ്മളിൽ എത്ര പേർ വിജയിക്കുന്നുണ്ട്?
സാമൂഹിക പരിവർത്തനം ഒരു സുപ്രഭാതം കൊണ്ട് ഉണ്ടാവുന്നതല്ല. ക്ഷമയോടെ നിരന്തരം പ്രവർത്തിച്ചെങ്കിലേ അത് നേടാനാവൂ. മഹത്തായ ഫ്രഞ്ച് വിപ്ലവത്തിന്റെ ഗുണഫലങ്ങൾ ഫ്രഞ്ച് സമൂഹത്തിൽ പ്രതിഫലിച്ചു കാണാൻ ഒരു നൂറ്റാണ്ട് വേണ്ടിവന്നു എന്ന് ചരിത്രം പറയുന്നു. ക്ഷമിക്കുക,. ക്ഷമയിൽ അതിജയിക്കുക എന്ന ഖുർആനിക പാഠത്തിന്റെ പൊരുളും മറ്റൊന്നല്ല. ഇത്‌ വ്യക്തികൾക്കും സമൂഹത്തിനും ഒരുപോലെ പാഠമാവേണ്ട തത്വമാണ്. വിജയത്തിലേക്ക് കുറുക്കു വഴികളില്ല. ദുർഘട പാതയിലൂടെയുള്ള തളരാത്ത നടത്തമല്ലാതെ.