തലാ അൽ ബദ്റു അലൈനാ
മിൻ തനിയാത്തിൽ വദാ
വജബ ഷുക്രു അലൈനാ
മദാഅ ലില്ലാഹി ദാ അ

മദ്രസ വിദ്യാർത്ഥി ആയിരിക്കെ ഒട്ടേറെ മൗലിദ് പാരായണ സദസ്സുകളിൽ ഈ വരികൾ അർത്ഥം അറിയാതെ പാടിയിട്ടുണ്ട്. പിന്നീട് എത്രയോ വർഷങ്ങൾക്ക് ശേഷം മുസ്തഫ അക്കാദിന്റെ പ്രവാചകനെകുറിച്ചുള്ള സിനിമ കണ്ടപ്പോഴാണ് ഈ വരികളുടെ പശ്ചാതലം മനസ്സിലായത്.

മക്കയിൽനിന്ന് പലായനം ചെയ്തു മദീനയിലേക്ക് വരുന്ന പ്രവാചകന്റെ ഒട്ടകത്തിന്റെ നിഴൽ അകലെ മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രവാചകനെ എതിരെൽക്കാൻ കാത്തുനിന്ന മദീനയിലെ അൻസാറുകൾ പാടിയ സ്വാഗത ഗാനമാണിത്.

ഒരു പക്ഷെ ചരിത്രത്തിലെ ആദ്യത്തെ പ്രവാചക കീർത്തനവും ഇതായിരിക്കണം.
പിന്നീട് നൂറ്റാണ്ടുകളുടെ ചരിത്ര വഴികളിൽ ലോകത്തിലെ എല്ലാ ഭാഷകളിലും എണ്ണമറ്റ പ്രവാചക കീർത്തനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഇന്നും നെഞ്ചോട് ചേർത്ത് വെക്കുന്ന ഗാനമാണ് വിഖ്യാത ഗസൽ ഗായകൻ നുസ്രത് ഫതെഹ് അലിഖാൻ ഈണം നൽകി ആലപിച്ച തു കുജാ മൻ കുജാ എന്ന മനോഹരമായ ഗസൽ. അനേകം ഗസൽ ഗായകർ പാടി അനശ്വരമാക്കിയ ഈ ഗാനം പാടാത്ത ഒരു ഗസൽ പരിപാടിയും ഉണ്ടാവാറില്ല.
മുസഫ്ഫർ വാർസിയുടെ വരികൾക്ക് ഫാതെഹ് അലിഖാൻ തന്നെ ഈണം നൽകി 1986 ലാണ് ഗസൽ പ്രേമികളുടെ മനം കവർന്ന ഈ ഗാനം പുറത്തിറങ്ങിയത്.
തു കുജാ മൻ കുജാ
തു കുജാ മൻ കുജാ
തു അമീറെ ഹറം മേം ഫാകീറെ അജം…………