നിങ്ങൾ ഒരു കാര്യം അതിയായി ആഗ്രഹിച്ചാൽ അത് നേടിത്തരാൻ പ്രകൃതി നിങ്ങൾക്കായി ഗൂഢാലോചന നടത്തുമെന്ന് പറഞ്ഞത് പൗലോ കൊയ്ലയാണ്.
അയല്പക്കത്തെ വീട്ട് മുറ്റത്ത് റംബൂട്ടാൻ മരം പൂവിട്ടത് മുതൽ എന്റെ മനസ്സിലെ മോഹവും മൊട്ടിട്ടിരുന്നു. ചുവന്ന് തുടുത്ത റംബുട്ടാൻ പഴം കൊത്തിതിന്നുന്ന ഒരു പക്ഷിയുടെ ചിത്രം.



ആ മരം പൂക്കുന്നതും കായ്ക്കുന്നതും പാകമാവുന്നതും അക്ഷമനായി ഞാൻ കാത്തിരുന്നു. പഴങ്ങൾ പഴുത്ത് വീഴാൻ തുടങ്ങിയതോടെ എന്റെ നെഞ്ചിടിപ്പ് കുടി. പഴങ്ങൾ തീർന്നു പോയാൽ എന്റെ സ്വപ്നവും അതോടെ വീണ് മണ്ണടിയും.
ചില ദിവസങ്ങളിൽ ബഹളം കേട്ട് കാമറയെടുത്ത് ഓടിയെത്തിയെങ്കിലും ആരും പിടി തന്നില്ല. ഇന്ന്, കാത്തിരുന്ന ആ ദിനമായിരുന്നു.

കൊതിച്ച പോലെ പഞ്ചാരപ്പനംതത്ത തന്നെ പറന്നു വന്നു. ചുവന്നു തുടുത്ത ചുണ്ടും ചുവന്നു പാകമായ പഴവും. നിന്ന നിൽപ്പിൽ നിർത്താതെ കാമറ കണ്ണടച്ചു തുറന്നുകൊണ്ടിരുന്നു. വിണ്ണിൽ സൂര്യകിരണങ്ങൾ ചിരിതൂകി നിന്നു. പ്രകൃതി ഒരുക്കിയ വെളിച്ചത്തിൽ നൂറുകണക്കിന് ചിത്രങ്ങൾ.


ആനന്ദലബ്ധിക്കിതിലപ്പുറമെന്ത് വേണം!!