ജനവിരുദ്ധ ഭരണകൂടങ്ങളെ താങ്ങി നിർത്തുന്ന ഡീപ്സ്റ്റേറ്റ് എന്താണെന്ന് എല്ലാർക്കുമറിയാം. അദൃശ്യമായ സാമാന്തര ഭരണകൂടമാണത്. എന്നാൽ പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനായ ക്രിസ്റ്റഫർ ജാഫർ ലൊ ഇന്ത്യയിലെ ‘ഡീപർ സ്റ്റേറ്റ്’ നെ കുറിച്ചാണ് ‘Modi’s India’ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നത്.

സംഘ്പരിവാറിന്റെ നീരാളി ക്കൈകളാണത്. ബജറങ് ദൾ, ഗോ സംരക്ഷണ സേന, കർണി സേന, സനാതന സേന, സവർണ സേന അങ്ങനെ പല പല പേരുകൾ. അക്രമമാണ് അവരുടെ വഴി. നാട്ടിലെ നിയമ സംവിധാനത്തിന് മീതെയാണ് അവരുടെ സ്ഥാനം. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണ് അവർ പ്രവർത്തിക്കുന്നത്. ഇന്തയിലെ ഡീപർ സ്റ്റേറ്റ് കൂടുതൽ അപകരമാണെന്നാണ് ജാഫർ ലൊ യുടെ നിരീക്ഷണം.

നാസി ജർമനിയിൽ സ്റ്റോംട്രൂപ്പേഴ്‌സ്, SA (Sturmabteilung) എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. ഹിറ്റ്‌ലറെ അധികാരത്തിലേറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച അർദ്ധസൈനിക സംഘടനയായിരുന്നു അവർ. 1921 ലാണ് SA രൂപീകൃതമായത്. നാസി പാർട്ടി യോഗങ്ങളെ സംരക്ഷിക്കലും പ്രതിപക്ഷ ഗ്രൂപ്പുകളെ ‘നിലക്ക് നിർത്തലു’ മായിരുന്നു അവരുടെ പ്രധാന പണി. എതിരാളികളെ ഭയപ്പെടുത്തുന്നതിനും നാട്ടിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തെരുവ് പോരാട്ടങ്ങളും അടിപിടികളും ഉൾപ്പെടെയുള്ള അക്രമാസക്തമായ തന്ത്രങ്ങൾക്ക് പേരുകേട്ടവരായിരുന്നു അവർ. ഒടുവിൽ ഹിറ്റ്‌ലറുടെ പ്രാഥമിക അർദ്ധസൈനിക സേനയായി അവർ മാറി.

പലസ്തീനിലെ ജൂത കുടിയേറ്റ ക്കാർക്കിടയിലും ഇത്തരം മിലീഷ്യകൾ ഉണ്ടായിരുന്നു. ഹഗാന, ഇർഗുൻ തുടങ്ങിയ പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. ശാബ്ര, ഷാത്തില പോലുള്ള പ്രമാദമായ പല കൂട്ടക്കൊലകളും നടത്തിയത് അവ രായിരുന്നു. 1948ൽ ഇസ്രായേൽ രൂപീകൃതമായപ്പോൾ അവർ ഇസ്രായേൽ പട്ടാളമായ IDF ന്റെ ഭാഗമായി.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന പല വീഡിയോ ക്ലിപ്പുകളും സ്റ്റോംട്രൂപ്പേഴ്‌സ്നെ അനുസ്മരിപ്പിക്കുന്നവയാണ്. നിരാ യുധരും നിസ്സഹായരുമായ മനുഷ്യരെ പരസ്യമായി കയ്യേറ്റം ചെയ്യുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന രംഗങ്ങൾ ഭീതിപ്പെടുത്തുന്നതാണ്.

‘അപര’ന്മാർക്ക് നേരെയുള്ള ഏത് അക്രമവും നോർമലൈസ് ചെയ്യപ്പെട്ട ഒരു സ്ഥിതി വിശേഷം വന്നു ചേർന്നിരിക്കുന്നു. ഇതൊന്നും ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല. വ്യക്തികളും ഗ്രൂപ്പുകളുമൊക്കെ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അവരൊക്കെ ‘അർബൻ നാക്സലു’കളും ‘തീവ്രവാദികളു’മായി മുദ്ര ചാർത്തപ്പെട്ടു.

നിയമം നാടപ്പിലാക്കേണ്ടവർ ആക്രമികൾക്ക് ഓശാന പാടുന്നു. നിയമം നോക്കുകുത്തിയായി നിൽക്കുന്നു. ഭരണകൂട സ്ഥാപനങ്ങളിൽ പൗരന്മാർക്ക് വിശ്വാസം നഷ്ടപ്പെട്ടാൽ അത് ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും, അതിന്റെ അനന്തര ഫലങ്ങൾ അചിന്തനീയവും.

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്ത് ഇന്ത്യൻ ജനാധിപ്ത്യത്തിനേറ്റ ഏറ്റവും വലിയ ക്ഷതം ജനാധിപത്യ സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർന്നിരിക്കുന്നു എന്നതാണ്.