പാതിരാത്രി ജോലി കഴിഞ്ഞ് ഫെയ്‌സ് ബുക്ക് പരതുമ്പോഴാണ് പുതുവൈപ് ബീച്ചിൽ ഞണ്ടുണ്ണി (Crab plover) യെ കണ്ടെത്തിയെന്ന് പ്രഖ്യാപിച്ച് മനോഹരമായ ചിത്രം സുഹൃത്ത് പോസ്റ്റ് ചെയ്ത് കണ്ടത്. അസൂയ മൂത്ത ഞാൻ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ച് അതിരാവിലെ തന്നെ പടക്കോപ്പെടുത്ത് പുറത്തിറങ്ങി.

പക്ഷെ അവിടയാകെ അരിച്ചു പെറുക്കിയും മഷിയിട്ടു നോക്കിയും ശ്രമിച്ചിട്ടും അങ്ങനെ ഒരാളെ അവിടെ കണ്ടെത്താനായില്ല. നിരാശയെന്ന വാക്ക് നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തത് കാരണം മുമ്പിൽ മറ്റു വഴികളൊന്നും ഇല്ലായിരുന്നു…. ഇനി വീണത് വിദ്യയാക്കുക തന്നെ.

അപ്പോഴാണ് ഈ മത്സ്യത്തൊഴിലാളികളെ കണ്ടത്. കടലിൽ വലവീശുന്ന കുറച്ചു ചിത്രങ്ങൾ എടുക്കാമെന്ന് കരുതിയാണ് കൂടെ കൂടിയത്. പക്ഷെ ഇവരും ഇര പിടിക്കുന്നത് പക്ഷികളെപ്പോലെയാണ് എന്ന് പിന്നീടാണ് മനസ്സിലായത്!

ആർത്തലച്ചു വരുന്ന തിരമാലകൾ ക്കിടയിൽ ഒരു മിന്നായം പോലെ പ്രത്യക്ഷപ്പെടുന്ന മീനുകളെ സൂക്ഷ്മ നിരീക്ഷണം നടത്തി തക്കത്തിന് വലയെറിഞ്ഞാണ് ഇവർ മീൻ പിടിക്കുന്നത്. മരീചിക പോലെ അകന്നകന്നു പോകുന്ന മത്സ്യത്തെ വലയെറിഞ്ഞു പിടിക്കുന്ന ഒരു ഫ്രയ് മിന് വേണ്ടി ഒരു മണിക്കൂറിലേറെ നേരം കാത്തിരിക്കേണ്ടി വന്നു.

തീരത്തെ തഴുകി തിരിച്ചു പോവുന്ന തിരമാലകൾ മണലിൽ ബാക്കിയാക്കുന്ന ഒരു നിഴൽ ചിത്രത്തിന് വേണ്ടി ഓളങ്ങളോട് ഒളിച്ചുകളി നടത്തേണ്ടി വന്നു പിന്നെയും ഒരുപാടു നേരം. ഓരോ തവണ ക്ലിക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴേക്കും അടുത്ത തിര വന്ന് ആ ചിത്രം മായ്ച്ചു കഴിഞ്ഞിരിക്കും. കുറേ നേരത്തെ ശ്രമത്തിന് ശേഷം അങ്ങനെയും കുറെ ചിത്രങ്ങൾ കിട്ടി.

എല്ലാം ഒന്നടങ്ങിയപ്പോൾ എന്റെ കാമറയല്ലാത്തതെല്ലാം ഉപ്പ് വെള്ളത്തിൽ നനഞ്ഞു കുതിർന്നിരുന്നു, ആഹ്ലാദാതിരേകത്താൽ എന്റെ മനസ്സും……




