“ഞാനൊരു മുസ്‌ലിമാണ്.. ഞാനതിൽ അഭിമാനിക്കുന്നു. പതിമൂന്നു നൂറ്റാണ്ടുകാലത്തെ ഇസ്‌ലാമിന്റെ മഹിതമായ സംസ്കാരം എന്റെ പൈതൃക സ്വത്താണ്. അതിൽനിന്നു  ഒരംശം പോലും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല. ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ, അതിന്റെ ചരിത്രം, കല, സാഹിത്യം, സംസ്കാരം, എല്ലാം എന്റെ സമ്പാദ്യങ്ങളാണ്. അവയുടെ സംരക്ഷണം എന്റെ ബാധ്യതയാണ്.ഒരു മുസ്‌ലിമെന്ന നിലക്ക് ഇസ്‌ലാം മതത്തിലും അതിന്റെ സംസ്കാരത്തിലും എനിക്ക് പ്രത്യേക താല്പര്യം ഉണ്ട്. അതിലുള്ള ഒരു കൈകടത്തലും എനിക്ക് പൊറുപ്പിക്കാനാവില്ല.പക്ഷേ, ഈ വിചാര വികാരങ്ങൾക്കൊപ്പം, എന്റെ ജീവിത യഥാർഥ്യങ്ങളും സാഹചര്യങ്ങളും എന്നിലേൽപ്പിച്ച മറ്റു ചിലത് കൂടി ഉണ്ട്. ഇസ്‌ലാമിന്റെ സത്ത ഒരിക്കലും അവക്കെതിരല്ല. അവ എനിക്ക് വഴികാട്ടിയാവുകയും മുന്നോട്ട് പോവാൻ എന്നെ സഹായിക്കുകയും ചെയ്യുന്നു.ഒരു ഇന്ത്യക്കാരൻ എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഒരിക്കലും തകർക്കാനാവാത്ത ഇന്ത്യൻ ദേശീയതയുടെ ഭാഗമാണ് ഞാനും. ഈ മഹാ സൗധത്തിന്റെ അവിഭാജ്യ ഘടകമാണ് ഞാൻ. എന്നേക്കൂടാതെ ഈ മഹിത മന്ദിരം പൂർണ്ണമാവില്ല. ഇന്ത്യയെന്ന ഈ മണിമന്ദിരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ഞാൻ. ഈ അവകാശം അടിയറ വെക്കാൻ ഒരിക്കലും ഞാൻ തയ്യാറുമല്ല.”
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ചരിത്രത്തിലെ ഏറ്റവും പ്രശ്ന സങ്കീർണ്ണമായ ഒരു ഘട്ടത്തിൽ അതിന്റെ പ്രസിഡന്റ് പദം അലങ്കരിക്കുകയും മരണം വരെ ഉറച്ച കോൺഗ്രസു്കരനായി ജീവിക്കുകയും ചെയ്ത മൗലാന അബുൽ കലാം ആസാദ് 1940 ൽ രാംഗർഹിൽ നടത്തിയ പ്രസംഗമണിത്.
ഇസ്‌ലാമിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ആസാദ്, പക്ഷേ ഇന്ത്യയുടെ കലാ സാംസ്‌കാരിക പൈതൃകത്തെ നെഞ്ചോട് ചേർത്തുവെക്കാൻ ഒരു മടിയും കാണിച്ചില്ല. ദേശീയ തലത്തിൽ ഉയർന്നു നിൽക്കുന്ന, സംഗീത നാടക അക്കാദമി, ലളിതകാലാ അക്കാദമി, സാഹിത്യ അക്കാദമി, ഇന്ത്യൻ അക്കാദമി ഓഫ് ഡാൻസ്, ഡ്രാമ ആന്റ് മ്യൂസിക്, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് എന്നിവ ആസാദ് ഇന്ത്യയുടെ പ്രഥമ  വിദ്യഭ്യാസ മന്ത്രിയായിരിക്കെ പടുത്തുയർത്തിയ സ്ഥാപനങ്ങളാണ്.ഇതാണ് ഇന്ത്യയിലെ ഓരോ മുസ്‌ലിമും നെഞ്ചിലേറ്റുന്ന പാരമ്പര്യം.
ഈ പാരമ്പര്യത്തിന്റെ കടക്കൽ കത്തിവെക്കാനാണ് മോഡി ഭരണകൂടം പൗരത്വ നിഷേധ നിയമത്തിലൂടെ ശ്രമിച്ചത്. ഗോൾവൾകർ സ്വപ്നം കണ്ട, പൗരവാവകാശങ്ങൾ പോലുമില്ലാത്ത ഒരു മുസ്‌ലിം ന്യൂനപക്ഷത്തെ സൃഷ്ടിച്ചെടുക്കാനുള്ള ഗൂഢാലോചനയുടെ ഫലം. ജർമ്മനിയിൽ ജൂതന്മാർക്ക് പൗരവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ഹിറ്റ്ലർ കൊണ്ടുവന്ന ന്യൂറൻബർഗ് നിയമങ്ങൾക്ക് സമാനമായത്. വംശീയ ഉന്മൂലനം ആരംഭിക്കുന്നതിന് മുൻപ് മ്യാന്മാർ ഭരണകൂടം രോഹിന്ഗ്യൻ മുസ്‌ലിംകൾക്കെതിരിൽ നടപ്പിലാക്കിയതും ഇത്തരം നിയമങ്ങൾ തന്നെയായിരുന്നു.വംശഹത്യക്ക് തുടക്കം കുറിക്കും മുൻപ്, ബഹുസ്വര ഇന്ത്യയെന്ന വികാരം നെഞ്ചിലേറ്റുന്ന മുഴുവൻ മനുഷ്യരെയും കൂടെ നിർത്തി, വിട്ടുവീഴ്ചയില്ലാത്ത ജനധിപത്യ  പോരാട്ടത്തിലൂടെ മോഡി ഭരണകൂ ടത്തെത്തെ മുട്ടുകുത്തിക്കുക മാത്രമാണ് ഇന്ത്യൻ മുസ്‌ലിംകളുടെ ആത്മാഭിമാനം വീണ്ടെടുക്കുന്നുള്ള ഏക പോംവഴി. ഫാസിസ്റ്റു ഭരണകൂടത്തോട് കാണിക്കുന്ന ഏതു വിട്ടുവീഴ്ചക്കും നാം കനത്ത വിലനൽകേണ്ടിവരും, തീർച്ച.