എന്നോ മരിച്ചു മണ്ണടിഞ്ഞ ഔറം ഗസെബിനെ കുറിച്ച് നല്ലവാക്ക് പറഞ്ഞതിന് കലാപമുണ്ടായ നാടാണിത്. അപ്പോൾ പിന്നെ രാജ്യത്തെ വെട്ടിമുറിച്ച ജിന്നയെക്കുറിച്ചു നല്ലത് പറഞ്ഞാൽ ഉണ്ടാകാവുന്ന പുകില് പ്രതീക്ഷിക്കാവുന്നതാണ്. പക്ഷെ, പറയുന്നതൊന്നും എന്റെ അഭിപ്രായമല്ല, Stanley Wolpert എന്ന ഇംഗ്ലീഷ്കാരന്റെതാണ് എന്നത് മാത്രമാണ് ഒരു സമാധാനം.

വിവർത്തകനും ഗ്രന്ഥകാരനുമായ കെ സി സലിം അദ്ദേഹത്തിന്റെ ആത്മകഥയിൽ തന്റെ വായനാനുഭവങ്ങൾ വിവരിക്കുന്നതിനിടയിലാണ് വോൾ പേർട്ടിന്റെ ‘Jinnah of Pakistan’ എന്ന പുസ്തകത്തെപറ്റി പരാമർശിക്കുന്നത്.

സലീം എഴുതിയ പോലെ പുസ്തകത്തിലെ ആദ്യ വരികൾക്ക് തന്നെ വല്ലാത്തൊരു ആകർഷണീയതയുണ്ട്. ആ വരികൾ കണ്ട മാത്രയിൽ തന്നെ പുസ്തകം വായിക്കണമെന്ന് തോന്നി. ഉടനെ പുസ്തകം സംഘടിപ്പിച്ചു.

ഇംഗ്ലീഷ് ഭാഷയോടുള്ള പ്രണയവും, പിന്നെ ചരിത്രത്തിന്റെ ഇങ്ങേ തലക്കൽ ജിന്ന ചെയ്ത തെറ്റിന്റെ പാപഭാരം ചുമക്കാൻ വിധിക്കപ്പെട്ട സമുദായത്തിന്റെ പ്രതിനിധി എന്ന ബോധവുമാണ് പുസ്തകം വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

പുസ്തകം ആരംഭിക്കുന്നത് ഇങ്ങനെയാണ്, “Few individuals significantly alter the course of history. Fewer still modify the map of the world. Hardly anyone can be credited with creating a nation-state. Mohammad Ali Jinnah did all three…… As enigmatic a figure as Mahatma Gandhi, more powerful than Pandit Nehru, Quaid-i Azam was one of recent history’s most charismatic leaders and least known personalities”.

വൈരുധ്യങ്ങളും നാടകീയതകളും നിറഞ്ഞ ജിന്നയുടെ വ്യക്തിത്വത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ മനോഹരമായി വരച്ചിടുന്നുണ്ട് വോൾപേർട്ട് തന്റെ ഗ്രന്ഥത്തിൽ.

നിയമ പഠനത്തിനായി ലണ്ടനിലേക്ക് തനിച്ച് കപ്പൽ കയറുന്ന, 200 ലധികം മുന്തിയ വസ്ത്രങ്ങൾ എപ്പോഴും സ്വന്തമായി ഉണ്ടായിരുന്ന, കെട്ടിപ്പിടിച്ച് ഉമ്മ തരണമെന്ന് പറഞ്ഞ സുന്ദരിയായ പെൺകുട്ടിയോട് അത് തനിക്ക് ചേർന്ന പണിയല്ലെന്ന് പറയുന്ന യുവാവായ ജിന്ന…

സുഹൃത്തുക്കളും അടുത്തറിയുന്നവരുമെല്ലാം ജിന്നയുടെ അസമാന്യ വ്യക്തി പ്രഭാവത്തെ വാഴ്ത്തിയിട്ടുണ്ടെന്ന് വോൾപേർട്ട് സാക്ഷ്യപ്പെടുത്തുന്നു.

കോടതി മുറിയിൽ ജിന്നയുടെ പ്രകടനത്തെ കുറിച്ച്, ബോംബെ ഹൈകോർട്ടിലെ ആദ്യത്തെ മുസ്‌ലിം ജഡ്ജിയായിരുന്ന എം സി ചഗ്ല പറഞ്ഞത്, “His presentation of a case was nothing less than a piece of art” എന്നാണ്.

മുസ്ലിംകൾക്ക് വേണ്ടി ഒരു രാജ്യം ചോദിച്ചു വാങ്ങിയ ജിന്നക്ക് പക്ഷെ, മതത്തിൽ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഒരിക്കൽ മുസ്‌ലിം ലീഗിന്റെ സമ്മേളനത്തിൽ പാസാക്കിയ രണ്ട് പ്രമേങ്ങളിൽ ഒന്ന്, ഖാ ഇ ദേ അസം നിസ്കരിക്കണം എന്നായിരുന്നു. മറ്റൊന്ന്, ലീഗ് സമ്മേളനത്തിന് എത്തുന്ന പ്രതിനിധികൾക്ക് നിസ്കരിക്കാൻ സൗകര്യം ഒരുക്കണമെന്നും!

മറ്റൊരിക്കൽ, വാക്കിലും നോക്കിലും നിങ്ങൾ ഒരു മുഹമ്മദൻ അല്ലെന്നും നിങ്ങൾ ഖുർ ആനിൽ പറഞ്ഞ പോലെ യല്ല വസ്ത്രം ധാരണം ചെയ്തിരുക്കുന്നതെന്നും ഒരു ലീഗ് സമ്മേളനത്തിൽ വെച്ച് അംഗങ്ങൾ വിളിച്ചു പറഞ്ഞു. എന്നിട്ടും, മരണം വരെ തികഞ്ഞ പശ്ചാത്യൻ വസ്ത്ര ധാരണ രീതിയാണ് ജിന്ന പിന്തുടർന്നത്.

തന്റെ ഭക്ഷണ ശീലങ്ങളിൽ മതം ഒരു വിലങ്ങുതടിയാവാൻ ജിന്ന ഒരിക്കലും അനുവദിച്ചിരുന്നില്ല എന്നും വോൾപേർട്ട് എഴുതുന്നുണ്ട്. വോൾപേർട്ട് ജിന്നയെ പരിചയപ്പെടുത്തുന്നത് നോക്കൂ, “Raven-haired with a mustache almost as full as Kitchener’s and lean as a rapier, he sounded like Ronald Coleman, dressed like Anthony Eden, and was adored by most women at first sight, and admired or envied by most men”.

കോൺഗ്രസുമായി തെറ്റി പിരിയുന്നതിന് മുമ്പ് ‘ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ബെസ്റ്റ് അബസഡർ’ എന്നാണ് സരോജിനി നായിഡു ജിന്നയെ വിശേഷിപ്പിച്ചത്. തീവ്ര ദേശീയ വാദിയായിരുന്ന ബാലഗംഗധാര തിലകന് വേണ്ടി ദേശദ്രോഹ കേസ് വാദിക്കുകയും ജയിക്കുകയും ചെയ്തു പ്രഗത്ഭനായ വക്കീലായിരുന്ന ജിന്ന.

ലോർഡ് ഹാർഡിഞ്ച് നെ പോലുള്ള പല മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ജിന്നയുടെ ആരാധകരായിരുന്നു എന്ന് വോൾപേർട്ട് പറയുന്നു.

മുസ്‌ലിം അവകാശങ്ങൾക്ക് വേണ്ടി വാദിക്കാൻ മൗലാനാ മുഹമ്മദ ലിയോടൊപ്പം ലണ്ടനിലേക്ക് പുറപ്പെടുമ്പോൾ ജിന്ന പറഞ്ഞ കണ്ടീഷൻ ഇങ്ങനെ, “Loyalty to the Muslim League and the Muslim interest would in no way and no time imply even the shadow of disloyalty to the larger national cause to which my life was dedicated”.

ഞാൻ ആദ്യമായി ഒരു മുസ്ലിമാണ് എന്ന് അഭിമാനംകൊണ്ട മഹ്മൂദാബാദിലെ മുസ്‌ലിം നേതാവിനോട് ജിന്ന ഉടനെ തിരിച്ചടിച്ചു, “സുഹൃത്തേ, നിങ്ങൾ ആദ്യമായി ഒരു ഇന്ത്യക്കാരനും പിന്നെ ഒരു മുസ്ലിമുമാണ്”.

വൈസ്റോയി റീഡിങ് തനിക്ക് Knighthood പദവി നൽകി ആദരിക്കുന്നതിനെ കുറിച്ച് കേട്ട ജിന്ന യുടെ പ്രതികരണം ഇങ്ങനെയായിരുന്നു, “I prefer to be plain Mr Jinnah. I have lived as plain Mr Jinnah and I hope to die as plain Mr Jinnah”.

രാഷ്ട്രീയത്തിൽ മതം കലർത്തുന്നതിന്റെ പേരിൽ ഗാന്ധിജിയോട് കലഹിച്ച്ഖി ലാഫത്ത് സമരത്തിൽ നിന്ന് വിട്ടുനിന്ന ജിന്ന, പിന്നീട് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വില്ലനായി മാറി.

കലുഷിതമായ രാഷ്രീയ സാഹചര്യങ്ങളുടെ പരിണിതഫലമായി പരിഹരിക്കാനാവാത്ത വിധം തകർന്നു പോയ ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ ചരമക്കുറിപ്പ് അതിമനോഹരമായ ഭാഷയിൽ വോൾപേർട്ട് കുറിച്ചിടുന്നത് ഇങ്ങനെ, “By year’s end, the castle of Hindu-Muslim unity, built on shifting sands of communal mistrust, suspicion, and doubt would be washed away by tides of frustration and discontent……”

ജിന്നയുടെ ന്യായങ്ങൾ എന്തൊക്കെയായിരുന്നാലും ശരി, ലോക ചരിത്രത്തിലെ ഏറ്റവും രക്ത പങ്കിലമായ അദ്ധ്യായങ്ങളിലൊന്നായിരുന്നു ഇന്ത്യാ വിഭജനം. ഇന്ത്യയിലെ മുസ്ലിംകളോട് ജിന്ന ചെയ്ത ഏറ്റവും വലിയ ദ്രോഹവും അത് തന്നെയായിരുന്നു. അത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഈ രാജ്യത്തിന്റെ ചരിത്രം തന്നെ മറ്റൊന്നാ വുമായിരുന്നു എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും, വിഭജനത്തിന്റെ പാപഭാരം അനുഭവിച്ചു തീരാതെ ഇന്ത്യയിലെ മുസ്ലിംകളും, ഒരിക്കലും ഗ്രഹപ്പിഴ തീരാത്ത രാജ്യമായി പാകിസ്ഥാനും ഇന്നും അവശേഷിക്കുന്നു.

……..

തന്റെ ജീവിത പ്രാരാബ്ധങ്ങളെ മറക്കാൻ വായനയിൽ അഭയം കണ്ടെത്തിയ സലീമിന്റെ വായനാ നുഭവങ്ങൾ ആരെയും മോഹിപ്പിക്കുന്നതാണ്. നന്നേ ചെറുപ്പത്തിൽ ആരംഭിച്ച ആഴമുള്ള വായനകളാണ് സലീമിനെ പ്രഗത്ഭനായ ഒരു ബ്യൂറോക്രറ്റും മലയാളത്തിലെ എണ്ണം പറഞ്ഞ വിവർത്തകനുമാക്കി മാറ്റിയത് എന്ന് ‘ഓർമ്മകളിലെ ജീവിത വർണ്ണങ്ങൾ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ സാക്ഷി.

Tags: ,