തലയുള്ളപ്പോൾ വാലില്ല, വാലുള്ളപ്പോൾ തലയില്ല, വാലും തലയുമുള്ളപ്പോൾ ചിറകിന് ഷെയ്പ് ഇല്ല. എല്ലാം ഒത്തുവന്നപ്പോൾ ചിത്രം ഔട്ട് ഓഫ് ഫോക്കസ്…….. ശര വേഗത്തിൽ നിർത്താതെ പറന്നുകൊണ്ടിരിക്കുന്ന, barn swallow(കത്രികക്കിളി)യുടെ ചിത്രം എടുക്കാനുള്ള ശ്രമത്തിലായിരുന്നു.
5-7 ഇഞ്ച് നീളം, തൂക്കം 20 ഗ്രാമിൽ താഴെ, മണിക്കൂറിൽ 50-60km വേഗത്തിൽ പറക്കാൻ കഴിയും. പറക്കുന്നതിനിടെ വെട്ടിത്തിരിഞ്ഞു മറ്റൊരു ദിശയിലേക്ക് പറക്കുന്നത് ഈ പക്ഷിയുടെ പ്രത്യേകതയാണ്. പിടി തരാതെ പറന്നുകൊണ്ടിരുന്ന പക്ഷിക്ക് പിന്നാലെ വിടാതെ ഞാനും. കൈ കഴക്കും മുൻപേ ഡാറ്റാ കാർഡ് സ്വാഹാ. കാർഡ് മാറ്റിയിട്ടു വീണ്ടും ക്ലിക്ക് ക്ലിക്ക് ക്ലിക്ക്.
ഡിജിറ്റൽ യുഗമേ നന്ദി. ഇല്ലെങ്കിൽ പറമ്പല്ല പുരയും പണയം വെക്കേണ്ടിവരും. ഫിലിം കാമറ കാലത്ത് ഇത്തരം ഭ്രാന്തുകളൊക്കെ കൊണ്ടുനടന്ന മഹാരഥന്മാരെ മനസ്സാ നമിച്ചു. ആയിരക്കണക്കിന് ഏക്കറുകളിൽ പരന്നു കിടക്കുന്ന തൃശൂർ കോൾപാടം ആയിരുന്നു രംഗവേദി.
ദേശാടന പക്ഷികളുടെ കേരളത്തിലെ ഏറ്റവും വലിയ പറു ദീസയാണിവിടം, പക്ഷി നിരീക്ഷകരുടെയും. പല സന്ദർശങ്ങളിലായി ഒട്ടനേകം പക്ഷികളെ ഇവിടെനിന്നു കാമറയിൽ പകർത്തിയിട്ടുണ്ട്.കത്രികകിളിയുടെ ആഗ്രഹിച്ച നിലവാരത്തിലുള്ള ഒരു ഫ്രയിം ഇനിയും കിട്ടിയിട്ടില്ല. ബാക്കിയാവുന്ന മോഹങ്ങളാണല്ലോ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പക്ഷികളെ തേടി ഈ പറു ദീസയിൽ ഇനിയും ഞാൻ വരും…….