നീണ്ട പത്ത് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും കരാത്തെ യൂണിഫോം അണിയുകയാണ്. 2014 ഡിസംബറിൽ ചെന്നൈയിലെ COLT കരാത്തെ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് 1st Dan ബ്ലാക്ക് ബെൽറ്റ് നേടിയ ഉടനെയാണ് ജീവിതം എറണാകുളത്തേക്ക് പറിച്ചു നട്ടത്.

എങ്ങനെയെങ്കിലും കരാത്തെ പരിശീലനം തുടരണമെന്നായിരുന്നു ആഗ്രഹം. പക്ഷെ നിനച്ചിരിക്കാതെ വന്നുചേർന്ന പ്രതിസന്ധികൾ പലതിനും വഴിമുടക്കായി നിന്നു. പൊരുതാൻ തന്നെയായിരുന്നു തീരുമാനം. അപ്പോഴാണ് ഞാൻ പഠിച്ച ഗോജ് റിയു ഇന്റർനാഷണൽ കരാത്തെക്ക് എറണാകുളത്ത് ഇൻസ്‌ട്രക്ടർമാർ ഇല്ലെന്ന് മനസ്സിലായത്. പരിഹാരം തേടിയുള്ള അന്വേഷണങ്ങൾ പല കാരണങ്ങളാൽ വഴിമുട്ടി.

അന്വേഷണങ്ങൾക്കിടെ പ്രഗത്ഭ വന്യജീവി ഫോട്ടൊഗ്രാഫറായ എൻ എ നസീറിനെ കുറിച്ച് കേൾക്കുകയും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കുകയും ചെയ്തിരുന്നു. കരാത്തെ അടക്കം പലതരം ആയോധന കലകളിൽ പ്രവീണ്യം നേടിയ പരിശീലകൻ കൂടിയാണ് നസീർ.

ഈയിടെ, എറണാകുളത്ത് പുതിയ ക്ലാസ് ആരംഭിക്കുന്ന വിവരം അറിയിച്ചു കൊണ്ട് ഒരു കുറിപ്പ് അദ്ദേഹം fb യിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഉടനെ ഫോണിൽ വിളിച്ച് ഞാൻ എന്റെ ആഗ്രഹം പറഞ്ഞു. യാതൊരു മുൻപരിചയവും ഇല്ലാതിരുന്നിട്ടും വളരെ സൗഹാർദ്ദപൂർവ്വം ഒരുപാട്നേരം അദ്ദേഹം സംസാരിച്ചു. അന്ന് വൈകിട്ട് തന്നെ ചെന്ന് നേരിൽ കണ്ടു.

പിന്നീട്, ലോക പ്രശസ്ത കരാത്തെ മാസ്റ്റർ ഹാൻഷി ഡോ: എസ് രത്തിനം (9th Dan black belt) കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തെയും നേരിൽ കണ്ട് അനുമതി വാങ്ങി.

ഒരേ സമയം കാടിനെയും കരാത്തെയെയും സ്നേഹിക്കുന്ന, നാല് പതിറ്റാണ്ടിലേറെ അയോധന കലാ രംഗത്ത് അനുഭവ പാരമ്പര്യമുള്ള റെൻഷി നസീറിന്റെ ശിഷ്യത്വം ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. പത്ത് വർഷത്തെ കാത്തിരിപ്പിന് പകരം ഇതിനേക്കാൾ വലുതായൊന്നും എനിക്ക് കിട്ടാനില്ല.

സ്നേഹാദരങ്ങളോടെ ആ വലിയ മനുഷ്യന്റെ മുൻപിൽ ശിഷ്യനായി നിന്നപ്പോൾ ജീവിതത്തിലെ ധന്യമായൊരു നിമിഷത്തിന് സാക്ഷിയാവുകയായിരുന്നു. ഇനി ആ ഗുരുമുഖത്ത് നിന്ന് പുതിയ പാഠങ്ങൾ പഠിക്കണമെന്നാണ് ആഗ്രഹം. ദൈവം തുണക്കട്ടെ.