കാരശ്ശേരി മാഷിന്റെ വീക്ഷണങ്ങളോട് യോജിപ്പുള്ളത് കൊണ്ടല്ല പോസ്റ്റ് ഷെയർ ചെയ്തത്. അനുകൂലവും പ്രതികൂലവുമായ നിരൂപണങ്ങൾ ഇതിനു മുൻപും ഷെയർ ചെയ്തിട്ടുണ്ട്. മുസ്‌ലിം സമുദായം ഒരിക്കലും സിനിമക്ക് എതിരായിരുന്നില്ല എന്ന കാരശ്ശേരിയുടെ വാദം വസ്തുതാപരമായി തന്നെ തെറ്റാണ്. മുസ്‌ലിം സമുദായത്തിൽ മദ്യപിക്കുന്നവർ ധാരാളം ഉള്ളത് കൊണ്ട് മുസ്‌ലിംകൾ മദ്യത്തിന് എതിരല്ല എന്ന് വാദിക്കുന്നത് പോലെയാണ് ഇത്‌. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള, കേരളത്തിലെ ഒരു മുസ്‌ലിം സംഘടനയും ഇന്നും സിനിമയെ പൂർണ്ണമായി ഉൾക്കൊണ്ടിട്ടില്ല. പരിമികൾക്കുള്ളിൽ നിന്നുകൊണ്ട് ആ മാധ്യമത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ഔദ്യോഗികമായി ചർച്ച ചെയ്യാനെങ്കിലും തയ്യാറായത് ജമാഅത്തു മാത്രമാണ്. കലയും സംഗീതവും നാടകവുമൊക്കെ മത വേദികളിൽ ആദ്യമായി ഉപയോഗപ്പെടുത്തിയതും ജമാഅത്താണ്. അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് കലയെ ഉപയോപെടുത്തുമ്പോൾ മതത്തിന്റെ അതിർവരമ്പുകൾ ഭേദിക്കപ്പെടുമോ എന്ന ആശങ്ക ഒരു നിത്യ സാനിധ്യമായിരുന്നു. ഈ ആത്മ സംഘർഷമാണ് സിനിമയിലുടനീളം പ്രതിഫലിക്കുന്നത്. ‘പൊതു’വായ ഡയറക്ടറെ കാണാൻ പ്രസ്ഥാന പ്രവർത്തകർ ബാറിൽ കയറി ചെല്ലുന്ന ഒരു രംഗം സിനിമയിലുണ്ട്. അബദ്ധത്തിൽ പോലും മദ്യശാപ്പിന്റെ പരിസരത്ത് കാണപ്പെടാൻ ആഗ്രഹിക്കാത്തവരാണ് നിഷ്കുകളായ ജമാഅത്തുകാർ. പക്ഷെ സിനിമക്ക് വേണ്ടി അത് ചെയ്യേണ്ടി വരുന്നു. “തൗഫീഖ് സാഹിബെ, ഇവിടെ വെച്ച് നാം മരണപ്പെട്ടാൽ എന്തായിരിക്കും അവസ്ഥ”? എന്നാണ് റഹീം സാഹിബ്‌ ആശങ്കയോടെ ചോദിക്കുന്നത്. ഈ സംഘർഷമാണ് കലയെ സമീപിക്കുമ്പോൾ വിശ്വസിയായ ഒരു മുസ്‌ലിം അനുഭവിക്കുന്നത്. സിനിമയുടെ കാതലും ഇതാണ്. അല്ലാതെ മൗദൂദിയുടെ ഹുകുമത്തെ ഇലാഹിയോ ഇന്നത്തെ ജമാഅത്തിന്റെ മതേതരത്വ നിലപാടുകളോ ഒന്നും സിനിമയിൽ ചർച്ച ചെയ്യുന്നേ ഇല്ല. സന്ദേശം സിനിമയിൽ കമ്മ്യുണിസ്റ്കാരെ കണക്കിന് കളിയാക്കുന്ന പോലെ ജമാഅത്തിന്റെ സംഘടന നിയത്രണങ്ങളെയും വിധിവില ക്കുകളെയും കണക്കിന് കളിയാക്കുന്നുണ്ട് സകരിയ്യ. സിനിമ കണ്ടു ജമാഅത്തുകാർ സ്വയം മറന്നു ചിരിക്കുന്നുണ്ടെകിൽ സകരിയ്യ ലക്ഷ്യം കണ്ടു എന്നതാണ് സത്യം.