പടിഞ്ഞാറിന്റെ അകത്തളങ്ങളിൽ ഇസ്‌ലാം വീണ്ടും ചർച്ചയാവുകയാണ്. തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ക്ഷമാപണ സ്വരത്തിലല്ലാതെ സംസാരിക്കാൻ തന്റേടമുള്ള നേതാക്കൾ ഒന്നിന് പുറകെ ഒന്നായി ഉയർന്നു വരുന്നു. കറുത്തവനെയും വെളുത്തവനെയും ആണിനെയും പെണ്ണിനേയും ട്രാൻസ്‌ജെണ്ടറുകളെ യുമൊക്കെ ഒരു പോലെ ഉൾകൊള്ളാൻ ഇസ്‌ലാം തങ്ങളെ പ്രാപ്തരാക്കുന്നു എന്ന് സധൈര്യം വിളിച്ചു പറയുന്നവർ.
“മേയർ മംദാനിയും ഞാനും എല്ലാ കാര്യങ്ങളിലും യോജിക്കുന്നില്ലായിരിക്കാം. ഞങ്ങളുടെ നഗരങ്ങൾ നേരിടുന്ന വെല്ലുവിളികൾ സമാനമാണ്, പക്ഷേ അവ ഒന്നല്ല. എന്നിരുന്നാലും, നയപരമായ വ്യത്യാസങ്ങൾ മാറ്റിവെക്കുക, ഞങ്ങൾ കൂടുതൽ അടിസ്ഥാനപരമായ ഒന്നിനാൽ ഒന്നിക്കപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാണ്: മനുഷ്യരുടെ ജീവിതത്തെ മികച്ചതാക്കാൻ രാഷ്ട്രീയത്തിന് കഴിയുമെന്ന ഞങ്ങളുടെ വിശ്വാസം,” മം ദാനിയെ അനുമോദിച്ചുകൊണ്ട് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞ വാക്കുകകളാണിത്.

യാദൃശ്ചികതയായിരിക്കാം, ലോകമൊ ന്നാകെ ന്യൂയോർക്കിലേക്ക് നോക്കി നിന്നപ്പോൾ, ഞാൻ വായിച്ചുകൊണ്ടിരുന്നത് മുഹമ്മദ് ശമീമിന്റെ ‘അന്ദലൂസ്യൻ പ്രതിധ്വനികൾ’ എന്ന പുസ്‌തകമായിരുന്നു. ഇസ് ലാ മിനെ പശ്ചാത്യ സാഹിത്യത്തിലെ സർഗാത്‌മക രസത്വരകങ്ങളിലൊന്നായി സ്ഥാനപ്പെടുത്തുന്ന ഈ കൃതി അസാധാരണമായൊരു സാഹിത്യന്വേഷണമാണെന്ന് അവതാ രികയിൽ ഡോ പി കെ രാജശേഖരൻ വിശേഷിപ്പിക്കുന്നുണ്ട്.
പശ്ചാത്യൻ സാഹിത്യത്തിൽ ഇസ് ലാ മിന്റെ സ്വാധീനമാണ് കൃതിയുടെ പ്രമേയം. ജർമ്മൻ കവിയും നോവലിസ്റ്റുമായ ഗ്വെയ്ഥെയുടെ രചനകളെ വിശദീകരിച്ചുകൊണ്ട് ഗ്രന്ഥകാരൻ ഇങ്ങനെ എഴുതുന്നു, “പശ്ചാത്യലോകത്ത് മുസ്‌ലിം പാരമ്പര്യത്തെപ്പറ്റി നിലനിന്നിരുന്ന ധാരണകളെ യഥാർത്ഥ വസ്തുതകൾക്കൊണ്ട്
പ്രതിരോധിക്കുകകൂടിയാണ് കവി ചെയ്യുന്നത്. പെണ്ണിനോടും മണ്ണിനോടും കാർക്കശ്യം പുലർത്തുകയും ഒട്ടും അയവോ കാല്പനികതയോ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഉർവര ദർശനവും ഉഷ്ണ വിശ്വാസവുമാണ് ഇസ്‌ലാം എന്നാണല്ലോ പൊതുവെയുള്ള പശ്ചാത്യ, ആധുനിക ധാരണ. പശ്ചാത്യ ലോകത്തിന്റെ അഭിരുചികൾ ഭൗതിക മാത്രമാണെന്നാണ് കവിയുടെ തിരിച്ചറിവ്. കിഴക്കിന്റെ മൂല്യങ്ങൾ അതിനെ ശുദ്ധീകരിക്കും എന്ന് ഗ്വെയ്ഥെ വിശ്വസിച്ചു.”
വിക്ടർ യൂഗോയുടെ ‘പാവങ്ങ’ളിൽ ഖുർആനികം എന്നോ ഇസ്ലാമികം എന്നോ പ്രത്യേകമായി വിശേഷിപ്പിക്കാവുന്ന ഒന്നുമില്ല. പക്ഷെ, മാനുഷികമായ എല്ലാ ചിന്തകൾക്കും മൂല്യങ്ങൾക്കും ഖുർആന്റെ പിന്തുണ യുണ്ടാവും എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ‘പാവങ്ങൾ’ എന്ന വിഖ്യാത നോവലിനെക്കുറിച്ചുള്ള വിശദമായ നിരീക്ഷണങ്ങൾ ശമീം അവതരിപ്പിക്കുന്നത്.
യൂഗോയുടെ L’ Islam എന്ന കവിതയെ പരിചയപ്പെടുത്തി അദ്ദേഹം എഴുതുന്നു, “ഒരു സാർവലൗകിക മാനവിക കാഴചപ്പാടിൽ നിന്നുകൊണ്ട് അന്നത്തെ ഇസ്‌ലാം വിരുദ്ധ മാധ്യമ കോലാഹലങ്ങളെ പ്രതിരോധിക്കുക കൂടിയായിരുന്നു അദ്ദേഹം. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, കൃത്യമായും ഇസ്ലാംഫോബിയ ക്കെതിരായ പ്രതിരോധം തന്നെ.”
ഇസ്ലാമിനെയും പ്രവാചകനെയും പ്രമേയമാക്കി യുഗോ രചിച്ച കവിതകളുടെ വിശദമായ പഠനം പുസ്തകത്തിലുണ്ട്. ഈ കവിതകളിൽ സംസ്കാരങ്ങളെ ഒരുമിപ്പിക്കുന്ന ഒരു പാതയായി ഇസ് ലാം വർത്തിക്കുന്നു എന്ന് ശമീം നിരീക്ഷിക്കുന്നു.
ഇസ്‌ലാമിക ദർശനവും മൂല്യങ്ങളും, മുസ്‌ലിം ചരിത്രവും പാരമ്പര്യവും, സൂഫി ആധ്യാത്മികതയുമായൊക്കെ നിരന്തരം സംവദിച്ച ഒരു സന്ദേഹിയായ എഴുത്തുകാരനായിരുന്നു ബോർഹസ് എന്നാണ് സ്പാനിഷ് ചെറുകഥാകൃത്തും കവിയുമായിരുന്ന ഹോർഹെ ലൂയി ബോർഹസിനെ പരിചയപ്പെടുത്തുന്നത്.
അമേരിക്കൻ സാഹിത്യകാരനായ എഡ്ഗർ അലൻ പോയുടെ ഏറ്റവും വലിയ കവിതയുടെ തലക്കെട്ട് ഖുർആനിലെ ഒരു അധ്യായത്തിന്റെ പേരാണ് ‘അൽ അഅറാഫ്’.
“കാത്തിരിപ്പിന്റെയും സാധ്യതയുടെയും ഇടമാണ് ഖുർആനിലെ അൽ അഅ റാഫ്. പോയുടെ ചിന്തകളിലാവട്ടെ, അത് ഭൗമികസ്തിത്വവും ശാശ്വത
സൗന്ദര്യത്തിനായുള്ള അഭിലാഷവും തമ്മിലുള്ള സംഘർഷത്തിന്റെ രൂപകവുമാണ്. ഖുർആനിൽ നിന്ന്അഅറാഫ് എന്ന ആശയം കടമെടുക്കുകയും അതിനെ പുനർ വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ട് ഈ വൈരുധ്യങ്ങൾക്കിടയിലൊരു സേതുബന്ധമുണ്ടാക്കുകയാണ് അദ്ദേഹം,” ഗ്രന്ഥകാരൻ
വിശദീകരിക്കുന്നു.
റഷ്യൻ പൊതു ബോധത്തിൽ നിലനിന്നിരുന്ന ഇസ്‌ലാം സംബന്ധമായ നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളെ പുഷ്‌കിനും ബുനിനും തങ്ങളുടെ രചനകളിലൂടെ വെല്ലുവിളിച്ചുവെന്നും ശമീം നിരീക്ഷിക്കുന്നു.
ഇസ് ലാമിനെയും പടിഞ്ഞാറിനെയും അപരിഹാര്യമായ സംഘർഷങ്ങളുടെ ഒരു ബൈനറി ആയി സങ്കല്പിക്കുന്നതിന് പകരം നാഗരികതകൾ തമ്മിലുള്ള പരസ്പര്യത്തിന്റെ ഇടങ്ങളാണ് പുസ്തകം അന്വേഷിക്കുന്നത്.
ശമീം ഇങ്ങനെ ഒരു പുസ്തകം എഴുതിയത് അപ്രതീക്ഷിതമല്ല.
‘കിതാബും സുന്നത്തും’ പഠിച്ച് ദീൻ പറയുകയും പ്രസംഗിക്കുകയും ചെയ്യുന്ന സാമ്പ്രദായിക മുസ്‌ലിം പണ്ഡിതന്റെ കളത്തിന് പുറത്താണ് ശമീം നിലയുറപ്പിച്ചിട്ടുള്ളത്. ഖുർആനിനെ അഗാധമായി പഠിക്കുകയും കാലികമായി വിശദീകരിക്കുകയും ചെയ്യുന്ന പണ്ഡിതനാണ് അദ്ദേഹം. അതേ ഗൗരവത്തോടെ കലയെയും സംസ്കാരത്തെയും സിനിമയെയുമൊക്ക മനസ്സിലാക്കാൻ ശ്രമിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ ആഴമുള്ള സിനിമാ നിരൂപണങ്ങൾക്ക് പകരം വെക്കാൻ കേരളീയ മുസ്‌ലിം പണ്ഡിത ലോകത്ത് വേറെ ഇല്ലെന്ന് തന്നെ പറയാം.
സംഘർഷങ്ങളുടെ ലോകത്ത് മംദാനിയുടെ വിജയം വലിയ പ്രതീക്ഷകൾ ഉയർത്തുന്നു എന്നാണ് സാദിഖ് ഖാൻ പറയുന്നത്. മലയാള സാഹിത്യ ലോകത്ത് ശമീമിന്റെ പഠനം പ്രതീക്ഷയുടെ ഒരു പുതിയ കാൽവെപ്പാണെന്ന് തീർച്ചയായും പറയാം.