‘ഞാൻ എപ്പോഴെങ്കിലും ഒരു മതം സ്വീകരിക്കുകയാണെങ്കിൽ അത് അലി ശരീഅത്തിയുടെ മതമായിരിക്കു’മെന്ന് ഫ്രഞ്ച് തത്വചിന്തകനായിരുന്ന സാർതൃ പറഞ്ഞതായി പലയിടത്തും വായിച്ചിട്ടുണ്ട്.
എന്തായിരുന്നു ശരീഅത്തിയുടെ മതം?
താടിയിലും മീശയിലുമാണ് മതമെന്ന് തെറ്റിദ്ധരിച്ച അക്ഷരവായനക്കാരുടെ മതമായിരുന്നില്ല അത്!
അധികാരത്തിന്റെ അന്തപുരങ്ങളിൽ കാങ്കാണിപ്പണിയെടുക്കുന്നവരുടെ മതവുമായിരുന്നില്ല അത്!
ജനതതികളുടെ വിമോചനത്തിനും ഏഴകളുടെ കണ്ണീരൊപ്പാനും കഴിവുള്ള ഒരു വിമോചനപ്രത്യയ ശാസ്ത്രമായിരുന്നു ശരീത്തിയുടെ മതം.
ഇസ്ലാമിന്റെ സാമൂഹിക ദൗത്യത്തെ ക്കുറിച്ച് ‘The sociology of religion’ എന്ന പേരിൽ അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പര അരമനകളെ കിടിലം കൊള്ളിച്ചു എന്ന് ചരിത്രം രേഖപെടുത്തുന്നു.
പക്ഷെ, നിങ്ങളുടേത് അലിയുടെ ഖുർആനോ അതോ മുആവിയയുടെ ഖുർആനോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ ശരീഅത്തിക്ക് രണ്ട് തരം ഖുർആൻ ഉണ്ട് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയേ അദ്ദേഹത്തിന്റെ വിമർ ശകർക്ക് ഉണ്ടായുള്ളൂ!!
കീഴൊതുങ്ങാത്ത സ്വാതന്ത്ര്യ ബോധവും മനുഷ്യനെ ഒന്നായിക്കാണുന്ന സാമൂഹിക നീതിയുമാണ് ആ മതത്തിന്റെ കാതൽ. അത് പള്ളിയിലോ പ്രാർത്ഥനാ സദസ്സിലോ കാണുന്ന ആൾക്കൂട്ടമല്ല.
കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടായി ലോകത്തെ അടക്കിവാണ സാമ്രാജ്യത്വ മുഷ്കിന് മുന്നിൽ ഇറാനിയൻ ജനത നെഞ്ച് വിരിച്ച് നിൽക്കുമ്പോൾ ആ ജനത ഊർജ്ജം സ്വീകരിക്കുന്നത് അണുവായുധത്തിൽ നിന്നല്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പക്ഷെ എപ്സ്റ്റീൻ ക്ളാസിന് ഇല്ലാതെ പോയി എന്നതാണ് അവർക്ക് പറ്റിയ പരാജയം.