യാദൃശ്ചികതയായിരിക്കാം, കഴിഞ്ഞ നോമ്പ് കാലത്താണ് റാസിഖ് റഹീമിന്റെ ‘തടവറക്കാലം’ വായിച്ചത്. ജയിലിനകത്തെ നോമ്പ് അനുഭവങ്ങളാണ് പുസ്തകത്തിലെ ഒരു പ്രധാന പതിപാദ്യ വിഷയം.
ജയിൽ ജീവിതത്തിലെ കദന കഥകളേക്കാളേറെ തടവറ തന്റെ കർമ്മഭൂമിയാക്കി മാറ്റിയതിന്റെ വിവരണമാണ് പുസ്തകത്തിന്റെ നല്ലൊരു ഭാഗവും. ജയിൽ ലൈബ്രറി പുനരുദ്ധാരണം, ജയിൽ റേഡിയോ, പത്രം, തടവുകാരുടെ മാഗസിൻ, ഡോക്യൂമെന്ററി ഫിലിം, തടവുകാരുടെ ഓർക്കസ്ട്രാ, വോളിബോൾ ടീം, നിയമ ബോധവൽക്കരണം തുടങ്ങി ഒരു ആക്റ്റീവിസ്റ്റിനു ചെയ്യാവുന്ന പരമാവധി പ്രവർത്തനങ്ങൾ ജയിലിനികത്ത് അദ്ദേഹം നടത്തുന്നുണ്ട്.
എരിഞ്ഞൊടുങ്ങിയ സ്വപ്നങ്ങളുടെ ശവപ്പറമ്പായി മാത്രം ജയിലിനെ പരിചയിച്ച നമ്മെ അത്ഭുതപ്പെടുത്തുന്ന കർമ്മ കുശലത വഴി തന്റെ തടവറക്കാലം അദ്ദേഹം സാർത്ഥകമാക്കുന്നു.
പക്ഷെ പുസ്തകം വായിച്ചു തീർന്നപ്പോൾ എന്റെ മനസ്സിൽ തങ്ങിയത് അതൊന്നുമായിരുന്നില്ല. റാസിഖിനെ പോലെ അന്യായമായി ജീവിതം ജയിലിൽ ഹോമിക്കപ്പെട്ട ആയിരക്കണക്കിന് ചെറുപ്പക്കാരുണ്ട്. അതിൽ ഭൂരിഭാഗവും മുസ്ലിംകളും ദളിത്കളും ആദിവാസികളുമാണ്.

ഈ ഇരകൾക്കൊന്നും ന്യായമായ നഷ്ടപരിഹാരം നൽകാൻ ഭരണ കൂടത്തിന് ബാധ്യതയില്ലേ? നിയമത്തിൽ ഒരു വകുപ്പില്ലേ? കല്പിത കഥകൾ ചമച്ച് നിരപരാധികളായ മനുഷ്യരെ കേസിൽ കുടുക്കുന്ന ഉദ്യോഗസ്ഥന്മാരെ ശിക്ഷിക്കാൻ നിയമത്തിൽ ഒരു പഴുതു മില്ലേ? നിലവിലുള്ള നിയമത്തിൽ ഇത് ഏറെക്കുറെ അസാധ്യമാണെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. ഈ വിഷയം അവതാരിക എഴുതിയ പ്രശസ്ത മാധ്യമ പ്രവർത്തകൻ ആർ രാജശേഖർ സൂചിപ്പിക്കുന്നുണ്ട്.
ഇവർക്കൊക്കെ എങ്ങനെയാണ് നീതി ലഭ്യമാക്കുക? ആരുടെയൊക്കെയോ താല്പര്യങ്ങക്ക് വേണ്ടി ബലിയാടുകളാവേണ്ടി വരുന്ന ഈ മനുഷ്യരൊക്കെ എങ്ങനെയാണ് കടുത്ത നീതി നിഷേധങ്ങളെ അതിജീവിക്കുന്നത്?
ചിലരൊക്കെ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നു. മറ്റ് ചിലർ ഫർദീൻ ഖാന്റെ ‘പാൻസിങ് തൊമാറി’ നെപ്പോലെ വ്യവസ്ഥിതിക്കെതിരെ ആയുധമെടുത്ത് സ്വയം ഒടുങ്ങുന്നു.
പക്ഷെ, ഒരു ദൈവ വിശ്വാസിക്ക് ഇത് രണ്ടും സാധ്യമല്ല. നിഷ്ക്രിഷ്ഠമായ നീതി പുലരുന്ന ദൈവത്തിന്റെ കോടതി ഉണ്ടെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു. ആ പ്രതീക്ഷ അയാളെ കർമ്മനിരതനാക്കുന്നു. പാതി രാത്രിയിൽ പ്രാർത്ഥനാ നിരതനാ വാനും പകൽ പോരാടാനും ഒരു വിശ്വാസിക്ക് മാത്രമേ കഴിയൂ.
“എല്ലാം ഒകെ യാണ്, പക്ഷെ നിങ്ങളുടെ മതബോധം അല്പം ഓവറാണ് ‘ എന്ന് ഉപദേശിക്കുന്ന ജയിൽ ഉദ്യോഗസ്ഥന് റാസിഖ് നൽകുന്ന മറുപടി, “സാർ, നിങ്ങൾ പറഞ്ഞ ആ മതബോധമാണ് ഞങ്ങളെ ഇതിനൊക്കെ പ്രാപ്തരാക്കിയത്,” എന്നാണ്.
പണവും സ്വാധീനവും വാക്ചാതുരിയു മുണ്ടെങ്കിൽ ഏത് പൂച്ചയെയും പേപ്പട്ടിയാക്കാൻ കഴിയുന്ന ഈ ലോകത്ത് നീതി നിഷേധിക്കപ്പെടുന്ന മർദ്ധിതന് കരുത്തു പകരുന്നത് അവന്റെ വിശ്വാസം തന്നെയാണ്. അത് യുക്തിബോധത്തിന്റെ മാപിനികൾ വെച്ച് അളക്കാനാവില്ല.
ToI ലേഖനത്തിന്റെ കാതൽ കണ്ണീർ കഥയല്ല. നീതി നിഷേധിക്കപ്പെടുന്ന എല്ലാ ജാതി, മതത്തിലും, മതമില്ലാത്തവരിലുംപെട്ട നിസ്സഹായരായ മനുഷ്യരുടെ നീതിക്കായുള്ള തേട്ടമാണ്.

https://timesofindia.indiatimes.com/blogs/tracking-indian-communities/courts-acquit-but-who-compensates/