പാർലിമെന്ററി ജനധിപത്യത്തിന്റെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി ഫാസിസം നടപ്പിലാക്കാനുള്ള മോഡി ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരിൽ ഉയർന്നുവരുന്ന ജനകീയ ചെറുത്തുനിൽപ്പിന്റെ കരുത്തുറ്റ മാതൃകയാണ് കർഷക സമരം.ഭീഷണിപ്പെടുത്തിയും ഭീകര മുദ്ര ചാർത്തിയും സമരത്തെ തകർക്കാനുള്ള ഗവണ്മെന്റ് ശ്രമങ്ങൾ ശക്തമായി തന്നെ സമരക്കാർ ചെറുത്തുകൊണ്ടിരിക്കുകയാണ്.

എല്ലാ പ്രകോപനങ്ങളെയും മറികടന്നു സമരത്തെ സമാധാനപരമായി ഇത്‌ വരെ മുന്നോട്ട് കൊണ്ടുപോകാൻ നേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. മുഖ്യ അജണ്ട കാർഷിക ബില്ല് ആണെങ്കിലും, ഭരണത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കാനുള്ള മോഡി ഗവണ്മെന്റിന്റെ ശ്രമങ്ങൾക്കെതിരെ കനത്ത താക്കീതാണ് സമര ഭൂമിയിൽ മുഴങ്ങുന്നത്. കശ്മീരിലെ ജനാധിപത്യ പോരാളികൾക്കും, നക്സൽ മുദ്രകുത്തി തുറുങ്കിലടക്കപ്പെട്ട മനുഷ്യവകാശ പ്രവർത്തകർക്കും, പൗരത്വ പ്രക്ഷോഭങ്ങളുടെ പേരിൽ ജയിലിൽ അടക്കപ്പെട്ട പ്രക്ഷോഭർക്കും തുറന്ന പിന്തുണ പ്രഖ്യാപിക്കാൻ സമര നേതാക്കൾക്ക് ഒരു ഭയവും ഉണ്ടായില്ല.

“ഈ പോരാളികളെ പിന്തുണക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. അത്കൊണ്ടാണ്, കർഷക നിയമത്തിനെതിരെ പോരാടുമ്പോൾ തന്നെ, ജയിലിലടക്കപ്പെട്ട ഈ പോരാളികളെയും മനുഷ്യവകാശ പ്രവർത്തകരെയും ഉടനെ മോചിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്” എന്നാണ് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ജോഗിന്ദർ ഉഗ്രഹാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

ഷഹീൻബാഗ് സമരകാലത്ത് എല്ലാ ഭീഷണികളും മറികടന്നു അവസാന നിമിഷം വരെ സമരത്തെ പിന്തുണച്ചത് സിഖ് സമുദായമായിരുന്നല്ലോ. കർഷക പോരാളികൾക്ക് ഭക്ഷണം വിളമ്പി മലർകോട്ലയിലെ മുസ്‌ലിംകൾ പ്രത്യുപകാരം ചെയ്യുന്ന കാഴ്ചയും കർഷക സമരത്തിൽ കാണാൻ കഴിഞ്ഞു.സിഖ് മത പ്രാർത്ഥനകളും മന്ത്രങ്ങളുമായി സ്വന്തം അസ്തിത്വം മറച്ചുവെക്കാതെ തന്നെ ജനാധിപത്യ സമരത്തെ മുന്നോട്ട് കൊണ്ടുപോകാനാവുമെന്നുകൂടി കർഷകർ തെളിയിച്ചു.

ഷഹീൻബാഗ് സമരഭൂമിയിൽ എവിടെയോ മുഴങ്ങിയ അള്ളാഹു അക്ബറിന്റെ പേരിൽ ആ സമരത്തെ മതതീവ്രവാദികൾ ഹൈജാക്ക് ചെയ്തു എന്ന് പറഞ്ഞു സമരത്തെ തള്ളിപ്പറഞ്ഞവർക്ക് വലിയൊരു പാഠമാണിത് നൽകുന്നത്. ജനാധിപത്യ സമരങ്ങളിൽ മതത്തിന്റെ ചിഹ്നങ്ങൾ ഗുണപരമായി ഉപയോഗപ്പെടുത്തുന്നത് സാധാരണമാണ്. ഖിലാഫത്ത് സമരകാലത്തും അതിനു മുൻപ് നടന്ന കർഷക പ്രക്ഷോഭങ്ങളിലുമൊക്കെ മലബാറിലെ മുസ്‌ലിംകൾ ചെയ്തതും ഇത്‌ തന്നെയായിരുന്നു. ദോഷൈക ദൃക്കുകൾ എന്നും അതിനെ വർഗീയതയായിട്ടേ കണ്ടിട്ടുള്ളൂ.