പ്രിയ സുഹൃത്തും നാട്ടുകാരനുമായ ഗഫൂർക്കയുടെ പുതിയൊരു കൃതി കൂടി പുറത്തിറങ്ങുകയാണ്. പ്രാർത്ഥനയും ഭാവുകങ്ങളും നേരുന്നു.
ഗൗരവപരമായ വായന ആരംഭിച്ച കാലത്ത് ‘വിവേകം’ മാസികയുടെ താളുകളിലാണ് ആദ്യമായി ‘ഗഫൂർ കൊടിഞ്ഞി’ എന്ന പേര് കണ്ടതെന്ന് തോന്നുന്നു. മൂർച്ചയുള്ള ഭാഷകൊണ്ടും നിരീക്ഷണങ്ങൾ കൊണ്ടും ശ്രദ്ധേയമായ പ്രസിദ്ധീകരണമായിരുന്നു ‘വിവേകം’.
ഗഫൂർക്കയുടെ പേര് പിന്നീട് ‘പ്രബോധന’ത്തിലും ‘മാധ്യമ’ത്തിലുമൊക്കെ സ്ഥിരമായി കണ്ടു തുടങ്ങി. പിന്നെയും കുറെ കഴിഞ്ഞാണ് കാണുന്നതും അടുത്തറിയുന്നതുമൊക്കെ. അതിനിടക്ക് ‘പിറവി’യെന്ന ഒരു ലിറ്റിൽ മാസിക അദ്ദേഹത്തിന്റെ പത്രധിപത്യത്തിൽ ഇറങ്ങിയിരുന്നു. മഹാനായ ടി മുഹമ്മദ് സാഹിബിനു ശേഷം ഞങ്ങളുടെ നാട്ടിൽ എഴുത്തിന്റെ പാരമ്പര്യം കാത്ത പോന്ന ഒരാൾ ഗഫൂർക്കയായിരുന്നു. സോഷ്യൽ മീഡിയ സജീവമായതോടെ അദ്ദേഹം സാഹിത്യലോകത്തെ സജീവ സാനിധ്യമായി. കൃതികൾ പലതും പുറത്ത് വന്നു.
സർഗ്ഗ സാഹിത്യം നിരൂപണം ചെയ്യാനുള്ള അറിവൊന്നും ഇല്ലെങ്കിലും, ഗഫൂർക്ക ‘തുരുത്ത്’ എന്ന നോവൽ എഴുതിയപ്പോൾ നാട്ടിലെ സാഹിത്യ സദസ്സിന് മുന്നിൽ ആ കൃതിയെ പരിചയപ്പെടുത്താനുള്ള യോഗം ഉണ്ടായത് എനിക്കാണ്.
സാഹിത്യം മാത്രമല്ല ചരിത്രവും തനിക്ക് നന്നായി വഴങ്ങുമെന്ന് അദ്ദേഹം ഇതിനകം തെളിയിച്ചിട്ടുണ്ട്. അക്കാദമിക യോഗ്യതകൾ
നേടിയിട്ടില്ലെങ്കിലും സൂക്ഷ്മമായ നിരീക്ഷണ പാടവമുള്ള ഒരു ചരിത്രകാരൻ കൂടിയാണദ്ധേഹം. പ്രാദേശിക ചരിത്ര ഗ്രന്ഥമായ ‘കൊടിഞ്ഞിയുടെ കുഴിക്കൂറുകൾ’ മികച്ച ഉദാഹരണമാണ്. ‘തുരുത്തി’ലും നാടിന്റെ ഗതകാലം നിറഞ്ഞു നിൽപ്പുണ്ട്. ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിന്റെ കഥ പറയുന്ന ‘ഗുൽഷൻ പൂരിൽ ഒരു വസന്ത കാലത്ത്’ തുടങ്ങിയ കഥകളിലും ഈ നിരീക്ഷണ പാടവം തെളിഞ്ഞു കാണാം.
ഇപ്പോൾ പുറത്തിറങ്ങുന്ന ‘ ഇല്ലിക്കാടുകൾ പൂത്ത കാല’വും ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനങ്ങൾ തെളിഞ്ഞു കേൾക്കുന്ന നോവലാണ്. ഇന്നലെ കവർ പ്രകാശനം നിർവ്വഹിക്കപ്പെട്ട ഓർമ്മകുറിപ്പുകൾ വൈകാതെ പുറത്തിറങ്ങും.
