ഏതാണ്ട് ആറ് മാസം മുമ്പ്, ഫോർട്ട് കൊച്ചി-മട്ടാഞ്ചേരി പൈതൃക നഗരിയിലെ കറക്കത്തിനിടെയാണ് ഇടിഞ്ഞു വീഴാറായ ചെങ്കൽ കമാനം ശ്രദ്ധയിൽ പ്പെട്ടത്. ഏതോ ചരിത്ര സ്മാരകത്തിന്റെ ബാക്കിയാണെന്ന് മാത്രമേ പരിസരവാസികൾക്കറിയൂ. തുടർന്നുള്ള അന്വേഷണം ചെന്നെത്തിയത് ഹോർത്തുസ് മലബാറിക്കസിലാണ്. മൂന്നര നൂറ്റാണ്ട് മുമ്പ്, കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻറിക് വാൻ റീഡ് ഹോർത്തുസ് മലബാറിക്കസിന്റെ രചനക്ക് ആവശ്യമായ ഔഷധ ചെടികൾ ശേഖരിച്ചു നട്ടുവർത്തിയ ഉദ്യാനമായിരുന്നു ഇത്. ഡച്ച് ഭാഷയിൽ hortus എന്നാൽ പൂന്തോട്ടം എന്നാണർത്ഥം. ആ സ്ഥലം ഇന്ന് അറിയപ്പെടുന്നത് ഓടത്ത എന്നാണ്.
തുടർന്ന്, വാൻ റീഡ് അക്കാലത്ത് താമസിച്ച വീടും, അപ്പു ഭട്ട്, വിനായക് പണ്ഡിറ്റ്, രംഗ ഭട്ട് എന്നിവരുടെ ശില്പവും കണ്ട് പിടിച്ചു. കുറെ ചിത്രങ്ങളെടുത്തു.
ഇക്കഴിഞ്ഞ ജനുവരിയിൽ ഹോർത്തുസിന്റെ മലയാള പരിഭാഷകനായ ഡോ കെ എസ് മണിലാൽ മരണപ്പെട്ടപ്പോഴാണ് ആ ചിത്രങ്ങളെക്കുറിച്ചു വീണ്ടും ഓർത്തത്.
ഹോർത്തുസിന്റെ രചനയിൽ നിർണ്ണായ പങ്ക് വഹിച്ച കൊങ്കിണി വൈദ്യൻമാരുടെ അനന്തരാവകാശികൾ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നറിയാനാണ് മട്ടാഞ്ചേരിയിലെ പ്രശസ്തമയ തിരുമല ദേവസ്വം ക്ഷേത്ര പരിസരത്തു ചെന്നത്. ധാരാളം കൊങ്കിണി ബ്രഹ്മണ കുടുംബങ്ങൾ ഇന്നും അവിടെ താമസിക്കുന്നുണ്ട്. അവിടെ വെച്ചാണ് കൊങ്കിണി സാഹിത്യകാരനും ഗവേഷകനുമായ ബാലകൃഷ്ണ മല്യയെ കണ്ടുമുട്ടിയത്. മലയാളം, ഇംഗ്ലീഷ്,
കൊങ്കിണി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന മല്യയിൽ നിന്നാണ് ഫീച്ചറിന് ആധാരമായ സുപ്രധാന വിവരങ്ങൾ കിട്ടിയത്.
കൊങ്കിണികൾ നടത്തുന്ന അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റിലെ ഭാസ്കർ ഷേണോയ് ഹോർത്തുസ് സംബന്ധിച്ച് ഗോവയിൽ നടന്ന ഗവേഷണ സെമിനാറിന്റെ വിലപ്പെട്ട രേഖകൾ നൽകി സഹായിച്ചു.
വർഷങ്ങൾക്ക് മുൻപ്, ബി എ ക്ക് കേരള ചരിത്രം പഠിക്കുമ്പോൾ ഹോർത്തുസിനെ കുറിച്ച് വായിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ആ ചരിത്ര ഭൂമികയിലൂടെ സഞ്ചരിക്കാനും അതിനെക്കുറിച്ച് എഴുതാനും കഴിഞ്ഞതിൽ അനല്പമായ ആഹ്ലാദമുണ്ട്.
