പ്രിയ ഗുരു ഡോ ഹാൻഷി രത്തിനം (9th Dan black belt) ഇനിയില്ല. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായി ദുഖിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.
ഏതാണ്ട് ഒരു വർഷം മുമ്പ് എറണാകുളം ചവറ കൾച്ചറൽ സെന്റർ ഡോജോയിൽ വെച്ചാണ് ഹാൻഷിയെ ഞാൻ ആദ്യമായി നേരിൽ കാണുന്നത്. പിന്നീട് പലപ്പോഴായി സംസാരിക്കാൻ അവസരം ഉണ്ടായി.
ഷോറിൻ റിയൂ കരാത്തെയിൽ അത്യുന്നത പദവി അലങ്കരിക്കുന്ന, ലോകത്തിലെ അറിയപ്പെടുന്ന മാസ്റ്റർമാരിൽ ഒരാളായിരുന്നിട്ട് പോലും ഏറ്റവും സൗമ്യമായാണ് അദ്ദേഹം എപ്പോഴും പെരുമാറിക്കണ്ടിട്ടുള്ളത്.
വേൾഡ് കരാത്തെ കോൺഫെഡറേഷൻ (WKC) വൈസ് പ്രസിഡന്റ്റും ഇന്ത്യൻ കരാത്തെ കോൺഫെഡറേഷൻ (IKC) പ്രസിഡന്റ്റും ആയിരുന്നു അദ്ദേഹം.

ഗോജ് റിയൂ കാരാത്തെയിൽ നിന്ന് ഷോറിൻ റിയൂ സ്റ്റൈലിലേക്ക് മാറാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ എല്ലാ പ്രോത്സാഹനവും നൽകി ആവേശത്തോടെ പരിശീലനം തുടരാൻ അദ്ദേഹം എന്നെ അനുവദിക്കുകയായിരുന്നു. അങ്ങിനെയാണ് പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫറും ഗ്രന്ഥകാരനുമായ പ്രിയ ഗുരു റെൻഷി എൻ എ നസീറി (6th Dan black belt) ന്റെ ശിഷ്യനായി വീണ്ടും പരിശീലനം ആരംഭിച്ചത്. അത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
ഏറ്റവും അവസാനമായി എറണാകുളത്ത് നടന്ന ഒരു ദിവസത്തെ ക്യാമ്പിൽ വെച്ചാണ് ഹാൻഷിയെ അവസാനമായി കണ്ടത്. മുടങ്ങാതെ പരിശീലനം തുടരണമെന്നും ടെസ്റ്റിന് തയ്യാറാവണമെന്നുമൊക്കെ അദ്ദേഹം ആവശ്യപ്പെട്ടു.
ചെന്നൈയിൽ പരിശീലന ക്യാമ്പിൽ വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ ആയിരുന്നു. ആ സൗമ്യ സാനിധ്യം ഞങ്ങൾക്ക് എന്നും വലിയ പ്രചോദനമായിരുന്നു.
അതി പ്രഗത്ഭരായ മൂന്ന് മക്കളെ ഇന്ത്യൻ കരാത്തെക്ക് സമ്മാനിച്ചാണ് അദ്ദേഹം യാത്ര പറഞ്ഞത്. അദ്ദേഹത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ അവർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രിയ ഗുരുവിന് ആദരാജ്ഞലികൾ.
