മായാമോഹിനീ, സ്വപ്ന സുന്ദരീ, ഞാൻ ക്ഷമിച്ചിരിക്കുന്നു……ഒരായിരം തവണ എന്നെ തേച്ചിട്ട് പോയതിന്, നീ ചേക്കേറിയ ചില്ലയിൽ കണ്ണും നട്ടിരുന്ന എന്നെ കബളിപ്പിച്ചു എവിടെയൊക്കെയോ പോയി ചുറ്റിയടിച്ചതിന്, ഇമവെട്ടാതെ നോക്കിനിൽക്കേ കണ്ണ് കഴച്ചു ഒരു നിമിഷം കണ്ണടച്ച തക്കംനോക്കി പറന്നകന്നതിന്, ഒന്നു ചിറകടിച്ചു കാണാൻ കൊതിച്ചു നിന്ന എന്നെ തിരിഞ്ഞു പോലും നോക്കാതെ ഉറക്കം നടിച്ചിരുന്നതിന്……. എല്ലാം എല്ലാം ഇന്ന് ഞാൻ ക്ഷമിച്ചിരിക്കുന്നു.
നന്ദി, ഒരായിരം നന്ദി….. തെളിഞ്ഞ നീലാകാശത്തിന് താഴെ ഇലകളില്ലാത്ത ആ ഒറ്റക്കിമ്പിൽ ചേക്കേറിയതിന്, ചിറകിലൊളിപ്പിച്ച വർണ്ണപ്രപഞ്ചം വിരിയിച്ചു കാട്ടി എനിക്ക് വേണ്ടി നൃത്തം ചെയ്തതിന്, പറന്നു പോയി വീണ്ടും വീണ്ടും അതേ ചില്ലയിൽ ചിറ കടിച്ചെത്തിയതിന്, ജിംനാസ്റ്റിക്കുകൾ കാട്ടി എന്നെ ത്രസിപ്പിച്ചതിന്….. നീ നൃത്തമാടുമ്പോൾ ഞാൻ ഏതോ മായിക ലോകത്തായിരുന്നു, പക്ഷെ എന്റെ കാമറകണ്ണുകൾ നിർത്താതെ കണ്ണടച്ച് തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നുണ്ടായിരുന്നു ……