കേരള മുസ്ലിം നവോത്ഥാന ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നാണ് വക്കം അബ്ദുൽ ഖാദർ മൗലവിയുടേത്. ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ചവറ കുര്യാക്കോസ് അച്ഛനും വി ടി ഭട്ടതിരിപ്പാടുമൊക്കെ അതത് സമുദായങ്ങൾക്കകത്ത് നിർവഹിച്ച ദൗത്യം തന്നെയാണ് മൗലവിയും (1873-1932) മുസ്ലിംകൾക്കിടയിൽ നിർവഹിച്ചത്. ഈ ശ്രമങ്ങളെല്ലാം കേരളത്തെ ഒരു പുരോഗമന സമൂഹമായി മുന്നോട്ട് നയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.
പക്ഷെ കേരളീയ പൊതുസമൂഹം വക്കം മൗലവിയെ ഒരു ‘മുസ്ലിം’ പരിഷ്കാർത്താവ് മാത്രമായാണ് പൊതുവെ കണ്ടിട്ടുള്ളത്. ആകെയുള്ള ‘പൊതു’ഘടകം രാമകൃഷ്ണ പിള്ളയെ എഡിറ്ററാക്കി പുറത്തിറക്കിയ ‘സ്വദേശാഭിമാനി’ പത്രമായിരുന്നു. രാമകൃഷ്ണ പിള്ളയെന്ന ഒരു ‘മതേതര’ മുഖം ഇല്ലായിരുന്നെങ്കിൽ നമ്മുടെ പാഠ പുസ്തകങ്ങളിൽ വക്കംമൗലവി ഉണ്ടാവുമായിരുന്നോ എന്നത് സംശയകരമാണ്.
പക്ഷെ, ‘ഞങ്ങൾക്കുണ്ടാവുന്ന വല്ല ആപത്തുകളെയും ഭയന്ന് പൊതുജന സങ്കടങ്ങളെ ഞങ്ങൾ മറച്ചുവെക്കുന്നതല്ല” എന്ന ധീരമായ ആദ്യത്തെ എഡിറ്റോറിയൽ എഴുതുമ്പോൾ രാമകൃഷപ്പിള്ള പത്രത്തിന്റെ ഭാഗമായിരുന്നില്ല എന്ന സത്യം പലർക്കുമറിയില്ല.
വക്കം മൗലവിക്ക് മുമ്പ് സനാഉള്ള മക്തി തങ്ങൾ (1847-1912)പരിഷ്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ഏറ്റെടുക്കാൻ സംഘടനകൾ ഉണ്ടായില്ല. പക്ഷെ വക്കം മൗലവിയുടെ പിന്തുടർച്ച കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയി. ആധുനിക വിദ്യഭ്യാസത്തെയും യുക്തി ചിന്തയെയും പിന്തുണച്ചു കൊണ്ട് ഇസ്ലാഹി പ്രസ്ഥാനം നടത്തിയ പരിഷ്കരണ പ്രവർത്തനങ്ങളാണ് മതേതര ജനാധിപത്യ കേരളത്തിന്റെ മുഖ്യധാരയിൽ അഭിമാനർഹമായ ഇടം നേടിക്കൊടുക്കുന്നതിൽ മുസ്ലിംകളെ സഹായിച്ച പ്രധാന ഘടകങ്ങളിലൊന്ന് എന്നത് ചരിത്ര യഥാർഥ്യമാണ്.

ഈ വസ്തുത ലോക പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസെല്ലയും കരോലിൻ ഒസെല്ലയും കേരളീയ നവോത്ഥാത്തെ കുറിച്ചുള്ള പഠനത്തിൽ വ്യക്തമാക്കിയി ട്ടുണ്ട്. “Reform through the advancement of religious as well as secular education has been a central plank of the Mujahid reformist project since 1920s. (Islamic reform in South Asia, 2013. P 148)
പക്ഷെ തൊണ്ണൂറുകൾക്ക് ശേഷം, ‘അറേബ്യൻ ഇസ്ലാമി’നെ കേരളത്തിൽ കോപ്പി പേസ്റ്റ് ചെയ്ത്കൊണ്ട് ശക്തി പ്രാപിച്ച സലഫീ പ്രസ്ഥാനം, വക്കം മൗലവി മുന്നോട്ട് വെച്ച ഇസ്ലാമിക ചിന്താധാരയെ മുഴുവൻ റദ്ധ് ചെയ്യുന്ന തരത്തിലേക്ക് അധഃപതിച്ചു എന്നത് ഒരു വസ്തുതയാണ്.
സ്ഥല കാല ഭേദങ്ങൾ പരിഗണിക്കാതെ ഒരു പ്രതേക അച്ചിൽ സമുദായത്തെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ ‘കറകളഞ്ഞ’ ഏകദൈവ വിശ്വാസത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടുകയാണുണ്ടായത്. ഏത് സമൂഹത്തിലും കണ്ടേക്കാവുന്ന സ്വാഭാവിക വൈജാത്യങ്ങളെപ്പോലും തിരസ്കരിക്കുന്ന തരത്തിൽ ഈ നിലപാടുകൾ തരംതാഴുന്നതാണ് പിന്നീട് കേരളം കണ്ടത്.
‘ചുറ്റുമുള്ള അവസ്ഥകൾക്ക് യോജിക്കാത്ത വിധത്തിൽ ജീവിക്കുന്ന ഏതൊരു സമുദായവും ലോകത്തിൽ അഗണ്യകോടിയിൽ തള്ളപ്പെടുമെന്ന് ‘ വക്കം മൗലവി നൂറ് കൊല്ലം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് ഓർക്കുക.
മതത്തെ വെറും വിലക്കുകളുടെ സമാഹരമാക്കി മാറ്റിയ അക്കാലത്തെ മതപൗരോഹിത്യത്തെ അതിനിശിതമായി വിമർശിച്ച മൗലവിയുടെ നിലപാടുകൾ വളരെ കൃത്യമായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടവർ പക്ഷെ ആ വിലക്കുകൾക്ക് പുതിയ സൈദ്ധാ ന്ധിക വ്യാഖ്യാനങ്ങൾ നൽകി. ‘ഈദ് മുബാറക്കും’, ‘ഹാപ്പി ക്രിസ്മസും,’ ‘ഓണാശംസകളു’മൊക്കെ വിലക്കുകളുടെ കൂട്ടത്തിൽ എഴുതിച്ചേർ ക്കുകയാണ് യഥാർത്ഥത്തിൽ അറേബ്യൻ ഇസ്ലാം കേരളത്തിൽ ചെയ്തത്. കറുപ്പും വെളുപ്പും മാത്രമായി സമൂഹത്തെ കാണുകയും അതിനപ്പുറത്തുള്ളതൊക്കെ ‘ആദർശ വ്യത്യാന’മാണെന്നും വിലയിരുത്തപ്പെട്ടു.
സൂഫിസവും മതപരിഷ്കാരണവും ഇസ്ലാമിലെ രണ്ട് വിരുദ്ധ ധ്രുവങ്ങളാണെന്ന സലഫീ കാഴ്ചപ്പാട് വസ്തുതാ വിരുദ്ധമാണെന്ന് ഒസെല്ല അഭിപ്രായപ്പെടുന്നുണ്ട്. പക്ഷെ ‘ഇസ്ലാമിൽ സൂഫിസമില്ല’ എന്ന ഒറ്റവാക്കിലൊതുങ്ങുന്നു എല്ലാ ചർച്ചകളും എന്നാണ് ചിലരുടെ നിലപാട്. അത്തരം ബൈനറികൾക്ക പ്പുറത്താണ് സാമൂഹിക യഥാർഥ്യമെന്നാണ് ഒസെല്ല നിരീക്ഷിക്കുന്നത്.
സുന്നിയും മുജാഹിദും ജമാഅ ത്തുമായി സംഘടനകൾ വരച്ചിട്ട കള്ളികൾക്കുള്ളിൽ കഴിയാൻ വിസമ്മതിക്കുന്ന ‘വെറും മുസ്ലിം’കളുടെ എണ്ണം കൂടിവരികയാണെന്നും സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ ഈ വിഭാഗം വലിയ പങ്ക് വഹിച്ചേക്കുമെന്നുകൂടി ഒസെല്ല നിരീക്ഷിക്കുന്നുണ്ട്.
ശ്രദ്ധേയമായ വസ്തുത, ഒസെല്ല തന്റെ പഠനം പ്രസിദ്ധീകരിക്കുന്നത് 2013 ലാണ്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ സംഘടന വഴക്കുകളും വിഴുപ്പലക്കലുകളും കൂടിയിട്ടേ ഉളളൂ,
മാത്രമല്ല ഇതുവരെ സമുദായത്തി തിനകത്ത് മാത്രം ഒതുങ്ങിനിന്ന പടലപ്പി ണക്കങ്ങളിൽ ഇടത്, വലത് രാഷ്ട്രീയ കക്ഷികൾക്ക് താല്പര്യം കൂടിവരുന്നു എന്നത് കൂടി ശ്രദ്ധിക്കുക.
സമുദായ സംഘടനകൾ ആരുടെയൊക്കെയോ ചട്ടുകങ്ങളായി മാറുന്നുണ്ടോ എന്നത് ഗൗരവപ്പെട്ട പ്രശ്നമാണ്. രാഷ്ട്രീയ പാർട്ടികളുടെ മെയ് വഴക്കങ്ങളെ വായിച്ചെടുക്കുന്നതിൽ നാം എത്ര മാത്രം വിജയിച്ചട്ടുണ്ട് എന്നത് ആലോചിക്കേണ്ട വിഷയമാണ്.
ഇതുവരെ ആഖിറത്തിന് വേണ്ടിമാത്രം പണിയെടുത്തു പരിചയിച്ച സമുദായം ദുനിയാവിലെ രാഷ്ട്രീയത്തെക്കുറിച്ച് പഠിച്ച് വരുന്നല്ലേ ഉളളൂ!! പക്ഷെ നാം വൈകിയോടുന്നു എന്നതാണ് സത്യം. മതേതര ജനാധിപത്യ വ്യവസ്ഥിതിയെ താങ്ങി നിർത്തുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഇപ്പോഴും നമ്മുടെ പരിധിക്ക് പുറത്താണല്ലോ! സമുദായത്തിന് നിലവാരമുള്ള രാഷ്ട്രീയ വിദ്യാഭ്യാസം കൂടി വേണ്ടതുണ്ട് എന്ന് ഇനിയെങ്കിലും നാം അംഗീകരിക്കണം. അത് ‘ഇസ്ലാമിക രാഷ്ട്ര’ത്തിന് വേണ്ടി പണിയെടുക്കൽ മാത്രമല്ല, ജനധിപത്യ പ്രക്രിയയിൽ ഉത്തരവാദിത്തം നിർവഹിക്കൽ കൂടിയാണ്.
ജനാധിപത്യം തന്നെ വേണ്ടെന്ന് വാദി ക്കുന്നവർ അധികാരം കയ്യാളുന്ന കാലത്ത് ജനാധിപത്യ ഭരണഘടനയെ സംരക്ഷിക്കലും കൂടി ‘ദീനി’ പ്രവർത്തനമാണ്.
എഴുതാൻ ചുമരുകൾ ഇല്ലാതാകും മുമ്പ് കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കുകയും തിരുത്തലുകൾ വരുത്തുകയുമായിരിക്കും സമുദായത്തിന് ഗുണകരമവുക. തെറ്റുകൾ തിരുത്താൻ നാം തയ്യാറുണ്ടോ എന്നതാണ് മർമ്മപ്രധാന മായ ചോദ്യം. പക്ഷെ അത് ന്യായീകരിക്കരണ തൊഴിലാളികൾ നടത്തേണ്ട പണിയല്ല. അതിന്റെ വേദി സോഷ്യൽ മീഡിയയുമല്ല. കൃത്യമായ രാഷ്ട്രീയ വിദ്യഭ്യാസം നല്കപ്പെടുന്ന പരിശീലനക്കളരികളാണ് നമുക്ക് വേണ്ടത്. സമുദായത്തിന് അങ്ങനെ വല്ലതും ഉണ്ടോ എന്നതാണ് ചോദ്യം.
(ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘വക്കം മൗലവിയുടെ സമ്പൂർണ്ണ കൃതികൾ’ക്ക് കെ എം സീതി എഴുതിയ പ്രൗഢഗംഭീരമായ ആമുഖം വായിച്ചപ്പോൾ മനസ്സിലുയർന്ന ചിന്ത ളാണ് പകർത്തിയത്)
Tags: Mujahid, Philipo Osella, Salafism, Vakkom Moulavi