ഇസ്ലാമിക കർമ്മ ശാസ്ത്രത്തെ കുറിച്ചോ ശരിഅത്തിന്റെ പ്രയോഗവൽക്കരണത്തെ കുറിച്ചോ അഭിപ്രായം പറയാനുള്ള അവഗാഹം ആ വിഷയങ്ങളിൽ എനിക്കില്ല. എന്നാൽ അക്ഷരങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ഇസ്ലാമിക പ്രമാണ വായനയിൽ പന്തികേട് ഉണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. കാലാതിവർത്തിയായ ഒരു പ്രത്യയശാസ്ത്രവും ജീവിക്കുന്ന കാലത്തിന്റെ പ്രതിസന്ധികൾക്ക് ഉത്തരം നൽകാൻ കെല്പുള്ള ഒരു മൂല്യ സംഹിതയും ഇസ്ലാമിനുണ്ട്. വിശ്വാസിയുടെ പൂജാമുറിയിൽ മാത്രം ഒതുങ്ങുന്ന ഒരു മതത്തെകുറിച്ചു ഇസ്ലാം ഒരിക്കലും സംസാരിച്ചിട്ടില്ല. 
ആരാധനാ അനുഷ്ടാനങ്ങൾ കൊണ്ടുനടക്കാനും വിശ്വാസിക്ക് സ്വർഗം നേടാനുമുള്ള ഒരു ഏർപ്പാട് എന്നതിനപ്പുറം ഇസ്ലാമിനെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആരും ഒരാവർത്തി വായിച്ചിരിക്കേണ്ട പുസ്തകമാണ് അദർ ബുക്സ് പുറത്തിറക്കിയ താരിഖ് റമദാന്റെ ‘റാഡിക്കൽ റിഫോം, ഇസ്ലാം നൈതികത വിമോചനം എന്ന പുസ്തകം. 
ആധുനിക മതേതരത്വ ചിന്ത ആധിപത്യം പുലർത്തുന്ന യൂറോപ്യൻ സമൂഹത്തിനു മദ്ധ്യേ ഇസ്ലാമിന്റെ തനത് മൂല്യങ്ങളോട് നീതി പുലർത്തി എങ്ങനെ ജീവിക്കാം എന്നതാണ് റമദാന്റെ ചിന്തയുടെ കാതൽ. അദ്ദേഹം ജനിച്ചതും ജീവിക്കുന്നതും യുറോപ്പിലാണ്. അത് കൊണ്ട് തന്നെ പ്രാഥമികമായി അദ്ദേഹത്തിന്റെ പ്രേക്ഷകർ  യൂറോപ്യൻ മുസ്ലിംകളാണ്. പക്ഷെ, അതിരുകൾ അപ്രസക്തമായിക്കഴിഞ്ഞ ആധുനിക ലോകത്ത് ജീവിക്കുന്ന ഏതൊരു മുസ്ലിമും നേരിടുന്ന പ്രശ്ങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. 
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആനും ഹദീസും പൂർണ്ണമായി അംഗീകരിച്ചുകൊണ്ടുതന്നെ ഈ രണ്ടു സോതസ്സുകളെയും അധികരിച്ചു കാലാകാലങ്ങളായി രൂപം നൽകപ്പെട്ട വിധി പ്രസ്താവങ്ങൾ ആധുനിക കാലത്തിന്റെ പുതിയ സമസ്യകൾക്ക് ഉത്തരം നൽകാൻ കഴിയുന്ന വിധത്തിൽ പുനർ വായിക്കപ്പെടണം എന്നാണ് റമദാൻ വാദിക്കുന്നത്. ആധുനികതയോട് പിടിച്ചു നിൽക്കാനുള്ള വ്യഗ്രതയിൽ തട്ടിക്കൂട്ടുന്ന പരിഹാരങ്ങൾക്കുപരി അടിസ്ഥാനപരമായ ഒരു പുനർ വിചിന്തനം വേണം എന്നുകൂടി അദ്ദേഹം വാദിക്കുന്നു.
“ശാസ്ത്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പ്രശ്നങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അധികാരം മത പണ്ഡിതൻമാർക്കും പ്രമാണ വിദഗ്ധർക്കും മാത്രമായി വിറ്റുകൊടുക്കാൻ ഇനിമേൽ സാധിക്കുകയില്ല…. ഉന്നത നിലവാരത്തിൽ വിശേഷ പഠനം നടത്തിയിട്ടുള്ള വിദഗ്ധരുടെ പാണ്ഡിത്യത്തെ ആദരിച്ചും അംഗീകരിച്ചും മുന്നോട്ടു പോകുന്ന സാകല്യ സമീപനത്തിൽ കൂടി മാത്രമേ ആഗോളവും സുസന്ഘടിതവും വിമോചന പരവുമായ പരിഷ്കരണ ചിന്ത പ്രത്യക്ഷ മാവുകയുള്ളൂ,” എന്ന് റമദാൻ പറയുന്നു. 
എല്ലാറ്റിനെയും ‘ഇസ്ലാമിക’വൽക്കരിച്ചാൽ തീരുന്നതല്ല പ്രശ്നങ്ങൾ. ആചാരങ്ങൾക്കപ്പുറം മനുഷ്യ ജീവിതത്തിന്റെ ദൈനംദിന വ്യവഹാരങ്ങളിൽ ഇസ്ലാമിന്റെ മൂല്യങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതാണ് കാര്യം. ഹലാൽ മാംസത്തിന്റെ കാര്യത്തിൽ മുസ്ലിം സമൂഹം കാണിക്കുന്ന കണിശത ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജീവനുള്ള കാലത്ത് ഒരു മൃഗത്തോട് കാണിക്കേണ്ട ഇസ്ലാമിക പരിഗണനകളെക്കുറിച്ഛ് ഒട്ടും ബോധമില്ലാതിരിക്കുകയും അതിനെ അറുക്കുന്ന സമയത്ത് ബിസ്മി ചൊല്ലിയോ എന്ന കാര്യത്തിൽ കണിശത പുലർത്തുകയും ചെയ്യുന്ന കഥയില്ലായ്മയെയാണ് റമദാൻ ചോദ്യം ചെയ്യുന്നത്. സമാനായ ഉദാഹരണങ്ങൾ നമുക്ക് ചുറ്റും ധാരാളം കാണാൻ കഴിയും. 
നാം ജീവിക്കുന്ന സന്ദർഭത്തിന്റെയും പരിതസ്ഥിതിയുടെയും ചട്ടക്കൂട്ടിൽ വെച്ച് പ്രമാണങ്ങൾ വായിക്കപ്പെടണം എന്ന് റമദാൻ പറയുന്നു. ഇത്‌ ബഹുസ്വര സമൂഹങ്ങളിൽ ജീവിക്കുന്ന എല്ലാ മുസ്ലിംകളും നേരിടുന്ന വെല്ലുവിളിയാണ്. ഈ വെല്ലുവിളികളെ നേരിടണമെങ്കിൽ കിഴക്കും പടിഞ്ഞാറുമുള്ള ആധുനിക മുസ്ലിം ലോകം പരിഷ്കരണ പ്രക്രിയയുടെ നിബന്ധനകളെയും നടപടിക്രമങ്ങളെയും കുറിച്ച് പുനരാലോചന വേണമെന്നാണ് റമദാൻ വാദിക്കുന്നത്. പരിണാമമോ പരിഷ്കരണമോ ഇല്ലാതെ, ബുദ്ധിയുടെയും ധാരണയുടെയും നവീകരണവുമില്ലാതെ, കാലാന്തരത്തിൽ ഇസ്ലാമിക തത്വങ്ങളോട് സത്യസന്ധത പുലർത്താൻ സാധ്യമല്ല. 
വിഷയത്തിന്റെ സംഘീർണ്ണതയും ഗ്രന്ഥകാരന്റെ ഭാഷയുടെ കടുപ്പവും കാരണം എളുപ്പത്തിൽ വായിച്ചു പോകാവുന്ന കൃതി അല്ല ഇത്‌. പക്ഷെ വിഷയത്തെ ഗൗരവമായി കാണുന്നവരുടെ ചിന്തയെ പ്രകോപിപ്പിക്കാൻ ധാരാളം വകയുള്ളതാണ് കൃതി. ഇരുത്തം വന്ന പരിഭാഷകരുടെ മെയ്‌വഴക്കം വായനക്കാരന് വലിയ തുണയാകുന്നുണ്ട് എന്ന് പറയാതെ വയ്യ.