
വെസ്റ്റ്ബാങ്കിൽ നിന്ന് ടെൽ അവീവിലെ ബെൻഗൂറിയൻ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ കടന്നുപോയ ഇസ്രയേലി ചെക്ക് പോസ്റ്റുകളിൽ നേരിടേണ്ടി വന്ന ദുരിതങ്ങൾ വിവരിച്ചു കൊണ്ടാണ് സ്റ്റാൻലി ജോണി തന്റെ പുസ്തകം ആരംഭിക്കുന്നത്. അദ്ദേഹം പറയുന്നു, “The experience was intimidating, to say at least. I had never been interrogated like that before. I wondered, if this is what a journalist from India, which has friendly ties with Israel, who went to cover a Prime Minister’s visit, faces, what would others who want to travel to Palestine experience?”
ജോണി ഇതൊക്കെ കണ്ട് അമർഷം പൂണ്ട് നിൽക്കുമ്പോൾ, കൂടെയുണ്ടായിരുന്ന പലസ്തീനി ഡ്രൈവർക്ക് ‘നമ്മൾ ഇതൊക്കെ എത്ര കണ്ടതാ’ എന്ന മട്ടായിരുന്നു. കാരണം ഈ വിലക്കുകളൊക്കെ ഓരോ പലസ്തീനിയുടെയും നിത്യജീവിതത്തിന്റെ ഭാഗമായിട്ട് മുക്കാൽ നൂറ്റാണ്ടായി എന്നത് തന്നെ കാരണം!!!!!
അന്യായമായ ഇസ്രാഈലി അധിനിവേശമാണ് പലസ്തീൻ-ഇസ്രായേൽ പ്രശ്നത്തിലെ ‘ആദിപാപം’ എന്ന് വളച്ചു കെട്ടില്ലാതെ പറയുന്നു എന്നതാണ് ‘ദ ഹിന്ദു’ പത്രത്തിന്റെ വിദേശകാര്യ എഡിറ്റർ ആയ സ്റ്റാൻലി ജോണിയുടെ ‘Original Sin: Israel, Palestine and the revenge of old west Asia’ എന്ന പുസ്തകത്തിന്റെ പ്രധാന സവിശേഷത.
ചരിത്രപരമായി, പലസ്തീൻ റാഡിക്കലിസമല്ല മേഖലയിലെ സമാധാനം കെടുത്തിയത്, മറിച്ച് സമാധാനത്തിന്റെ അഭാവവും നിരന്തരം തുടർന്ന് കൊണ്ടിരിക്കുന്ന ഇസ്രാഈലി അധിനിവേശവുമാണ് ഇസ്ലാമിക് റാഡിക്കലിസത്തെ ശക്തിപ്പെടുത്തിയത് എന്നദ്ധേഹം പറയുന്നു (പേജ് 176).
ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടന്റെ യുദ്ധ സന്നാഹങ്ങളെ പിന്തുണച്ചതിന് പ്രത്യുപകാരമായാണ് ജൂതർക്ക് പലസ്തീനിൽ ഒരു രാഷ്ട്രം വാഗ്ദാനം ചെയ്യപ്പെട്ടത്. ഒരു ജനതയെ അപ്പാടെ അവരുടെ പിറന്ന മണ്ണിൽ നിന്ന് പിഴുതെറിഞ്ഞ് മറ്റൊരു ജനതയെ അവിടെ കുടിയിരുത്തുകയായിരുന്നു. ഒരു പക്ഷെ അങ്ങനെ സൃഷ്ടിക്കപ്പെട്ട ലോകത്തിലെ ഒരേ ഒരു രാജ്യം ഇസ്രായേൽ മാത്രമാണ്.
തുടർന്നങ്ങോട്ട് കൂട്ടക്കൊലകളുടെ നിലക്കാത്ത ഘോഷയാത്രയായിരുന്നു. അത് ഇന്നും തുടരുന്നു. യൂറോപ്പിൽ വംശഹത്യക്ക് ഇരയാക്കപ്പെട്ട ജൂതർ കൂട്ടത്തോടെ പലസ്തീനിൽ കുടിയേറി. ഒന്നാം ലോക മഹായുദ്ധം അവസാനിക്കുമ്പോൾ പലസ്തീനില്‍ വെറും 11 ശതമാനം ഉണ്ടായിരുന്ന ജൂതർ, 1945 ൽ രണ്ടാം ലോക മഹാ യുദ്ധം അവസാനിക്കുമ്പോൾ 30 ശതമാനമായി ഉയർന്നു.
എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള ഈ ജൂത കുടിയേറ്റം ഇന്നും അനുസ്യൂതം തുടരുന്നു. 2017 മുതൽ 2021 വരെയുള്ള കാലത്ത് മാത്രം വെസ്റ്റ് ബാങ്കിലെ ജൂത സെറ്റിൽമെന്റുകളുടെ എണ്ണം 3,99,000 ൽ നിന്ന് 4,65,000 ആയി ഉയർന്നു. ഗസ്സക്ക് നേരെ ബോംബിങ്ങും ഉപരോധവും മുറക്ക് തുടരുകയും ചെയ്തു കൊണ്ടിരുന്നു. (2023 ഒക്ടോബര്‍ 7നു തൊട്ട് മുന്‍പുള്ള ഒന്‍പതു മാസത്തിനിടെ, 44 കുട്ടികളടക്കം 238 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ‘ദ ഗാര്ഡിയന്’ (19.03.2025) പത്രം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നു).
ലോകം പലസ്തീനിനെ മറക്കുകയും ചില അറബ് രാജ്യങ്ങൾ ഇസ്രായേലുമായി
അബ്രഹാം ആക്കോർഡ്സ് ഒപ്പിട്ട് നല്ല ബന്ധം സ്ഥാപിക്കാൻ തുടങ്ങുകയും, പലസ്തീൻ ഇല്ലാത്ത പശ്ചിമേഷ്യൻ മാപ്പുമായി നേതന്യാഹു വിശാല ഇസ്രയേലിന്റെ പണി തകൃതിയായി തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഒക്ടോബർ 7 ലെ ഹമാസ് ആക്രമണം ഉണ്ടായത്.
1917 ലെ ബാൽഫർ ഡിക്ലറേഷൻ മുതൽ 2020 ലെ അബ്രഹാം അക്കോർഡ്സ് വരെയുള്ള സയണിസത്തിന്റെ ചരിത്രവും, ഒട്ടോമൻ ഭരണം മുതൽ, ഒക്ടോബർ 7 ലെ ആക്രമണത്തിന് ശേഷമുള്ള സംഭവവികാസങ്ങ ളുമെല്ലാം വെറും 188 പേജുകളിൽ അസാമാന്യ കയ്യടക്കത്തോടെ ജോണി ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
2024 അടക്കം പലതവണ ആ മേഖലയില്‍ സന്ദർശനം നടത്തിയുള്ള ജോണി, ലോകത്തെ മുതിർന്ന നയതന്ത്ര നേതാക്കളുമായും സൈനിക ഓഫീസർമാരുമായും സംസാരിച്ച അനുഭവങ്ങൾ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
ഗസ്സയിലെ വിവരണാതീതമായ കൂട്ടക്കൊലകള്‍ക്ക് ശേഷവും, ഇസ്രയേലീ പൊതു സമൂഹത്തിലെ നല്ലൊരു വിഭാഗം ആളുകളും ‘ഗസ്സയില്‍ സിവിലിയന്മാരില്ല, ഭീകരവാദികള്‍ മാത്രമേ ഉള്ളൂ’ എന്ന നിലപാടിലാണ് എന്ന് ജോണി പറയുന്നു. സമാധാന സംഭാഷണങ്ങള്‍ ബന്ധികളെ വിട്ടുകിട്ടാനുള്ള ഒരു അടവ് മാത്രമായേ അവര്‍ കാണുന്നുള്ളൂ. ലക്ഷ്യം നേടാന്‍ എത്ര സിവിലിയന്മാരെ വേണമെങ്കിലും കൊല്ലാം എന്ന ‘ദാഹിയ ഡോക്ട്റിന്’ (Dahiya doctrine) ആണ് സൈനിക നേത്രത്വത്തിന്റെ ഉറച്ച നിലപാട് എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ജോണി വിശദീകരിക്കുന്നു.
യുദ്ധം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഒന്നുപോലും നേടാന്‍ കഴിഞ്ഞിട്ടില്ല എന്ന് തെളിവുകള്‍ നിരത്തി പുസ്തകം സമര്‍ഥിക്കുന്നു. മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതമായി. ഹമാസ്, ഹിസ്ബുള്ള, ഇറാന്, ഹൂത്തി മിസൈലുകള്‍ ഏത് നിമിഷവും വന്ന് വീഴുമെന്ന ഭീതിയിലാണ് ജനം. അന്തരാഷ്ട്ര രംഗത്ത് അമേരിക്ക ഒഴികെയുള്ള മറ്റൊരു രാജ്യവും പരസ്യമായി ഇസ്രായേലിനെ പിന്തുണക്കാത്ത അവസ്ഥ, ലോക കോടതികളുടെ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനം, ഇനി ഒരു തിരിച്ചുപോക്ക് സാധ്യമല്ലാത്ത വിധം ദ്വിരാഷ്ട്ര പരിഹാരം അല്ലാതെ മറ്റൊന്നില്ലെന്ന് സൌദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ പോലും പറയുന്ന അവസ്ഥ.
ഇസ്രയേല്‍ എത്തിപ്പെട്ട പ്രതിസന്ധിയെ വിശദീകരിച്ചു കൊണ്ട് ജോണി എഴുതുന്നു, “A key message of 2020 Abraham Accords was that the Palestine question had become immaterial even for Arab countries when it comes to an engagement with Israel. But Hama’s attack on 7 October and Israel’s subsequent war on Gaza have brought the Palestine question back to the centre of West Asia’s geopolitics. If Israel wanted to localize the Palestine question, Hamas has re-regionalized it, at a great human cost.” (P 184)
അമേരിക്കന്‍ പിന്തുണയും ആയുധ ശക്തിയും ഉപയോഗിച്ച് അധിനിവേശത്തെ എക്കാലവും നിലനിര്‍ത്താന്‍ കഴിയുമെന്ന ധരണയാണ് ഒകോബര്‍ 7 തകര്‍ത്ത് കളഞ്ഞത്. It (Israel) thought it could manage the situations in Gaza and the West Bank without letting it explode. This model, which I call occupation without consequences, was proved a myth on October 7″ (P 184).
രണ്ട് കാര്യങ്ങളെ കുറിച്ച് കൂടി ഒരു വിശകലനം പുസ്തകത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. ഒന്ന്, സ്വന്തം ഉദ്യോഗാര്ഥികളെപ്പോലും നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ടും നിസ്സഹായമായി നോക്കി നില്‍ക്കേണ്ടി വരുന്ന യുണൈറ്റഡ് നാഷന്‍സ് എന്ന ലോക വേദിയുടെ ഭാവി; പിന്നെ, ലണ്ടനും, പരീസും ന്യൂയോര്‍ക്കുമൊക്കെ പലസ്തീനിന്റെ പേരില്‍ തിളച്ചു മറിഞ്ഞിട്ടും തീര്‍ത്തും നിശബ്ദമായി ഈ നരമേധത്തെ നോക്കി നില്ക്കുന്ന ‘മഹത്തായ ഇസ്ലാമിക’ രാഷ്ട്രങ്ങളുടെ ഷണ്ഡത്വം. അക്കൂട്ടത്തില്‍ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മാതൃകയായി കൊണ്ടാടപ്പെട്ട ഉര്‍ദുഗാന്റെ തുര്‍ക്കിയുമുണ്ട്!
പലസ്തീനികളെ കൊന്നു തീര്‍ക്കുന്നതില്‍ ഒരുപക്ഷേ നെതന്യാഹു വിജയിച്ചേക്കാം, പക്ഷേ അത് ഇസ്രായേലിന് സുരക്ഷിതത്വം നല്‍കുമോ എന്നതാണ് കാതലായ ചോദ്യം. 2023 ഒക്ടോബർ 7ന് ശേഷം മാത്രം അഞ്ച് ലക്ഷം പൗരന്മാർ ഇസ്രായേൽ ഉപേക്ഷിച്ചു തിരിച്ചു പോയിരിക്കുന്നു എന്ന് കണക്കുകൾ പറയുന്നു (പേജ് 182).
“The state of Israel, which Theodore Herzle dreamed as ‘an outpost of civilization as opposed to barbarism’, is in a chimera” എന്ന് പറഞ്ഞു കൊണ്ടാണ് ജോണി പുസ്തകം അവസാനിപ്പിക്കുന്നത്. ആ വിലയിരുത്തല്‍ അക്ഷരംപ്രതി ശരിയാണെന്ന് പറയാന്‍ അധികം ബുദ്ധിയൊന്നും വേണ്ടതില്ല.
Tags: Abraham Accords, Americ, Gaza, Hamas, Israel, October 7, Palestince, Stanly Johny, Zionism