സംരക്ഷണ രാഷ്ട്രീയത്തിൽനിന്ന് അവകാശ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റമായിരുന്നു പോസ്റ്റ്‌ ബാബരി മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രധാന ദിശാ മാറ്റം. വരേണ്യ വർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് ബഹുജന പ്രസ്ഥാനങ്ങളിലേക്കുള്ള വളർച്ചയും ഈ മാറ്റത്തിന്റെ ഭാഗമായിരുന്നു. 2014 ന് ശേഷമുള്ള ഇന്ത്യൻ സാഹചര്യങ്ങൾ അത് കൂടുതൽ അനിവാര്യമാക്കുകയും ചെയ്തു. തൊണ്ണൂറുകൾ വരെ ആസൂതൃതമായി സംഘടിപ്പിക്കപ്പെട്ടുപോന്ന വർഗീയ കലാപങ്ങൾ ബി ജെ പി യുടെ ശക്തി സ്രോതസ്സായ മധ്യവർഗ്ഗത്തിന്റെ സാമ്പത്തിക താല്പര്യങ്ങക്ക് ഹാനികരമാവുന്നു എന്ന് തിരിച്ചറിഞ്ഞ്, മുസ്‌ലിം അപരവൽക്കരണത്തിന്റെ പുതിയ രീതികൾ സംഘപരിവാരം പരീക്ഷിക്കാൻ തുടങ്ങിയതും ഇക്കാലത്താണ്. നവസാമൂഹിക പ്രസ്ഥാനങ്ങളായ ആസ്സാമിലെ AIUDF, ഉത്തർ പ്രദേശിലെ പീസ് പാർട്ടി കേരളത്തിൽനിന്ന് ഉയർന്നു വന്ന വെൽഫെയർ പാർട്ടി, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, പി ഡി പി, പി എഫ് ഐ, എസ് ഡി പി ഐ തുടങ്ങിയ പ്രസ്ഥാനങ്ങൾ ഈ സാഹചര്യത്തിന്റെ ഉത്പന്നങ്ങളാണ്.

ഇതിൽ, ഇക്കഴിഞ്ഞ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ടു പാർട്ടികൾ SDPI യും വെൽഫെയർ പാർട്ടിയുമായിരുന്നു.

പക്ഷെ അവരുടെ രാഷ്ട്രീയ നിലപാടുകളെക്കാളേറെ, ‘തീവ്രവാദി’കളുടെയും ‘മതരാഷ്ട്ര വാദ’ക്കാരുടെയും രാഷ്ട്രീയ പാർട്ടികൾ എന്ന നിലക്കാണ് അവർ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. മുസ്‌ലിം ലീഗ് ചർച്ചക്ക് വിധേയമായതാവട്ടെ അവർ അധികാരത്തിലെത്തിയാൽ ഉണ്ടായേക്കാവുന്ന അമിതമായ സ്വാധീനത്തെക്കുറിച്ചുള്ള ഭയം മുൻ നിർത്തിയായിരുന്നു.

നവസാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചും അവരുയർത്തുന്ന രാഷ്ട്രീയത്തെ ക്കുറിച്ചും ഗഹനമായ പഠനങ്ങൾ വളരെ കുറച്ചേ നടന്നിട്ടുള്ളൂ. ഉള്ളത് സോഷ്യൽ മീഡിയ വിഴുപ്പലക്കൽ മാത്രമാണ്.

ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പഠനങ്ങളിലൊന്നാണ് ആരന്റ് എമ്മറിക്കിന്റെ ‘Islamic movements in India: Moderation and its discontent’ എന്ന പുസ്തകം.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായിരുന്ന എമ്മറിക്ക് അഞ്ച് വർഷമെടുത്ത് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ശാസ്ത്രീയ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് തന്റെ പഠനം നടത്തിയത്. പല അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിലും ഈ പഠനം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നിരോധനത്തിലുള്ള പി എഫ് ഐ, അവരുടെ രാഷ്ട്രീയ പാർട്ടിയായ SDPI എന്നീ സംഘടനകളെ കേന്ദ്രീകരിച്ചാണ് ഈ പഠനം നടന്നത്. സമുദായത്തിലെ ഏതാണ്ട് എല്ലാ മത രാഷ്ട്രീയ സംഘടനകളും ഭരണകൂട ഏജൻസികളും ഒരു പോലെ ‘തീവ്രവാദി’ സർട്ടിഫിക്കറ്റ് നൽകിയ ഒരു സംഘടനയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചപ്പോൾ നേരിട്ട ഗുരുതരമായ പ്രതി സന്ധികളെക്കുറിച്ച് അദ്ദേഹം വിശദമായി പറയുന്നുണ്ട്. സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലയിൽ പെട്ട ഒട്ടനേകം പേരെ നേരിൽ കണ്ടും സംഘടന നടത്തിയ ശക്തീകരണ പ്രവർത്തങ്ങൾ നേരിട്ട് നിരീക്ഷിച്ചും അവരുടെ നിലപാടുകളോട് വിയോജിപ്പുള്ള അനേകം പേരോട് വസ്തുതകൾ തിരക്കിയുമാണ് പഠനം പൂർത്തിയാക്കിയതെന്ന് എമ്മറിക്ക് പറയുന്നു. എമ്മറിക്കിന്റെ കണ്ടെത്തലു കളോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം.

ബാബരി തകർച്ച ഇന്ത്യൻ മുസ്ലിംകളിൽ ഉളവാക്കിയ ‘ഇമോഷണൽ ഇഞ്ചുറി’ യെക്കുറിച്ച് കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. ആഴത്തിലേറ്റ ആ മുറിവുണക്കാൻ പര്യാപ്തമായ ഒരു ശ്രമവും തുടർന്ന് വന്ന ഭരണകൂടങ്ങളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടുമില്ല. സച്ചാർ കമ്മിറ്റി റിപ്പോർട്ട് മാത്രമാണ് അപവാദം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സമുദായവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളുടെയും താഴ് വേര് ഈ അസംതൃപ്തിയാണെന്ന് എമ്മറിക്ക് വിശദീകരിക്കുന്നു.

രാഷ്ട്രീയ വിദ്യഭ്യാസവും നിയമ ശാക്തീകരണവുമാണ് പി എഫ് ഐ യുടെ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന്റെ കാതൽ എന്നാണ് എമ്മറിക്ക് നിരീക്ഷിക്കുന്നത്.

“The PFI’s emphasis on legal pragmatism can be regarded as part of a wider trend within Muslim citizenship politics and an outcome of a long dialectic process through which Muslims have learned to respond legally within the norms of civic protests and rightful resistance,” എമ്മറിക്ക് എഴുതുന്നു.

ഉത്തരേന്ത്യയിലും തെക്ക് കിഴക്കൻ സംസ്ഥാങ്ങളിലും പരമ ദരിദ്രരും നിരക്ഷരരുമായ ജനങ്ങൾക്കിടയിൽ നടത്തിയ വിദ്യാഭ്യാസ, നിയമ ബോധവൽക്കരണ പ്രവർത്തനങ്ങളെ അദ്ദേഹം വിശദമായി അവലോകനം ചെയ്യുന്നുണ്ട്. എന്നും ഭരണ കൂടത്തിന്റെയും പോലീസിന്റെയും ഇരകൾ മാത്രമാകാൻ വിധിക്കപ്പെട്ട സാധാരണ മനുഷ്യർക്ക് ഭരണഘടന പ്രകാരം ലഭിക്കേണ്ട സുരക്ഷ ഉറപ്പ് വരുത്താനും അതിക്രമം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാനും നടത്തിയ നിയമ പോരാട്ടങ്ങളാണ് സംഘടനയെ ജനകീയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് എന്നാണ് എമ്മറിക്ക് പറയുന്നത്.

വർഗീയ കലാപങ്ങൾക്ക് ഇരയായവർക്കും പ്രകൃതി ദുരന്തങ്ങളിൽ വഴിയാധാരമായവർക്കും സാഹയഹസ്തവുമായി ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന അനേകം വളണ്ടിയർമാരുമായി സംവദിച്ച അനുഭവം അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.

പള്ളികളിലും മദ്റസകളിലും തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്ത് ജീവിക്കുന്ന സമ്പ്രദായിക പണ്ഡിത സമൂഹത്തെ സാമൂഹിക ശക്തീകരണത്തിന്റെ ഭാഗമാക്കുന്നതിൽ സംഘടന വലിയ പങ്ക് വഹിച്ചു എന്നദ്ധേഹം രേഖപെടുത്തുന്നു.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളുമായി സംവദിക്കാനും അവരുടെ ആശങ്കകൾ പകർത്താനും മാത്രമായി ഒരു അധ്യായം തന്നെ ഗ്രന്ഥകാരൻ മാറ്റിവെച്ചിട്ടുണ്ട്. പഠനത്തിന്റെ ആധികാരികത ഉറപ്പ് വരുത്താൻ സെക്കണ്ടറി സോഴ്സ്കളെ ആശ്രയിക്കുന്നതിന് പകരം പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിച്ചും അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായ അനേകം പേരെ നേരിൽ കണ്ടുമാണ് പഠനം പൂർത്തി യാക്കിയതെന്ന് എമ്മറിക്ക് പറയുന്നു.

ഇഗ്ലണ്ടിലെ University of Hertfordshire ൽ സോഷ്യോളജി അധ്യാപകനാണ് എമ്മറിക്ക്.

മദ്രാസ്‌ IIT യിൽ സാമൂഹിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായ R Santhosh ഉം PhD വിദ്യാർത്ഥിയായ ദയാൽ പാലേരിയും ചേർന്ന് സമാനമായ മറ്റൊരു പഠനം നടത്തിയിട്ടുണ്ട്. “Use of extensive legal pragmatism and defensive ethinicization based on Islamic identity,” പി എഫ് ഐ യുടെ പ്രവർത്തന രീതി വിശദീകരിച്ചുകൊണ്ട് സന്തോഷ്‌ എഴുതുന്നു.

മുസ്‌ലിം ഐഡന്റിറ്റി നിലനിർത്തിക്കൊണ്ട് തന്നെ ലിബറൽ മതേതര ജനാധിപത്യ സംവിധാനത്തിന്റെ അകത്ത് നിന്ന് പ്രവർത്തിക്കുന്ന രീതിയാണ് സംഘടന സ്വീകരിച്ചിരിക്കുന്നതെന്നു അവർ വാദിക്കുന്നു. വെറും ഐഡന്റിറ്റി രാഷ്ട്രീയത്തിൽ നിന്ന് അവകാശ രാഷ്‌ടീയത്തിലേക്കും ശക്തീകരണത്തിലേക്കുമുള്ള മുസ്‌ലിം രാഷ്ട്രീയത്തിന്റെ ദിശമാറ്റം ഈ പഠനവും ശരിവെക്കുന്നുണ്ട്.

” Unlike the traditional Muslim political organisations, which use religious identity to claim the representation of the Muslim electoral constituency, we argue that the PFI restructures the relation between religion and politics in a specific, instrumental way in the drastically changed political landscape of contemporary India” എന്നാണ് സന്തോഷ്‌ നിരീക്ഷിക്കുന്നത്.

അതെസമയം PFI അടക്കമുള്ള സംഘടനകൾ, മുസ്‌ലിം സമുദായത്തിനകത്ത് നിലനിൽക്കുന്ന ജാതി, വർഗ്ഗ ഉച്ഛനീചത്വങ്ങൾക്കെതിരെ കണ്ണടക്കുകയാണ് ചെയ്യുന്നത് എന്ന വിമർശനവും ഈ പഠനം ഉയർത്തുന്നുണ്ട്.

Tags: ,