ആദ്യം ചർച്ചും പിന്നെ പള്ളിയും പിന്നെ മ്യുസിയവും വീണ്ടും പള്ളിയുമായി കൈമാറ്റം ചെയ്യപ്പെട്ട തുർക്കിയിലെ ഹഗിയ സോഫിയ വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും വാദങ്ങൾ നടക്കുകയാണ്. എർദുഗാനെ അനുകൂലിക്കുന്നവർ ഇത് ഇസ്ലാമിക നവജാഗരണത്തിന്റെ ആശാവഹമായ നേട്ടമായാണ് കാണുന്നത്. എതിർക്കുന്നവർക്ക് സംസ്കാരിക അധിനിവേശത്തിന്റെ ഇസ്ലാമിക് വേർഷനാണിത്.1453ൽ പള്ളിയാക്കി മാറ്റിയ കത്തീഡ്രൽ അക്കാലത്തു തന്നെ തുർക്കി സുൽത്താൻ വഖ്ഫ് സ്വത്തായി പ്രഖ്യാപിച്ചിരുന്നു. വഖ്ഫ് ചെയ്ത പള്ളി കമാൽ അതാതുർക്ക് മ്യുസിയമാക്കി മാറ്റിയത് ഇസ്ലാമിക ദൃഷ്ട്യാ ശരിയല്ല എന്ന വാദത്തിന്റെ പിൻബലത്തിലാണ് തുർക്കി കോടതി അതു വീണ്ടും പള്ളിയാക്കി മാറ്റാൻ അനുമതി നൽകിയത്. കത്തീഡ്രൽ വിലകൊടുത്തു വാങ്ങിയ ശേഷം വഖ്ഫ് ചെയ്തതാണ് എന്ന ഒരു വാദവും നില നിൽക്കുന്നുണ്ട്. മത-രാഷ്രീയ വൈരങ്ങൾക്കിടയിൽ തകർക്കപ്പെട്ട പഴയൊരു ചർച്ചിന്റെ സ്ഥാനത്താണ് ജസ്റ്റീനിയൻ ചക്രവർത്തി അതുവരെ ഉണ്ടായിരുന്ന ചർച്ചിനേക്കാൾ ഗംഭീരമായ മറ്റൊന്ന് പണിതത്. AD 532ലായിരുന്നു ഇത്. തന്റെ രാഷ്ട്രീയ മേധാവിത്വം സ്ഥാപിച്ചെടുക്കലായിരുന്നു ചക്രവർത്തിയുടെ ലക്ഷ്യം. പിന്നീട് ഓർത്തഡോൿസ്കളും റോമൻ കത്തോലിക്കരും കത്തീഡ്രൽ മാറി മാറി കൈവശം വെച്ച് പോന്നു. പൊതു ജീവിതത്തിൽനിന്ന് മതത്തെ പടികടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമാൽ അതാതുർക്ക് 1934ൽ പള്ളി മ്യുസിയമാക്കി മാറ്റിയത്.ജസ്റ്റീനിയൻ ചക്രവർത്തിയും അതാതുർക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ഹാഗിയ സോഫിയയിലൂടെ പ്രാതീകവൽക്കരിക്കുകയായിരുന്നു. ഉർദുഗാൻ ഇപ്പോൾ ചെയ്യുന്നതും അതു തന്നെയാണ്. ഉർദുഗാന്റെ നീക്കം നിയമപരമായി ശരിയും ധാർമികമായി തെറ്റുമായ ഒരു രാഷ്ട്രീയ നിലപാടാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതു മാത്രമാണ് ശരി എന്ന വാദം എനിക്കില്ല. കുറെ പേർ കൈയടിക്കുകയും കുറേപേർ കൂക്കി വിളിക്കുകയും ചെയ്യമെന്നു പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ഇങ്ങനെ പറയുന്നത്.ചരിത്രത്തിന്റെ ഒരു തനിയാവർത്തനം എന്നതിലുപരി ഇതിനു മതപരമായ മാനങ്ങളില്ല.