പഴകി ദ്രവിച്ച മതിലാണിത്. പക്ഷെ  നൂറ്റാണ്ടുകളായി കേരളത്തിലെ മതസമൂഹങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തിൻ്റെ സാക്ഷ്യമായി അത് നിലകൊള്ളുന്നു. ഇത് പഴയന്നൂർ ഭഗവതി ക്ഷേത്രത്തെയും മട്ടാഞ്ചേരി പരദേശി സിനഗോഗിനെയും തമ്മിൽ വേർതിരിക്കുന്നു. കൊച്ചി രാജാവാണ് ക്ഷേത്രം പണികഴിപ്പിച്ചത്. സ്പെയിനിലെയും പോർച്ചുഗലിലെയും മത പീഡനത്തെത്തുടർന്ന് കേരളത്തിലേക്ക് കുടിയേറിയ ജൂത സമൂഹമാണ് 1568 ൽ സിനഗോഗ് നിർമ്മിച്ചത്. സിനഗോഗിന് പുറത്തുള്ള ജ്യുടൗണിൽ 

 കരകൗശല വസ്തുക്കളും തുണിത്തരങ്ങളും വിൽക്കുന്ന കടകൾ കൂടുതലും നടത്തുന്നത് കശ്മീരിൽ നിന്നുള്ള മുസ്ലീം വ്യാപാരികളാണ്. 2019-ൽ 96-ആം വയസ്സിൽ മരിക്കുന്നത് വരെ ജൂതസ്ത്രീയായ സാറാ കോഹൻ ജീവിച്ചത് ഇവിടെയാണ്. മരണം വരെ അവരെ പരിപാലിച്ചത് താഹ ഇബ്രാഹിം എന്ന തദ്ദേശിയനായ മുസ്‌ലിമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ചില ക്രിസ്ത്യൻ പള്ളികളും സെമിത്തേരികളും ഇന്നും ഇവിടെ നിലനിൽക്കുന്നു.

സഹവർത്തിത്വത്തിൻ്റെ സമാന മാതൃകകൾ കേരളത്തിൽ പലയിടത്തും കാണാൻ കഴിയും.

എങ്കിലും, വെറുപ്പിന്റെ വ്യാപാരികൾ തിരക്കിട്ട പണിയിലാണ്. മതസഹിഷ്ണുതയുടെ സമ്പന്നമായ പാരമ്പര്യമുണ്ടെങ്കിലും, സങ്കടകരമെന്നു പറയട്ടെ, വിദ്വേഷത്തിന്റെ അദൃശ്യമായ ഒരു മതിൽക്കെട്ട് നമുക്കിടയിൽ വളർന്നു കൊണ്ടിരിക്കുന്നു…… സംശയത്തിൻ്റെയും അവിശ്വാസത്തിൻ്റെയും കനത്ത മതിൽ.