ചൂടിന് കടുപ്പം കൂടിത്തുടങ്ങി. ദേശാടനക്കാർ കുറേശ്ശെ മടങ്ങാനുള്ള ഒരുക്കത്തിലാണ്. ശനിയാഴ്ച റംസാൻ ആരംഭിക്കുന്നത് കാരണം തല്ക്കാലം കാമറയെടുത്ത് പെട്ടിയിൽ വെക്കാൻ ഒരുങ്ങിയതാണ്. പക്ഷെ, നോമ്പ് ഞായറാഴ്ചയേ തുടങ്ങൂ എന്നറിഞ്ഞപ്പോൾ വീണ്കിട്ടിയ ഒരു ദിനംകൂടി ഉപയോഗപ്പെടുത്താമെന്ന് വെച്ചു.

പുലർച്ചെ തട്ടേക്കട്ടേക്ക് വെച്ച് പിടിച്ചു. ഏഴ് മണിക്ക് കൗണ്ടർ തുറക്കുമ്പോൾ ആദ്യ ടിക്കറ്റ് എനിക്ക്! ചൂട് കാരണം പക്ഷികളുടെ കോലാഹലം കുറവായിരുന്നു. പതിവ് പോലെ, ആ വിജന വനവീഥിയിൽ ഞാൻ ഏകനായി വെറുതെ നടന്നു. സാധാരണ കാണാറുള്ള പക്ഷികളെയല്ലാതെ കാര്യമായൊന്നും കണ്ടില്ല. കുറെ നടന്ന് തളർന്നപ്പോൾ അല്പനേരം ഇരിക്കാമെന്ന് വെച്ച് ഒരു മരത്തണലിൽ മാറിനിന്നു.

വൃക്ഷത്തലപ്പുകൾ നോക്കി വെറുതെ നിൽക്കുമ്പോൾ തൊട്ടുമുന്നിലെ മരത്തിൽ ഇലയനക്കം. കറുത്ത നിറം മാത്രമേ ഞാൻ കണ്ടുള്ളൂ. ചാടിയെഴുന്നേറ്റ് കാമറ എടുത്ത് ക്ലിക്കി…. ഏതാനും സെക്കണ്ടുകൾ മാത്രം. …അത്യാവശ്യം നല്ല ഷട്ടർ സ്പീഡിൽ ആയിരുന്നത് കൊണ്ട് കുറച്ചധികം ഫ്രെയ്മുകൾ പതിഞ്ഞുകിട്ടി .

സ്ക്രീൻ നോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. ചുവന്ന ചുണ്ടുകളും കടും കറുപ്പ് തൂവലുകളുമുള്ള ഡോളർ ബേർഡ്ന്റെ ഇണചേരൽ രംഗമാണ് പകർത്തിയിരിക്കുന്നത്. അപൂർവ്വമായി മാത്രം ലഭിക്കുന്ന ചിത്രം. പക്ഷിയെ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇണചേരുന്ന ചിത്രം കിട്ടുന്നത് ആദ്യമാണ്. ധന്യമായ ഒരു ദിവസത്തിന്റെ സംതൃപ്തിയിലാണ് കാടിനോട് വിടപറഞ്ഞത്.