പലരും മറക്കാൻ ശ്രമിച്ച ഗുജറാത്ത് കലാപത്തിന്റെ ചോര കിനിയുന്ന ഓർമ്മകൾ വലിച്ചു പുറത്തിട്ടു എന്നതാണ് ‘എമ്പുരാൻ’ ചെയ്ത തെറ്റ്. ‘വേണ്ടപ്പെട്ടവർ’ ചൂണ്ടിക്കാണിച്ച ഉടൻ മഹാനടനും ബന്ധപ്പെട്ടവരും തെറ്റ് തിരുത്തി. ശുഭം, മംഗളം.
എങ്കിലും, തിയറ്ററുകളിലേക്ക് ഒഴുകിയെത്തിയ ന്യൂജെൻ പിള്ളേരിൽ ചിലരെങ്കിലും ചിത്രത്തിലെ രംഗങ്ങൾകണ്ട് ഞെട്ടിയിരിക്കണം, കാരണം അവർ ജനിക്കുന്നതിന് മുൻപായിരുന്നല്ലോ ഗുജറാത്ത് വംശ ഹത്യ അരങ്ങേരിയത്. എന്നാൽ അവർ അറിയാത്ത മറ്റു ചിലത് കൂടി ഉണ്ട്.
ഗുജറാത്ത് ആദ്യത്തേതായിരുന്നില്ല. അതിനേക്കാൾ ഭീകരമായ പലതും മുമ്പ് കഴിഞ്ഞ് പോയിട്ടുണ്ട്. ഗുജറാത്ത് അരങ്ങേറിയത് ടെലിവിഷൻ കാമറകൾക്ക് മുൻപിലാണ്. അത് കൊണ്ട് വലിയൊരളവ് വരെ അത് ഡോക്യുമെന്റ് ചെയ്യപ്പെട്ടു. വിഷ്വൽ മീഡിയ സർവ്വത്രികമല്ലാതിരുന്ന കാലത്ത് നടന്ന പലതും പുറം ലോകം അറിഞ്ഞത് പോലും മാസങ്ങൾ കഴിഞ്ഞാണ്!
1983 ലെ നെല്ലി കൂട്ടക്കൊല: 1600- 2000 മുസ്ലിംകൾ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. മനുഷ്യരെ കൊന്നു കുഴിച്ചു മൂടി അതിന് മുകളിൽ കോളിഫ്ളവർ നട്ടുപിടിപ്പിക്കുന്ന ‘നൂതന’ കൃഷി രീതി സംഘപരിവാരം പരീക്ഷിച്ചത് ഇവിടെയാണ്!
1989 ലെ ഭാഗൽപ്പൂർ കലാപം: ആയിരത്തോളം മുസ്ലിംകളാണ് ബീഹാറിലെ ഭഗൽപ്പൂർ ജില്ലയിൽ മാത്രം അന്ന് കശാപ്പിനിരയായത്.
1992 ലെ ബോംബെ കലാപം: 900 പേരാണ് കൊല്ലപ്പെട്ടത്.
ഇതൊക്കെ ഔദ്യോഗിക കണക്കുകൾ മാത്രമാണ്. ചെറുതും വലുതുമായി അനേകം വംശഹത്യകൾ വാർഷിക കലാപരിപാടി പോലെ മുടക്കമില്ലാതെ നടന്നു പോന്നിരുന്നു തൊണ്ണൂറുകൾ വരെ. മോഡിയും, ഷായും യോഗിയുമുക്കെ അരങ്ങ് കീഴടക്കുന്നതിനു മുൻപാണ് ഇതൊക്കെ. അതൊക്കെ വെച്ച് നോക്കുമ്പോൾ ഗുജറാത്ത് വെറും ചീള് കേസാണ്!
1969 ലെ ജസ്റ്റിസ് ജഗൻ മോഹൻ റെഡി കമ്മീഷൻ, ജസ്റ്റിസ് മദൻ കമ്മീഷൻ (1970), ലിബർഹാൻ കമ്മീഷൻ (1992), അനൗദ്യോഗികമായ അനേകം അന്വേഷണ റിപ്പോർട്ടുകൾ. എല്ലാവരും ഒരു കാര്യത്തിൽ യോജിച്ചു, കലാപങ്ങളുടെ മുഖ്യ കാർമികത്വം സംഘ പരിവാരത്തിനായിരുന്നു എന്ന കാര്യത്തിൽ!
ബി ജെ പി രാഷ്ട്രീയ അധികാരത്തിന്റെ പരിസരത്തു പോലും ഉണ്ടായിരുന്നില്ല! എന്നിട്ടും എല്ലാം വളരെ ഭംഗിയായി നടന്നു! അധികാര രാഷ്ട്രീയത്തിന്റെ തിണ്ണബലം വംശഹത്യയുടെ അനിവാര്യതയല്ല, ചുരുങ്ങിയത് ഇന്ത്യൻ ഫാഷിസ്റ്റുകൾക്കെങ്കിലും. എന്നിട്ടും, പൂർണ്ണ ഫാഷിസം വന്നോ, ഇല്ലയോ എന്ന കൊണ്ടുപിടിച്ച ചർച്ചയിലാണ് നമ്മളിപ്പോഴും!!!