കഴിഞ്ഞ പത്ത് വർഷത്തെ മോഡി ഭരണം ഏറ്റവും വലിയ ക്ഷതമേല്‍പ്പിച്ചത് ഇന്ത്യയിലെ ഭരണകൂട സ്ഥാപനങ്ങൾക്കാണ്. പൗരന്മാർക്ക് ഭരണഘടനാ അവകാശങ്ങളും നീതിയും ഉറപ്പു വരുത്തേണ്ട ഇത്തരം സ്ഥാപങ്ങൾ മുഴുക്കെ ഭരണകൂടത്തിന്റ മർദ്ദനോപകരണങ്ങൾ മാത്രമായി മാറുന്ന തേർവാഴ്ചയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ട് നാം കണ്ടത്. ഭീഷണിപ്പെടുത്തിയും നിയമങ്ങള്‍ ദുരുപയോഗം ചെയ്തും എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ ഇല്ലാതാക്കാനാണ് മോഡി ശ്രമിച്ചത്. ഒരു ജനകീയ ജനാധിപത്യ രാഷ്ട്രം എന്നതിൽ നിന്ന് ഇന്ത്യയെ ഒരു വംശീയ ജനാധിപത്യ (ethnic democracy) മാക്കി മാറ്റലായിരുന്നു ഈ നീക്കങ്ങളുടെ കാതലായ ലക്ഷ്യം.
രാജ്യത്തെ പൗരന്മാരെ ഒന്നായി കാണുന്നതിന് പകരം ഒരു പ്രത്യേക വിഭാഗത്തിന് മാത്രം എല്ലാ അവകാശങ്ങളും ലഭ്യമാക്കുകയും മറ്റുള്ളവരെ രാജ്യദ്രോഹികളും രണ്ടാംതരം പൗരന്മാരുമായി അവഗണിക്കുകയും ചെയുക എന്നതായിരുന്നു ഇതിന്റെ രീതി. മോഡി ഇതിന് മാതൃകയായി സ്വീകരിച്ചത് ലോകത്തെ ഏറ്റവും നീചമായ വംശീയ ഭരണം നിലനിൽക്കുന്ന ഇസ്രായേലിനെയാണ്. സൈനിക ശക്തി ഉപോയോഗിച്ച് വ്യവസ്‌ഥിതിയെ മാറ്റുന്നതിന് പകരം ജനാധിപത്യ സംവിധാനങ്ങൾ തന്നെ ദുരുപയോഗം ചെയ്താണ് ഈ നീക്കങ്ങളത്രയും നടത്തിയത്.
ജുഡീഷ്യറി മുതൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരെയുള്ള എല്ലാ സംവിധാനങ്ങളും ഇത്തരം കയ്യേറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു.
അതേസമയം സർവ്വ നിയമങ്ങളും ധിക്കരിച്ച് അക്രമങ്ങളും കൊലപാതകങ്ങളും നടത്താൻ പശു ഗുണ്ടകൾക്കും ഇതര സംഘ് പരിവാർ ഏജൻസികൾക്കും യഥേഷ്ടം സ്വാതന്ത്യം നൽകി. അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ നിരപരാധികളുടെ ജീവനും സ്വത്തും നിർബാധം ഇടിച്ചു നിരത്തി മുന്നോട്ട് പോയി.
വിവേചനപരമായ നിയമങ്ങൾ നിർമിച്ചും നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്തും മുസ്‌ലിം ന്യൂനപക്ഷത്തെ അരികുവൽക്കരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ധാരാളമായി ഉണ്ടായി. മുത്വലാഖ്, ബാബരി, പൗരത്വ നിയമം, ഏക സിവില്‍കോഡിന് വേണ്ടിയുള്ള നീക്കങ്ങള്‍ തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. ഇതിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തിയ ആക്റ്റീവിസ്റ്റുകളെയും നേതാക്കളെയും രാജ്യദ്രോഹികളും തീവ്രവാദികളും അർബൻ നക്സലുകളുമാക്കി മുദ്രകുത്തി തുറങ്കിലടച്ചു.
ഒരു വംശീയ ജനാധിപത്യ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിയെടുക്കാനുള്ള മോഡിയുടെ നീക്കങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്ന കൃതിയാണ് Christophe Jaffelot ന്റെ
Modi’s India: Hindu nationalism and the rise of ethnic democracy എന്ന പുസ്തകം. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക പരിവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഫ്രഞ്ച്
ഇൻഡോളജിസ്റ്റും ഗ്രന്ഥകാരനനുമാണ് ജഫ്ഫര്‍ലോ. ധാരാളം പുസ്തകങ്ങള്‍ ഇത് സംബന്ധമായി അദ്ദേഹം എഴുതിയിട്ടുണ്ട്.
വംശീയ വിദ്വേഷം, സമൂഹത്തിന്റെ സൈനിക വൽക്കരണം, നുണ പ്രചരണം, വിവേചനപരമായ നിയമങ്ങള്‍ തുടങ്ങി ഒട്ടേറെ സമാനതകൾ ഇന്ത്യൻ ഫാസിസ്റ്റുകളും ഇസ്രാഈലി സയണിസ്റ്റുകളും തമ്മിൽ ഉണ്ടെന്ന് വസ്തുതകൾ നിരത്തി അദ്ദേഹം സമര്‍ത്ഥിക്കുന്നു.
ഇസ്രായേലിൽ വംശീയ ജനാധിപത്യം നിയമവിധേയമാണ്. പക്ഷെ ഇന്ത്യ ഭരണഘടന പ്രകാരം ഇപ്പോഴും ഒരു സെക്കുലർ ഡെമോക്രസിയാണ്. അനുയോജ്യമായ സാഹചര്യം വന്നാൽ ഭരണഘടന മാറ്റി എഴുതി ഹിന്ദുത്വ ശക്തികള്‍ ഇന്ത്യയെ ഒരു പൂര്‍ണ്ണ ഹിന്ദു രാഷ്ട്രമാക്കി മറ്റും എന്ന ആശങ്ക പലരും പങ്കുവെക്കുന്നത് ഈ സാഹചര്യത്തിലാണ്.
മോഡിയും നെതന്യാഹുവും തമ്മിലുള്ള സൗഹൃദവും ബിജെപി ഗവണ്‍മെന്‍റുകളുടെ ബുൾഡോസർ നീതിയുമൊന്നും വെറും യാദൃശ്ചികതകളല്ല. പലസ്തീനികളെ മനുഷ്യരായി പോലും കാണാൻ വിസമ്മതിക്കുന്ന നെതന്യാഹുവിന്റെയും മുസ്ലിംകൾക്കെതിരെ വിഷം വമിക്കുന്ന മോഡിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണ രീതികളിൽപോലും വലിയ സമാനതകളുണ്ടെന്ന് ജഫർലോ ഈയിടെ ഒരു ആഭിമുഖ്യത്തിൽ സൂചിപ്പിക്കുകയുണ്ടായി. ‘I am of the secret service of Bajrang Dal. Israel’s Mossad is my inspiration’ എന്ന് ഒരു ബജറങ് ദൾ നേതാവ് പറയുന്നതായും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
ചരിത്രപുസ്തകങ്ങൾ തിരുത്തിയും മാധ്യമങ്ങളെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെയും ഭീഷണിപ്പെടുത്തിയും വംശീയ രാഷ്ട്രത്തിന് അനുകൂലമായ മുസ്ലിം വിരുദ്ധ പൊതു ബോധം സൃഷ്ടിച്ചെടുക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ ധാരളമായി നടന്നിട്ടുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് തെരഞ്ഞെടുപ്പ് കാലത്ത് മോഡി നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ പ്രസ്താവനകളും അതിന് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന മൗനാനുവാദവും.
2024 ലെ പൊതുതെരഞ്ഞെടുപ്പ് മോഡിക്ക് മൂന്നാം ഊഴമാണ് നൽകുന്നതെങ്കിൽ ഒരു മതേതര ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇനി INDIA മുന്നണിക്കാണ് ഭരണം ലഭിക്കുന്നതെങ്കിൽ പോലും ജനധിപത്യ സ്ഥാപങ്ങൾക്ക് മോഡി ഭരണം ഏല്പിച്ച പരിക്കുകൾ ഭേദമാക്കാൻ വർഷങ്ങളുടെ പ്രയത്നം വേണ്ടിവരുമെന്നതും തീർച്ചയാണ്. ജൂണ്‍ 4 സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വിധി നിര്‍ണ്ണായക ദിനമാവുന്നത് അത്കൊണ്ടാണ്.
Tags: Chirstophe Jafferlot, Democracy, Ethnic democracy, India, Israel, Narendra Modi, Zionism