പ്രവാചകൻ മുഹമ്മദ് (സ)യുടെ ജീവിതവും സന്ദേശവും ദൃശ്യവൽക്കരിക്കാനുള്ള ലോക സിനിമ ചരിത്രത്തിലെ ഗൗരവപൂർവ്വമായ ശ്രമങ്ങളിലൊന്നായിരുന്നു 1977ൽ പുറത്തിറങ്ങിയ മുസ്തഫ അക്കാദിന്റെ ദി മെസ്സേജ് എന്ന ചിത്രം. നിറഞ്ഞ കണ്ണുകളോടെയല്ലാതെ ഒരു വിശ്വാസിക്ക് കണ്ടു തീർക്കാൻ കഴിയാത്ത ഒരു അത്യപൂർവ ചലച്ചിത്ര കാവ്യം.
പ്രവാചക ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങളെ അതിന്റെ എല്ലാ ചാരുതകളോടും കൂടി അഭ്ര പാളിയിൽ പകർത്തിവെച്ച ചിത്രം.
ആദ്യ വെളിപാടിന്റെ പ്രഖ്യാപനം, ബിലാലിന്റെ മോചനം, ഹംസയുടെ ഇസ്ലാം ആശ്ലേഷണം, ഹിജ്റ, ബദർ ഉഹ്ദ് രണാംഗണങ്ങൾ, മക്ക വിജയം തുടങ്ങി വായിച്ചും കേട്ടും പരിചയിച്ച സംഭവ പരമ്പരകൾ കണ്മുൻപിൽ ഇതൾ വിരിയുന്നത് ചങ്കിടിപ്പോടെയല്ലാതെ കണ്ടുനിൽക്കാനാവില്ല.
ഏഴാം നൂറ്റാണ്ടിലെ മക്ക ജീവിതത്തെ അതിന്റെ എല്ലാ സൂക്ഷ്മാംശങ്ങളോടും കൂടി പുനരാവിഷ്ക്കരിക്കുന്ന ലിബിയൻ മരുഭൂയിലെ സെറ്റും ചരിത്രകഥാപാ ത്രങ്ങളുടെ മുഴുവൻ ഗരിമയും തെളിയിച്ചു കാട്ടുന്ന വസ്ത്രാലങ്കാരങ്ങളും ആരെയും അതിശയിപ്പിക്കുന്നതാണ്. എല്ലാ വർഗ്ഗ വർണ്ണ ഭാഷാ വൈജാത്യങ്ങൾക്കുമപ്പുറം മനുഷ്യൻ ഏകനായ ദൈവത്തിന്റെ സൃഷ്ടികളാണെന്ന ഇസ്ലാമിന്റെ അടിസ്ഥാന തത്വമാണ് സിനിമയുടെ കാതൽ. അത് കൊണ്ട് തന്നെ കറുത്ത നീഗ്രോ അടിമയായിരുന്ന ബിലാൽ തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കുലീനനായ വെളുത്ത അറബിയുടെ ചുമലിൽ ചവിട്ടിക്കയറി പ്രവാചകന്റെ പള്ളിയുടെ മുകളിൽനിന്ന് ബിലാൽ ചരിത്രത്തിലെ ആദ്യത്തെ ബാങ്ക് വിളി മുഴക്കുന്ന രംഗം ഒരിക്കലും മായാത്ത ചിത്രമായി മനസ്സിൽ ബാക്കിനിൽക്കും. പിന്നീട്, പ്രവാചകൻ മക്ക ജയിച്ചടക്കിയപ്പോഴും വിശുദ്ധ കഅബയുടെ മുകളിൽ കയറി ബാങ്ക് വിളിക്കാൻ പ്രവാചകൻ തെരഞ്ഞെടുത്തത് ബിലാലിനെത്തന്നെയായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഒരിക്കൽ പോലും പ്രവാചകൻ ഒരു കഥാപാത്രമായി കടന്നു വരുന്നില്ല. പ്രവാചകന്റെ ചിത്രമോ രൂപമോ ചിത്രീകരിക്കാൻ പാടില്ല എന്ന വിശ്വാസത്തെ ആദരിച്ചുകൊണ്ടാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. അനുയായികളിലൂടെ അദ്ദേഹം സംസാരിക്കുമ്പോൾ പ്രവാചകന്റെ ഒട്ടകത്തിലൂടെ അദ്ദേഹത്തിന്റെ സാനിധ്യം ദൃശ്യവൽക്കരിക്കുകയുമാണ് ചെയ്യുന്നത്.
പ്രവാചകത്വം മുതൽ മക്കാ വിജയം വരെയുള്ള ചരിത്രമാണ് അക്കാദ് പ്രമേയമാക്കിയതെങ്കിൽ, പ്രവാചകന്റെ കുട്ടിക്കാലം പ്രമേയമാക്കി നിർമിച്ച സിനിമയാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദിയുടെ Muhammad: Messenger of God. 2015 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഷിയാക്കളും സുന്നികളും തമ്മിൽ അഭിപ്രായ വ്യത്യാസം പൊതുവെ കുറഞ്ഞ വിഷയമായതുകൊണ്ടാണ്
പ്രവാചകന്റെ കുട്ടിക്കാലം പ്രമേയമാക്കിയതെന്നു മജീദി പറയുന്നു.
അക്കാദിന്റെ സിനിമയിൽനിന്ന് വ്യത്യസ് തമായി, ബാലനായ മുഹമ്മദിനെ മുഖം വ്യക്തമാക്കാതെ ചിത്രത്തിൽ കാണിക്കുന്നുണ്ട്.
മൂന്നു ഘട്ടങ്ങളായി പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ സീരിസിലെ ആദ്യ സിനിമയാണിത് എന്നും മജീദി പറയുന്നുണ്ട്. തുടർ ഭാഗങ്ങൾ ഇത് വരെ പുറത്തിറങ്ങിയിട്ടില്ല.
2001 സെപ്റ്റംബറിൽ അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്നു ഇസ്ലാമും മുസ്ലിംകളും കടുത്ത വിമർശനങ്ങൾക്ക് വിധേയമായ പശ്ചാത്തലത്തിൽ, പ്രവാചകനെക്കുറിച്ചു മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒരു ഡോക്യൂമെന്ററി BBC സംപ്രേക്ഷണം ചെയ്യുകയുണ്ടായി. അന്ന് ബിബിസിയുടെ ലേഖ കനായിരുന്ന റാഗേ ഒമർ ഇസ്ലാമിന്റെ ചരിത്രഭൂമികളിലൂടെ സഞ്ചരിച്ചാണ് ഇത് തയ്യാറാക്കിയത്. പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും ചിന്തകനുമായ സിയാവുദ്ധീൻ സർദാറാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്. മൂന്നു എപ്പിസോഡുകളായി സംപ്രേക്ഷണം ചെയ്യപ്പെട്ട ഈ ഡോക്യൂമെന്ററിയിൽ മുസ്ലിംകളും അല്ലാത്തവരുമായ പണ്ഡിതന്മാരുടെ ഒരു നീണ്ട നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രവാചക ജീവിതത്തെ വിമർശന ബുദ്ധ്യാ വിലയിരുത്തുന്ന ജൂത ക്രൈസ്തവ പണ്ഡിതന്മാരുടെ വീക്ഷണങ്ങൾ കൂടി ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഏതാണ്ട് പത്തു മണിക്കൂർ വരുന്ന ഈ മൂന്ന് ദ്ര്യശ്യാവിഷ്കാരങ്ങൾ ഇസ്ലാമിനെയും പ്രവാചകനെയും എളുപ്പത്തിൽ മനസ്സിലാക്കാൻ വലിയൊരളവോളം സഹായകമാണ്.
ഇരുപത് വർഷങ്ങൾക്ക് ശേഷം ദി മെസ്സേജ് എന്ന ചിത്രം വീണ്ടും കണ്ടപ്പോഴാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ തോന്നിയത്.
ഹുസൈൻ കൊടിഞ്ഞി