നാസി കോൺസൻട്രേഷൻ ക്യാമ്പുകളിലെ രക്തമുറഞ്ഞു പോകുന്ന ക്രൂരതകളെക്കുറിച്ച് ധാരാളമായി എഴുതപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ, പ്രസിദ്ധീകൃതമായി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ബെസ്റ്റ് സെല്ലർ ആയി തുടരുന്ന കൃതിയാണ് വിക്ടർ ഫ്രാങ്ക്ളിന്റെ ‘Man’s search for meaning’. ഇതിനകം 10 മില്യൺ കോപ്പികൾ വിറ്റഴിക്കപ്പെട്ട കൃതി, 52 ലോക ഭാഷലാളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മാനസികരോഗ വിദഗ്ധനായ ഫ്രാങ്ക്ൾ ഒരു തടവുകാരനായി ഓഷ്ചവിഷ് കോൺസൻട്രേഷൻ ക്യാമ്പിൽ കഴിച്ചു കൂട്ടിയ കാലത്തെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ മുഖ്യ പ്രമേയം. ക്യാമ്പിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കാളേറെ പുസ്തകം ശ്രദ്ധിക്കപ്പെട്ടത്, വിവരണാതീതമായ വേദനകൾക്കും നിരാശക്കുമിടയിൽ മരണം മാത്രം പ്രതീക്ഷിച്ച് കഴിയുമ്പോഴും ജീവിതത്തിന് അർത്ഥവും ലക്ഷ്യവും കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ്. ആ ശ്രമങ്ങൾ പിന്നീട്, ആഫ്രിക്കൻ ഇതിഹാസം നെൽസൺ മണ്ടേലയടക്കം ലോകത്ത് ലക്ഷക്കണക്കിനു മനുഷ്യരിൽ വളരെ വലിയ സ്വാധീനം ചെലുത്തി.
ജീവിക്കാനുള്ള കാരണം കണ്ടെത്തലാണ് പ്രതിസന്ധികളെ നേരിടാനുള്ള ഫലപ്രദമായ വഴി എന്നാണ് ഫ്രാങ്ക്ൾ പറയുന്നത്.
ജീവിക്കാൻ ഓരോരുത്തർക്കും അവരുടേതായ കാരണങ്ങൾ കണ്ടേക്കാം. അത് പ്രണയമാവാം, കുടുംബമാവാം, ചെയ്ത് തീർക്കേണ്ട ഉത്തരവാദിത്വമാകാം, അങ്ങനെ പലതും…..
പ്രതിസന്ധികൾ നേരിടാത്ത മനുഷ്യരില്ല. പ്രതിസന്ധികളിൽ ഇടറിവീഴാതെ മുന്നേറുന്നവർക്കേ സാർത്ഥകമായ ജീവിതം നയിക്കാൻ കഴിയൂ.
മനുഷ്യന്റെ പ്രാഥമികമായ ത്വര സന്തോഷമല്ലെന്നും ജീവിതത്തിന്റെ അർത്ഥം തേടലാണെന്നും അദ്ദേഹം പറയുന്നു. പ്രതിസന്ധികളല്ല, പ്രതിസന്ധികളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം.
Everything can be taken from a man but one thing: the last of the human freedoms- to choose one’s attitude in any given set of circumstances, to choose one’s own way”.
It’s is this spiritual freedom-which cannot be taken away- that makes life meaningful and purposeful.
If there is a meaning in life at all, then there must be a meaning in suffering. Suffering is an incredible part of life, even as fate and death. Without suffering and death human life cannot be complete… ഫ്രാങ്ക്ൾ എഴുതുന്നു.
ലോഗോ തെറാപ്പി എന്ന ഒരു സവിശേഷ ചികിത്സാ രീതിയും അദ്ദേഹം വികസിപ്പിച്ചെടുത്തു. ആ ഭാഗം വിശദീകരിക്കുന്നേടത്ത് അദ്ദേഹം ഇങ്ങനെ ചോദിക്കുന്നുണ്ട്, “Are you sure that the human world is a terminal point in the evolution of the cosmos? Is it not conceivable that there is still another dimension, a world beyond man’s world, a world in which the question of an ultimate meaning of human suffering would find an answer?”

ഇസ്ലാം വിശ്വാസിയുടെ ജീവിതത്തിന് കൃത്യമായ ലക്ഷ്യവും മാർഗ്ഗവും നിർണ്ണയിച്ചിട്ടുണ്ട്. അത് കേവല യുക്തികൊണ്ട് അളക്കാവുന്നതല്ല, ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ വെച്ച് വിലയിരുത്തനുമാവില്ല.
മനുഷ്യൻ ദുർബലനായാണ് സൃഷ്ടി ക്കപ്പെട്ടിരിക്കുന്നത് എന്ന് ഖുർആൻ പറയുന്നു (4:28), ഒരാളോടും അയാളുടെ കഴിവിനപ്പുറമുള്ള കാര്യങ്ങൾ ആവശ്യപ്പെടില്ലെന്നും(2:286). പക്ഷെ പരീക്ഷിക്കപ്പെടാതെ ഒരാളും കടന്നു പോകില്ലെന്ന് കൂടി ഖുർആൻ ഓർമ്മപ്പെടുത്തുന്നു(2:155).
വിശ്വസിയുടെ ‘ജീവിതം എത്ര അത്ഭുതകരമാണ്’ എന്ന് ഒരു പ്രവാചക വചനമുണ്ട്. മോഹങ്ങൾ പൂവണിയുമ്പോൾ അവൻ സൃഷ്ടാവിന് നന്ദി പറയുന്നു. പരാജയങ്ങൾ നേരിടുമ്പോൾ അതിന് പിന്നിൽ ദൈവിക യുക്തിയുണ്ട് എന്ന് സമാധാനിക്കുന്നു.
മനുഷ്യ ജീവൻ അമൂല്യമാണെന്ന് ഖുർആൻ അടിക്കടി ഓർമിപ്പിക്കുന്നു. അകാരണമായി അത് ഹനിക്കപ്പെടുന്നത് കൊടിയ പാപമാണെന്നും.
പ്രാർത്ഥനയും പ്രവർത്തനവുമാണ് ഇസ്ലാം കർമ്മ മാർഗമായി നിശ്ചയിക്കുന്നത്. അതിന്റെ ഗുണ ഫലങ്ങൾ പൂർണ്ണമായി ഈ ജീവിതത്തിൽ അനുഭവിക്കാൻ കഴിയണമെന്നില്ല. മരണനാനന്തരം ഒരു ജീവിതമുണ്ടെന്നും അവിടെ നിഷ്ക്രിഷ്ഠമായ നീതി നടപ്പിലാക്കപ്പെടുമെന്നുമുള്ള വിശ്വാസം ഇസ്ലാമിന്റെ മൗലിക പ്രമാണമാണ്. അതിനാൽ ഈ ലോകത്തെ വേദനകളിൽ അതിരുവിട്ട് വേവേലാതിപ്പെടരുതെന്ന് ഇസ്ലാം വിശ്വസിയോട് കൽപ്പിക്കുന്നു.
ഏകാന്ത നിമിഷങ്ങളിൽ ദൈവത്തിനു മുമ്പിൽ ഭാരങ്ങൾ ഇറക്കി വെക്കുന്ന അനുഭവം ഒരു വിശ്വാസിക്ക് മാത്രം അവകാശപ്പെട്ടതാണ്. മതത്തിന്റെ മെക്കട്ട് കയറുന്നവർക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല. ലബോറട്ടറിയിൽ പരീക്ഷിച്ച് അത് തെളിയിക്കാനുമാവില്ല.
തത്വങ്ങൾ മനോഹരമാണ്. പക്ഷെ പ്രയോഗതലത്തിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. നിരന്തരമായ പരിശ്രമവും അസാമാന്യ ക്ഷമയുംകൊണ്ടേ ഇതൊക്കെ സാധ്യമാവൂ. അതിനെയാണ് ഖുർആൻ ‘സ്വബ്റുൻ ജമീൽ’ എന്ന് വിശേഷിപ്പിക്കുന്നത്.
ഈയിടെ വാർത്താ പ്രാധാന്യം നേടിയ ചില ആത്മഹത്യകളെക്കുറിച്ച് വായിച്ചപ്പോഴാണ് മുമ്പെങ്ങോ വായിച്ച ഫ്രാങ്ക്ളിന്റെ പുസ്തകം വീണ്ടും വായിച്ചത്.