ഡൽഹിയിലേക്ക് തീവ്രവാദികളെ കടത്താനുള്ള ശ്രമത്തിനിടയിൽ പിടിയിലാലയ കശ്മീർ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ദവീന്ദർ സിംഗിന്റെ അറസ്റ്റിനു പിന്നിലെ നാടകങ്ങളെകുറിച്ച് ആയിടെ പുറത്തിറങ്ങിയ ഫ്രണ്ട്ലൈൻ വാരികയിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തൊട്ടുടനെ, കൊച്ചിയിൽ നടന്ന ഒരു ചടങ്ങിൽ വെച്ചാണ് ഫ്രണ്ട്ലെയ്‌ൻ എഡിറ്റർ വെങ്കടേഷ് രാമകൃഷ്ണനെ കണ്ടുമുട്ടിയത്. ആരാണ് കശ്മീരിലെ യഥാർത്ഥ തീവ്രവാദികൾ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി “കശ്മീരിൽ അവരവർക്ക് വേണ്ട തീവ്രവാദികളെ ഓരോരുത്തരും പോറ്റി വളർത്തുന്നു,” എന്നായിരുന്നു.

സുഹൃത്തും പത്രപ്രർത്തകനുമായ എ റഷീദുദ്ധീൻ എഴുതിയ ‘അതിർത്തിയിലെ മുൻതഹാ മരങ്ങൾ’ എന്ന പുസ്തകം വായിച്ചപ്പോഴാണ് വെങ്കടേഷ് പറഞ്ഞതിന്റെ പൊരുൾ പൂർണ്ണമായി പിടികിട്ടിയത്.മരണം പതിയിരിക്കുന്ന പെഷവാറിലെയും കറാച്ചിയിലെയും ശ്രീനഗറിലെയുമൊക്കെ ഊടുവഴികളിലൂടെ റഷീദ് നടത്തിയ യാത്രകളുടെ ആകെത്തുകയാണ് ഈ ഓർമ്മക്കുറിപ്പുകൾ.

മുഖ്യധാരാ മാധ്യമപ്രവർത്തകർ കയറിച്ചെല്ലാൻ മടിക്കുന്ന ഇടങ്ങളിൽ നേരിട്ട് ചെന്നും അപകടം പിടിച്ച മനുഷ്യരെ നേരിൽ കണ്ടുമൊക്കെ നടത്തിയ വാർത്താ ശേഖരണത്തിന്റെ അപൂർവ മാതൃകകൾ ഇതിൽ കാണാൻ കഴിയും. വസ്തുതാപരമായി ശരിയാണെങ്കിൽ പോലും മുഖ്യധാരാ മാധ്യമങ്ങളിൽ കാണാൻ കഴിയാത്ത പല അപ്രിയ സത്യങ്ങളും റഷീദ് വിവരിക്കുന്നുണ്ട്.

കശ്മീരിന്റെ ഡെമോഗ്രഫി മാറ്റിമറിക്കാൻ മോഡി ഭരണകൂടം നടത്തുന്ന കൊണ്ടുപിടിച്ച ശ്രമങ്ങൾ പുരോഗമിക്കുകയാണല്ലോ.എന്നാൽ വിഭജനത്തിനു തൊട്ടുപിറകെ 2,34, 000 മുസ്ലിംകളെ കാലപുരിക്കയച്ചുകൊണ്ട് മഹാരാജ ഹരിസിങ് അതിനു തുടക്കം കുറിച്ചിരുന്നു എന്നതാണ് സത്യം. ആട്ടിത്തെളിച്ചു കൊണ്ടുവന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിസ്സഹായരായ ഈ മനുഷ്യരെ ഹരിസിംഗിന്റെ സൈന്യം ആർ എസ് എസ്സിന് കൈമാറുകയായിരുന്നു. അവർ കൃത്യ നിർവ്വഹണം ‘ഭംഗിയായി’ നടത്തി. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ നരഹത്യ പക്ഷെ മാധ്യമങ്ങൾ മൂടിവെക്കുകയായിരുന്നുവെന്ന് വേദ് ഭാസിൻ എന്ന പത്രപ്രവർത്തകന്റെ പഠനത്തെ ഉദ്ധരിച്ചു റഷീദ് വിശദീകരിക്കുന്നുണ്ട്.

പിന്നീടങ്ങോട്ട് കശ്മീരിലെ ജനാധിപത്യ പോരാട്ടങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ഡൽഹി ഭരിച്ച എല്ലാ ഭരണകൂടങ്ങളും ശ്രമിച്ചിട്ടുണ്ടെന്ന് തെളിവുകൾ ഉദ്ധരിച്ചു റഷീദ് സമർത്ഥിക്കുന്നു.അതിർത്തിക്കപ്പുറത്ത് നിന്നുള്ള ഭീകരവാദത്തിന്റെയും കാശ്മീറിനകത്തെ ജനാധിപത്യ പോരാട്ടത്തിന്റെയും തിരിച്ച റിയാനാവാത്ത വിധം തേഞ്ഞു മാഞ്ഞ അതിർവരമ്പുകൾക്കകത്തു പൊലിഞ്ഞു വീണ മനുഷ്യ ജീവിതങ്ങളുടെ കഥ ആരുടേയും കണ്ണ് നനയിക്കും.

ഇതിന് പുറമെ, തീവ്രവാദികളും ഇന്ത്യൻ പട്ടാളവും വീടുകളിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പിന്നീട് അപ്രത്യക്ഷരായ പതിനായിരത്തിലധികം യുവാക്കൾ വേറെയുമുണ്ട്. മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇന്നും തീർച്ചപ്പെടുത്താൻ കഴിയാത്തവർ. ഇങ്ങനെ കാണാതായവരിൽ നല്ലൊരു ശതമാനവും പട്ടാള ബാരക്കുകളിൽ ക്രൂരമായ പീഢനങ്ങൾക്ക് ശേഷം കൊന്നു കുഴിച്ചു മൂടപ്പെടുകയായിരുന്നു. ഇങ്ങനെ ഇന്ത്യൻ പട്ടാളം ചവച്ചു തുപ്പിയ 235 മയ്യിത്തുകളെ സ്വന്തം കൈകൾകൊണ്ട് മറമാടിയിട്ടുണ്ടെന്ന് തുറന്ന് പറയുന്ന നിർഭാഗ്യവാനായ ഒരു മനുഷ്യനെയും റഷീദുദ്ധീൻ പരിചയപ്പെടുത്തുന്നുണ്ട്.”ശിക്ഷിക്കുന്നത് പോകട്ടെ, കൈയറപ്പ് തീരുവോളം പച്ച മനുഷ്യരെ കൊന്നു മുടിച്ച ആ കാലത്തിന്റെ ഹീറോകളിൽ പലരെയും ജാധിപത്യ ഇന്ത്യ സൈനിക മെഡലുകൾ നൽകി ആദരിച്ചിട്ടുണ്ട് എന്നതാണ് കൂടുതൽ ഭയാനകമായ സത്യം,” റഷീദ് എഴുതുന്നു.

ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളും തീവ്രവാദികളും രാഷ്ട്രീയക്കാരും ചേർന്ന് നടത്തുന്ന പൊറാട്ടു നാടകങ്ങളുടെ ലജ്ജിപ്പിക്കുന്ന ഒട്ടേറെ വിവരങ്ങളും ഗ്രൻഥകാരൻ പങ്കു വെക്കുന്നുണ്ട്. ഇത്തരമൊരു നാടകത്തിലെ പാളിപ്പോയ സീനായിരുന്നു ദവീന്ദർ സിംഗിന്റെ അറസ്ററ്റ് എന്നാണ് പറയപ്പെടുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുറ തെറ്റാതെ നടക്കാറുള്ള ഭീകരാക്രമണത്തിന് ആളെ കയറ്റുന്നതിനിടയിലാണ് ‘ദേശസ്നേഹിയായ’ ഈ പോലീസുകാരൻ അറസ്റ്റിലായത്.

തഞ്ചവും തരവും നോക്കി അതിർത്തിക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കും തീവ്രവാദികളെ കടത്തിവിട്ടും ആവശ്യമുള്ളപ്പോഴൊക്കെ ഭീകരവാദി ലേബലൊട്ടിച്ച് കൊന്നുതള്ളിയും കാഷ്മീരി നെ ‘ഇൻഡ്യയുടെ അവിഭാജ്യ ഘടകമാക്കുന്ന’ പ്രക്രിയ ഇന്നും അഭംഗുരം തുടരുകയാണ്. മഹാരാജ ഹരിസിംഗിന് വേണ്ടി അന്ന് പാട് പെട്ട് പണിയെടുത്ത അതേ ആർ എസ് എസ്സിന്റെ കയ്യിലാണ് ഇന്നു കശ്മീരിന്റെ കടിഞ്ഞാൺ എന്നത് പേടിപ്പെടുത്തുന്ന ഒരു യാതാർഥ്യമാണ്.കശ്മീർ പ്രശ്നം എന്നെന്നേക്കുമായി പരിഹ രിക്കാൻ 2014ൽ മോഡി തുടങ്ങിയ ശ്രമങ്ങൾ എല്ലാ ജനാധിപത്യ മര്യാദകളെയും ചതച്ചരച്ചു മുന്നേറുകയാണ്.നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ അതിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് കശ്മീർ തീവ്രവാദികൾക്ക് കിട്ടുന്ന ഫണ്ടിംഗ് തടയുക എന്നതായിരുന്നു. അത് ഒരു ഗംഭീര വിജയമായിരുന്നു എന്ന് തെളിഞ്ഞു കഴിഞ്ഞു! അടുത്ത ഒറ്റമൂലി ആർട്ടിക്കിൾ 370 പിൻവലിക്കൽ ആയിരുന്നു. ഒരു ജനതയെ മുഴുവൻ ബന്ദികളാക്കി നിർത്തി നടത്തിയ ആ സർജിക്കൽ സ്‌ട്രൈക് കശ്മീരികൾക്ക് എന്ത് നൽകി എന്ന് നാം കണ്ടു. വർഷങ്ങളായി കശ്‍മീരികൾ അനുഭവിക്കുന്ന ലോക്ഡൌൺന്റെ ‘സുഖം’ എന്താണെന്നു കൊറോണ നമുക്ക് കാണിച്ചു തരികയും ചെയ്തു.

ആർട്ടിക്ക്ൾ 370 പിൻവലിച്ച കഴിഞ്ഞ ഒരു വർഷത്തിനകം 150ൽ അധികം ‘തീവ്രവാദികൾ’ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. തിരശ്ശീലക്കു കനം കൂടിയത് കൊണ്ട് പുറത്ത് വരുന്ന കണക്കുകൾ യാഥാർത്യത്തിൽനിന്നു വിദൂരമാണെന്നു ന്യായമായും സംശയിക്കണം.നാല്പത് സൈനികരുടെ ജീവനെടുത്ത പുൽവാമ ദുരന്തത്തിന്റെ കാര്യത്തില്പോലും നാലാൾക്ക് ബോധ്യപ്പെടുന്ന ഒരു വിശദീകരണം ഇത്‌ വരെ ഉണ്ടായിട്ടില്ല. കൊട്ടിഘോഷിക്കപ്പെട്ട ബാലകോട്ട് സർജിക്കൽ സ്‌ട്രൈക്കിന്റെ കാര്യവും ഇത്‌ തന്നെ. ‘It could have probably destroyed a few rocks and trees’ എന്നാണ് പ്രശസ്ത പത്രപ്രവർത്തകൻ റോബർട്ട് ഫിസ്ക് അതിനെ കുറിച്ച് എഴുതിയത്.കശ്മീരിൽ സമാധാനം പുലർന്നുകാണാൻ ഇനി ഇത്‌ പോലെ എത്ര വീര കഥകൾ നാം കേൾക്കേണ്ടി വരും?…….