ഐതിഹാസികമായ മാപ്പിള സമരത്തെ മതഭ്രാന്ത് ഇളകിയ മാപ്പിളമാർ നടത്തിയ വർഗീയ കലാപമായി ചിത്രീകരിക്കാൻ തുടക്കം മുതൽ തന്നെ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. പോരാട്ടം തുടങ്ങി മാസങ്ങൾക്കകം ധൃതി പിടിച്ചു ബ്രിട്ടീഷ് ഭരണകൂടം തയ്യാറാക്കിയ സിനിമ ഈശ്രമത്തിന്റ ഭാഗമായിരുന്നു. സിനിമ ആരംഭിക്കുന്നത് തന്നെ ‘മതഭ്രാന്തിളകിയ മാപ്പിളമാരുടെ ആവേശമാണ് ഇപ്പോഴത്തെ കലാപത്തിന്റെ പ്രധാന കാരണം’ എന്ന് പറഞ്ഞുകൊണ്ടാണ്.
തിളച്ചുമറിഞ്ഞിരുന്ന ഖിലാഫത്ത് സമരത്തെ കുറിച്ചോ, മലബാറിൽ അന്ന് നിലനിന്നിരുന്ന ജന്മികുടിയാൻ ബന്ധത്തെകുറിച്ചോ കടുത്ത പട്ടിണിയെ കുറിച്ചോ ഒരു പരാമർശം പോലും സിനിമയിൽ ഇല്ല. അതേസമയം ഹിന്ദുക്കൾ നേരിട്ട പ്രയാസങ്ങളെ കുറിച്ച് ആകുലപ്പെടുന്നുമുണ്ട്. സമരത്തെ ഹിന്ദുക്കൾക്കെതിരായ കലാപമായി പ്രചാരം നേടുന്നതിൽ ഈ ശ്രമങ്ങൾ വലിയ പങ്ക് വഹിച്ചു.
പുറം ലോകത്ത് നടന്ന ഈ പ്രചാരണത്തിന് മറുപടി എന്ന നിലക്കാണ് സമര നായകനായിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ സംഘടനക്കും ‘ദ ഹിന്ദു’ പത്രത്തിനും കത്തുകൾ അയച്ചത്. പല വിദേശ പത്രങ്ങളും അന്ന് ആ കത്തുകൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. ലോകത്ത് നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെ കുറിച്ചും സംഘടനകളെകുറിച്ചും ഹാജിക്ക് അറിവുണ്ടായിരുന്നു എന്ന് ഇത് തെളിയിക്കുന്നു. മാപ്പിളമാർ പോരാടുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്നും മത പരിവർത്തനം ബ്രിട്ടീഷ് ചാരന്മാരുടെ പണിയാണെന്നും ഹാജി വ്യക്തമാക്കുന്നുണ്ട്.
“ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം ചെയ്യുന്നു എന്ന ചില കേസുകളെ കുറിച്ച് എനിക്ക് വിവരം ലഭിച്ചു. എന്നാൽ ശരിയായ അന്വേഷണത്തിന് ശേഷം ഇതിലെ ഉപജാപം എനിക്ക് ബോധ്യപ്പെട്ടു. ഈ കുറ്റങ്ങൾ ചെയ്ത കിരാതർ ബ്രിട്ടീഷ് റിസർവ് പോലീസിന്റെയും ബ്രിട്ടീഷ് ഇന്റലിജിൻസ് ഡിപ്പാർട്മെന്റിന്റെയും ആളുകളാണ്. അവർ ഞങ്ങൾക്ക് ദുഷ്പേരുണ്ടാക്കാൻ വേണ്ടി ഞങ്ങളുടെ പേരിൽ അത്തരം നിന്ദ്യമായ കാര്യങ്ങൾ ചെയ്യുകയാണ്. ഈ ബ്രിട്ടീഷ് ചരന്മാർക്കിടയിൽ ഹിന്ദുക്കളും മാപ്പിളമാരും ക്രിസ്ത്യാനികളും എല്ലാമുണ്ട്. അവർക്ക് അർഹിക്കുന്ന വധശിക്ഷ തന്നെ നൽകിയിട്ടുണ്ട്. ഞങ്ങൾ ഇംഗ്ലണ്ടുമായി യുദ്ധത്തിലാണ്. ഞങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയാണ്. അമേരിക്കയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്കക്കാർ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ചെയ്തത് തന്നെയാണ് ഞങ്ങളും ചെയ്യുന്നത്. അത് കൊണ്ട് ശത്രുവിനു സഹായമോ സ്വാസ്ഥ്യമോ നൽകുന്ന ഏതൊരുത്തനും അയാളുടെ സാമൂഹിക പദവിയോ മതമോ നോക്കാതെ കഠിനമായി കൈകാര്യം ചെയ്യപ്പെടും. അതിനാൽ, വാഷിങ്ടനെന്ന മഹാപ്രദേശത്തിലെ ഉൽകൃഷ്ഠരായ ജനം, മലബാറിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ മുഴുവൻ സത്യവും അറിയാൻ അവസരം ലഭിക്കുന്നത് വരെ തങ്ങളുടെ വിധി തീർപ്പുകൾ നീട്ടിവെക്കുക.”
പോരാട്ടത്തിൽ ഹിന്ദു പടയാളികളുടെ സാനിധ്യം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ സായുധ പോരാട്ടത്തിന്റെ നേതൃ നിരയിൽ തന്നെ ഹൈന്ദവ നേതാക്കൾ ഉണ്ടായിരുന്നു എന്നതാണ് സത്യം. സായുധ സമരം തുടങ്ങി രണ്ടാം ദിവസം നടന്ന വിപ്ലവ കൗൺസിലിന്റെ ആദ്യം യോഗം നടന്നത് പാണ്ടിയാട്ട് നാരായണൻ നമ്പീശന്റെ തറവാടായ തെക്കെകളം വീട്ടുമുറ്റത്താണ്. യോഗധ്യക്ഷൻ നാരായണൻ തന്നെ. യോഗ തീരുമാനങ്ങൾ എഴുതി തയ്യാറാക്കിയത് കാപ്പാട്ട് കൃഷ്ണൻ നായർ. ആദ്യത്തെ രണ്ടു തീരുമാനംങ്ങൾ നിർബന്ധിത മത പരിവർത്തനത്തിനെതിരെയുള്ള കടുത്ത താക്കീത് ആയിരുന്നു.പറമ്പോട്ട് അച്യുതൻ കുട്ടി മേനോൻ, പൂന്താനം രാമൻ നമ്പൂതിരി തുടങ്ങിയ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളും യോഗത്തിൽ സന്നിഹിത രായിരുന്നു.മുൻ പട്ടാളക്കാരായിരുന്ന നായിക് നീലാണ്ടനും നായിക് താമിയും പോരാട്ടത്തിന്റ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു.ഗറില്ല പരിശീലനത്തിന്റ ഭാഗമായി നടന്ന വെള്ളിനേഴി ക്യാമ്പിൽ ആയിരത്തോളം ഹിന്ദു പടയാളികൾ ഉണ്ടായിരുന്നു. ക്യാമ്പിലേക്കുള്ള ഭക്ഷണം എത്തിച്ചത് പ്രമുഖ തറവാടായിരുന്ന ഒളപ്പമണ്ണ മനയിൽ നിന്നും.സമരത്തിന്റെ പേരിൽ ചാർജ് ചെയ്യപ്പെട്ട പല കേസുകളിലും പ്രധാന പ്രതികൾ ഹിന്ദുക്കളായിരുന്നു. ചെറുപ്പളശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണ കേസിലെ ഒന്നാം പ്രതി കുർശ്ശിക്കളത്തിൽ കേശവൻ നായർ ആയിരുന്നു. ചുരിയോട് പാലം ആക്രമണം കേസിൽ ഒന്നാം പ്രതിയായിരുന്നു ഇടച്ചോല കുട്ടപ്പണിക്കർ…. പട്ടിക നീളുന്നു.അന്ന് ബ്രിട്ടീഷുകാരും ഇന്ന് സംഘികളും പ്രചരിപ്പിക്കുന്ന പോലെ മാപ്പിള മതഭ്രാന്ത് ആയിരുന്നില്ല മലബാർ സമരം എന്ന് ഇതെല്ലാം തെളിയിക്കുകുന്നു.
സമരത്തിന് ഒരു നൂറ്റാണ്ടു തികയുന്ന വേളയിൽ ഒട്ടേറെ പ്രാദേശിക പഠനങ്ങൾ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. ഫാസിസത്തിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം ഓർമ്മകളെ ജ്വലിപ്പിച്ചു നിർത്തലാണ്. ആ ദൗത്യം സമുദായത്തിലെ യുവ ഗവേഷകർ സധൈര്യം ഏറ്റെടുത്തിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഇതിനകം പുറത്തിറങ്ങിയ പുതിയ പഠന ങ്ങൾ.