വർഷങ്ങൾക്ക് മുമ്പ് ഒരു ഇംഗ്ലീഷ് മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നാണ് ‘സൽമ’യെ പറ്റി ആദ്യമായി കേൾക്കുന്നത്. കലയോ സാഹിത്യമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു സാധാരണ തമിഴ് മുസ്‌ലിം കുടുംബത്തിൽ നിന്ന് എഴുത്തിന്റെ ലോക വേദികളിലേക്ക് ചിറ കടിച്ചുയർന്ന ഒരു മുസ്‌ലിം പെൺകുട്ടിയെക്കുറിച്ചുള്ള ത്രസിപ്പിക്കുന്ന കഥയായിരുന്നു അത്.
അന്ന് ഞാൻ വിദ്യാർത്ഥിയാണ്. പിന്നീട്, രണ്ട് പതിറ്റാണ്ടിന് ശേഷം ചെന്നൈയിലെ ഫ്ലാറ്റിൽ വെച്ച് സൽമയുമായി സംസാരിക്കുമ്പോൾ ഞാൻ ഒരു പത്രപ്രവർത്തകനായി പരിണാമം പ്രാപിച്ചിരുന്നു, തലയെടുപ്പുള്ള എഴുത്തുകാരിയും രാഷ്ട്രീയ നേതാവുമായി സൽമയും.
ഒരു ബ്രിട്ടീഷ് ഫിലിം ഡയറക്ടർ സൽമയെക്കുറിച്ചു തയ്യാറാക്കിയ ഡോക്യൂമെന്ററി ഫിലിം എതിർപ്പുകൾകാരണം സ്വന്തം നാട്ടിൽ പോലും റിലീസ് ചെയ്യാൻ സാധിക്കുന്നില്ലെന്ന വിവരം അറിഞ്ഞാണ് ഞാൻ സൽമയെ തേടി ചെന്നത്. റിലീസ് ചെയ്യപ്പെട്ടിട്ടില്ലാത്ത ആ ഫിലിമിന്റെ സി ഡി അന്ന് അവർ എന്നെ വിശ്വസിച്ചേല്പിച്ചു, കണ്ട് ഉടനെ തിരിച്ചേല്പിക്കണമെന്ന വ്യവസ്ഥയിൽ. അങ്ങനെയാണ് സൽമ എന്ന എഴുത്തുകാരിയെ അടുത്തറിഞ്ഞത്. രണ്ട് ദിവസം അവരോട് സുദീർഘമായി സംസാരിച്ച ശേഷം അന്ന് ഒരു കുറിപ്പ് എഴുതിയിരുന്നു.
ഈയിടെ DMK യുടെ രാജ്യസഭ എം പി യായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ ഡൽഹിയിൽ ‘വോട്ട് ചോരി’ പ്രതിഷേധത്തിന്റെ മുന്നിൽ അവരെ കണ്ടപ്പോഴാണ് വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചത്. സൽമയുടെ കവിതാ സമാഹാരത്തിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷയും ഈയിടെ പുറത്തിറങ്ങി എന്നറിഞ്ഞപ്പോൾ വീണ്ടും അവരെക്കുറിച്ചെഴുതണമെന്ന് തോന്നി.
വരാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലും എന്നോട് സംസാരിക്കാൻ അവർ സന്മനസ്സ് കാട്ടി. അനുഭവങ്ങൾ പങ്ക് വെച്ചു. സൽമയുടെ സാഹിത്യ ജീവിതത്തിലൂടെയുള്ള ഒരു ചെറിയ യാത്രയാണ് ഈ കുറിപ്പ്.
