അഞ്ചാറ് മാസം മുൻപാണ്. വൈപിൻ ദ്വീപിൽ നിന്ന് ഫോട്ടോ എടുത്ത് തിരിച്ചു പോരുമ്പോൾ റോഡ് സൈഡിലിലുള്ള ചെളിക്കുണ്ടിൽ ഒരു പോത്ത് കൂളായി മഡ് ബാത്ത് നടത്തുന്നു. വെറും കൗതുകത്തിന് ഏതാനും ചിത്രങ്ങൾ എടുത്തു.

തിരിച്ചു നടക്കവെ, ഒരു ഉൾവിളി പോലെ മനസ്സ് പറഞ്ഞു, എന്തോ പന്തികേട് ഉണ്ട്. ഞാൻ തിരിച്ചു അതിനടുത്തേക്ക് തന്നെ ചെന്നു. ശബ്ദമുണ്ടാക്കി അതിനെ ആ കുഴിയിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. അപ്പോഴാണ് മനസ്സിലായത് തലയും മുൻകാലുകളും ഒഴികെ ബാക്കി ശരീരം മുഴുവൻ ചെളിയിൽ ആണ്ടു എഴുന്നേൽക്കാൻ കഴിയാതെ കിടക്കുകയാണ് ആ മിണ്ടാപ്രാണി!

എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. കടുത്ത വെയിലിൽ തൊണ്ട വരണ്ട് മരണം പ്രതീക്ഷിച്ചു കിടക്കുന്ന ആ മൃഗത്തെയാണ് ഞാൻ കൗതുകത്തിന് ഫോട്ടോ എടുത്തിരിക്കുന്നത്!

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയി. അടുത്തെങ്ങും ആരുമില്ല. ഏതാനും കണ്ടയ്നർ ട്രക്കുകൾ റോഡിൽ പാർക്ക്‌ ചെയ്തു കിടപ്പുണ്ട്. അതിനകത്തു ആരെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. അതിലൊ ന്നിന്റെ കാബിനിൽ കിടന്നുറങ്ങുന്ന മനുഷ്യനെ ഞാൻ വിളിച്ചുണർത്തി കാര്യം പറഞ്ഞു.

അയാളുടെ കയ്യിൽ ഉണ്ടായിരുന്ന വെള്ളം ആ മൃഗത്തിന്റെ വായിൽ ഒഴിച്ച് കൊടുത്തു. അയാളുടെ കൈവശം ഉണ്ടായിരുന്ന ഒരു വടം ഉപയോഗിച്ച് അതിനെ വലിച്ചു കയറ്റാൻ ഞങ്ങൾ ഒരു ശ്രമം നടത്തി. പക്ഷെ വിജയിച്ചില്ല. അത്രക്ക് ചെളിയിൽ ആണ്ടു പോയിരുന്നു ആ മൃഗം.

എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ട് നിന്ന നിമിഷങ്ങൾ. അവസാനം, ദീർഘദൂര യാത്രകളിൽ അപകടം സംഭവിച്ചാൽ സഹായത്തിന് വിളിക്കാനുള്ള ട്രോമ കെയറിന്റെ നമ്പർ അയാൾ എനിക്ക് തന്നു. കൂടുതൽ ആലോചിക്കാതെ ആ നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞു. എന്റെ നമ്പറും ലൊക്കേഷനും നൽകി.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റിൽ നിന്ന് എന്നെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു. ഉടനെ എത്താമെന്ന് അറിയിച്ചു. 15 മിനിറ്റിനകം സന്നാഹങ്ങളുമായി അവരെത്തി. എല്ലാവരും ചേർന്ന് ആ മൃഗത്തെ കുഴിയിൽ നിന്ന് വലിച്ചു കയറ്റി. ഒരു ജീവൻ രക്ഷിച്ച സംതൃപ്തിയോടെ ഞാൻ തിരിച്ചു പോന്നു.

നമ്മുടെ ഭരണഘടനയുടെ 51A (g) വകുപ്പ് ജീവജാലങ്ങളോട് കരുണയോടെ വർത്തിക്കണമെമെന്ന് പൗരന്മാരോട് ആവശ്യപ്പെടുന്നുണ്ട്. പച്ചക്കരളുള്ള ഏത് ജീവജാലത്തോടും കരുണ കാണിക്കണമെന്ന് പ്രവാചകൻ പഠിപ്പിച്ചതിന്റെ പൊരുളും മറ്റൊന്നല്ല.