1980. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ ഒന്നാം വാർഷികാഘോഷം നടക്കുകയാണ്
ടെഹ്‌റാനിൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അനേകം പണ്ഡിതന്മാരും നയതന്ത്രജ്ഞരും പങ്കെടുക്കുന്ന ഗംഭീര സദസ്സ്. ഇന്ത്യയിൽ നിന്ന് പോയ പ്രഗത്ഭരായ മുസ്‌ലിം പണ്ഡിതന്മാരുടെ ഒരു സംഘവും അക്കൂട്ടത്തിലുണ്ട്.
ളുഹർ നമസ്‍കാരത്തിന് (മധ്യാഹ്ന നമസ്കാരം) സമയമായി. ഷിയാ വിശ്വാസികളുടെ കൂടെ ചേർന്ന് നിസ്കരിക്കാൻ വൈമനസ്യമുള്ള സുന്നികളായ ഇന്ത്യൻ പണ്ഡിത സംഘം വേദിയുടെ ഒരു ഭാഗത്തേക്ക് മാറിനിന്നു നിസ്കാരം ആരംഭിച്ചു.
അപ്പോഴാണ് വേദിയിൽ നിന്ന് അനൗസ് മെന്റ് മുഴങ്ങിയത്……ധാരാളം സുന്നി സഹോദരന്മാർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഒരു സുന്നി പണ്ഡിതൻ നമസ്ക്കാരത്തിന് നേതൃത്വം നൽകുന്നതായിരിക്കും.!!!!
……..
ഒരു കാലത്ത് കോഴിക്കോടും പരിസരത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധാരാളം ഇറാനിയൻ വിദ്യാർത്ഥികൾ പഠിച്ചിരുന്നു. കോഴിക്കോട്ടെ ഇസ്‌ലാമിക പ്രവർത്തകരുമായി ഇവർക്ക് ഊഷ്മള ബന്ധവുമുണ്ടായിരുന്നു.
അങ്ങനെയിരിക്കെ, പ്രശസ്ത സൂഫി ചിന്തകനായ സി ഹംസ, ഇറാനിയൻ ചിന്തകനായിരുന്ന അലി ശരീഅത്തിയുടെ ‘രക്തസാക്ഷ്യം’ എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ തീരുമാനിച്ചു. ഇറാനിയൻ വിദ്യാർഥികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഹംസ ഈ വിവരം അവരുമായി ചർച്ച ചെയ്തു.
അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
“ആ പുസ്തകത്തിൽ സഹാബത്തി (പ്രവാചകന്റെ അനുചരന്മാർ) നെ കുറിച്ച് മോശമായ പരാമർശം ഉണ്ട്. കേരളത്തിൽ നിങ്ങൾ അത് പ്രസിദ്ധീകരിക്കരുത്”. പുസ്തകം പക്ഷെ പ്രസിദ്ധീകരിക്കപ്പെട്ടു.
ശിയാക്കളെ മുസ്ലികളായിട്ടാണ് ലോകത്തെങ്ങുമുള്ള മുസ്ലിം സമൂഹം കണക്കാക്കുന്നത്. അതേസമയം, സുന്നി, സലഫി, ഇസ്ലാമിസ്റ്റ് ചിന്താധാരകളില്‍ ഉള്ള പോലെ ശിയാക്കള്‍ക്കിടയിലും മിതവാദികളും അതിവാദക്കാരുമുണ്ട്. ശിയാ വിശ്വാസത്തെ എതിര്‍ക്കുന്നവര്‍പോലും ഇറാന്‍ എന്ന രാഷ്ട്രത്തെ പിന്തുണക്കുന്നത് ആ രാജ്യം ഇക്കാലമത്രയും പുലര്‍ത്തിപ്പോന്ന അചഞ്ചലമായ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിന്‍റെ പേരിലാണ്.
പക്ഷേ, കേരളത്തിലെ ചില സുന്നി, സലഫി അന്തംകമ്മികള്‍ക്ക് ഇതൊന്നും ബാധകമല്ല. അവരിപ്പോഴും, ആരെക്കെയോ ചേർന്ന് കേരളത്തിലെ മുസ്ലിംകൾക്കിടയിൽ ശിയായിസം ഒളിച്ചു കടത്തുകയാണെന്ന് എഴുതിയും പ്രസംഗിച്ചും നടക്കുന്നു. ശിയാക്കളായ ആ വിദ്യാർത്ഥികളുടെ ഔചിത്യ ബോധവും നിലവാരവും പല സംഘടന നേതൃത്വങ്ങൾക്കും ഇല്ലല്ലോ എന്നതാണ് ഖേദകരം.