“യുദ്ധം ബരാൻ പോണ് ണ്ട്ന്ന് കേട്ട്, ഇജ്ജ് ഒന്ന് സൂക്ഷിച്ചാളാ.” 2006 ൽ പുറത്തിറങ്ങിയ ‘പരദേശി’ എന്ന സിനിമയിൽ ‘പാക് പൗരനാ’യ രായിൻ നായകനായ മൂസക്ക് നൽകുന്ന മൂന്നറിയിപ്പാണിത്.
ഉപജീവനം തേടി പാകിസ്ഥാനിൽ എത്തി, ഇന്ത്യ വിഭജന കാലത്ത് അവിടെ പെട്ടുപോവുകയും പിന്നീട് ജീവിതകാലമത്രയും ‘ശത്രു രാജ്യത്തിന്റെ ചാരാനെ’ന്ന മുദ്ര പേറി ഒളിച്ചും പാത്തും സ്വന്തം നാട്ടിൽ അപരനെപ്പോലെ ജീവിക്കേണ്ടി വന്ന ഹതഭാഗ്യരുടെ കഥ പറയുന്ന സിനിമയാണ് മുൻ MLA കൂടിയായ പി ടി കുഞ്ഞി മുഹമ്മദ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം. ഇന്ത്യ വിഭജനം കേരളത്തെ ഒരു നിലക്കും ബാധിച്ചിട്ടില്ലെന്ന പൊതു ധാരണ തിരുത്തിയത് ഈ സിനിമയാണ്. വിഭജനത്തിന്റെ ദുരന്തം പേറുന്ന മൂസ എന്ന കഥാപാത്രത്തെ ഉജ്ജ്വലമായി അവതരിപ്പിക്കുന്നുണ്ട് മോഹൻലാൽ ഈ സിനിമയിൽ.
കോടതി വരാന്തകളിൽ കയറിയിറങ്ങിയും ഒളിച്ചു താമസിച്ചും പോലീസുകാർക്ക് മുറ തെറ്റാതെ കൈമടക്ക് നൽകിയും ജീവിച്ചു തീർത്ത അത്തരം മനുഷ്യർ ആരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയമാണ്.
പക്ഷെ, അനന്തരാവകാശമായി അവരുടെ ഭൂമി കൈവശം വെച്ചുപോന്ന പല കുടുംബങ്ങളും ഇന്ന് കുടിയിറക്ക് ഭീഷണിയിലാണ്. അവരുടെ ഭൂമി ‘എനിമി പ്രോപ്പർട്ടി’ ആണെന്നും ഉടനെ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്നും അവർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
പതിറ്റാണ്ടുകളായി ഇത്തരം ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളിൽ ഹിന്ദുക്കളും മുസ്ലിം കളും ഉണ്ട്. അവരിൽ നിന്ന് ഭൂ നികുതി സ്വീകരിക്കാൻ നിവൃത്തിയില്ലെന്നാണ് റവന്യു അധികൃതർ പറയുന്നത്. സ്വന്തം ഭൂമിയിൽ നിന്ന് ഏത് നിമിഷവും കുടിയിറക്കപ്പെടാം എന്ന ഭീതിയാണ് ഈ കുടുംബങ്ങൾ. ഇരു രാജ്യങ്ങളും തമ്മിൽ ഒരു യുദ്ധത്തിന്റെ വക്കോളാം എത്തി നിന്ന സാഹചര്യത്തിലാണ് നിസ്സഹായരായ ഈ മനുഷ്യരെ കുറിച്ച് ഓർത്തത്. ഇന്ത്യ-പാക് ബന്ധങ്ങളിൽ ഉണ്ടാവുന്ന ഏത് അസ്വാരസ്യവും ഈ മനുഷ്യര്യുടെ മനസ്സുകളിൽ തീ കോരിയിടുന്നു.
1968 ൽ നിയമം പാസ്സാക്കിയെങ്കിലും ഇത്തരം സ്വത്ത് വഹകളിൽ ഇടപെടാൻ സർക്കാർ ശ്രമിച്ചിരുന്നില്ല.

2017 ൽ മോഡി ഗവൺമെന്റ് ഈ നിയമം ഭേദഗതി ചെയ്ത് ഇത്തരം സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 2024 സെപ്റ്റംബറിൽ നോട്ടീസ് നല്കപ്പെട്ടവരിൽ നിന്ന് ഇനി നികുതി സ്വീകരിക്കാവില്ലെന്നാണ് റവന്യു അധികൃതരുടെ നിലപാട്. കോടതികളും നിയമ പോരാട്ടവുമൊക്കെയായി ഇത് എത്രകാലം പോവുമെന്ന് ആർക്കുമറിയില്ല.
ജീവിച്ചിരുന്ന കാലത്ത് അവരിൽ പലരെയും ഭരണകൂടം നിരന്തരം വേട്ടയാടി. പ്രയാധിക്യം കൊണ്ടും രോഗങ്ങൾ കൊണ്ടും കഷ്ടപ്പെട്ട് കഴിഞ്ഞിരുന്ന പലരെയും പോലീസ് ബലം പ്രയോഗിച്ച് അതിർത്തിയിൽ കൊണ്ട് ചെന്ന് തള്ളി. ചിലരൊക്കെ പാകിസ്ഥാൻ പട്ടാളത്തിന്റെ തോക്കിനിരയായി. ചിലർ ഒരിക്കലും കണ്ടെത്താനാവാത്ത വിധം എവിടെയോ അപ്രത്യക്ഷരായി. മറ്റു ചിലർ മരിച്ചു ജീവിച്ചു. അത്തരമൊരു ജീവിതമാണ് മൂസയെന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ അനശ്വരമാക്കിയത്.
പി ടി കുഞ്ഞി മുഹമ്മദ് സൂചിപ്പിച്ച പോലെ, ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും വിഷയത്തിന്റെ സത്യാവസ്ഥ കേന്ദ്ര ഭരണകൂടത്തെ ബോധ്യപ്പെടുത്തി ഈ മനുഷ്യർക്ക് നീതി ലഭ്യമാക്കുകയാണ് വേണ്ടത്.
ഒരു ഇസ്ലാമിക രാജ്യത്ത് അവിടത്തെ പൗരന്മാരായി ജീവിക്കാൻ അവസരമുണ്ടായിട്ടും മതേതര ഇന്ത്യയിൽ ജീവിച്ചു മരിക്കാൻ തീരുമാനിച്ചവരാണ് ഈ മനുഷ്യർ എന്ന കാര്യം നാം മറന്നു പോകരുതെന്ന് കുടി അദ്ദേഹം ഓർമ്മിപ്പിക്കുന്നു.