ചിലരെയൊക്കെ പ്രതീക്ഷിച്ചാണ് കാട് കയറിയത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ തപസ്സാണ്. മണിക്കൂർ മൂന്ന് കഴിഞ്ഞിട്ടും പ്രതീക്ഷിച്ചു ചെന്നായാളെ ആ വഴിക്ക് കണ്ടില്ല. അതങ്ങനെയാണ്. നമ്മൾ ഒരുങ്ങി ചെല്ലുമ്പോൾ ആളെ ആ പരിസത്തേ കാണില്ല. ഇവരൊക്കെ ഏത് ഷെഡ്യൂൾ ആണ് ഫോളോ ചെയ്യുക എന്ന് ഒരു പിടിയും ഇല്ല. ഇതൊക്കെ ശീലമായതുകൊണ്ട് ഒട്ടും നിരാശ തോന്നിയില്ല. കാട് ഇതുവരെ ചതിച്ചിട്ടില്ല. ആ ഉറപ്പിൽ കുത്തിയിരിപ്പ് തുടർന്നു. വെയിൽ കത്തിതുടങ്ങി. കയ്യിൽ കരുതിയിരുന്ന വെള്ളം മുക്കാൽ ഭാഗവും വിയർപ്പായി പോയി. ഒരു ചിത്രമെങ്കിലും കിട്ടാതെ……. ഇതാദ്യ മൊന്നുമല്ലല്ലോ ഇങ്ങനെ എന്ന് മനസ്സ് മന്ത്രിച്ചു. കാത്തിരുന്നു. ഒരല്പം മാറി ഒരു മരത്തണലിൽ വിഷണ്ണനായി ഇരിക്കുമ്പോഴാണ് ഇവർ വെയില് കൊള്ളാനെത്തിയത്. പിന്നെ ചിറക് മടക്കിയും നീർത്തിയുമൊക്കെ കുറെ നേരം അവർ എനിക്ക് ദൃശ്യ വിരുന്നൊരുക്കി.