ഡോ: സ്റ്റാൻലി ജോണിയെ നേരിട്ട് പരിചയമില്ല. ‘ദ ഹിന്ദു’ പത്രത്തിന്റെ ഡിപ്ലോമാറ്റിക് എഡിറ്ററായ അദ്ദേഹത്തിന്റെ കുറിപ്പുകൾ വായിക്കാറുണ്ടെന്ന് മാത്രം. ഈയിടെ, ഗസ്സ യുദ്ധത്തിന്റെ പശ്ചാതലത്തിൽ അദ്ദേഹം രചിച്ച ‘The original sin’ എന്ന പുസ്തകം വായിച്ച ശേഷം സ്റ്റാൻലിയുടെ വാക്കുകൾ ഞാൻ സാകൂതം ശ്രദ്ധിക്കാറുണ്ട്.

അറിവിന്റെയും നേരിട്ടുള്ള റിപ്പോർട്ടിങ് അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, പലസ്തീൻ-ഇസ്രായേൽ സംഘർഷത്തെക്കുറിച്ച് രചിക്കപ്പെട്ട ഏറ്റവും നല്ല പുസ്തകങ്ങളിലൊന്നാണ് Original Sin. അതേക്കുറിച്ച് fb യിൽ മുമ്പ് എഴുതിയിട്ടുണ്ട്.

ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള മൂന്ന് എപ്പിസോഡുകളിലായി പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന്റെ നാൾവഴികൾ വിശദീകരിക്കുന്ന സ്റ്റാൻലിയുടെ ഇന്റർവ്യൂ ഈ വിഷയത്തെക്കുറിച്ച് ഇറങ്ങിയ ഏറ്റവും നല്ല പോഡ്കാസ്റ്റ് ആണെന്ന് പറയാം.

ഒരു പക്ഷെ, ‘അൽജസീറ’ മാറ്റിനിർത്തിയാൽ ഇത്രയും വിശദമായി വിഷയം കൈകാര്യം ചെയ്യുന്ന സമാനമായതൊന്ന് മുഖ്യധാരാ മാധ്യമങ്ങളിൽ കണ്ടിട്ടില്ല.

1914 മുതൽ 2025 വരെയുള്ള ചരിത്രം ലളിതമായ ഭാഷയിൽ സ്റ്റാൻലി വിശദീകരിക്കുന്നുണ്ട്. സ്വയം വാർത്തയും വ്യക്തിയും ആകാൻ ശ്രമിക്കുന്ന ആങ്കർമാരിൽ നിന്ന് വ്യത്യസ്തമായി, മാന്യമായി തന്റെ റോൾ നിർവഹിച്ച് ഗസ്റ്റിന് കാര്യങ്ങൾ പറയാൻ അവസരം നൽകുന്ന ഷർമത വെങ്കടസുബ്രമണ്യവും അഭിനന്ദനമർഹി ക്കുന്നു.

വാട്സപ്പ് യൂണിവേഴ്സിറ്റികളിൽ നിന്ന് ചരിത്രം പഠിക്കുന്ന നമ്മുടെ ചാനൽ ചർച്ചക്കാരും വിദഗ്ധൻമാരും തീർച്ചയായും കേട്ടിരിക്കേണ്ട ഒരു പോഡ്കാസ്റ്റാണിത്.

വിഷയത്തെ ഗൗരവപൂർവ്വം മനസിലാക്കാൻ ആഗ്രഹിക്കുന്ന ആർക്കും ചിലവഴിച്ച മൂന്ന് മണിക്കൂർ നഷ്ടമായി എന്ന് തോന്നില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. വസ്തുതകളുടെ വെളിച്ചത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള തുറന്ന മനസ്സും ശ്രദ്ധയോടെ കേട്ട് തീർക്കാനുള്ള ക്ഷമയും കാണിക്കണമെന്ന് മാത്രം.

ഇത്രയൊക്കെ വായിച്ചിട്ടും കേട്ടിട്ടും, തദ്ദേശീയരായ ജനതയെ കുടിയിറക്കുകയും അവരുടെ ഭൂമി കയ്യേറി അവിടെ താമസിക്കുകയും ചെയ്യുന്നവർ എങ്ങനെയാണ് ‘സിവിലിയൻസ്’ ആവുന്നത് എന്ന് എനിക്ക് ഇത്‌ വരെ മനസ്സിലായിട്ടില്ല!!!