അതായത്, നായർക്കും നമ്പൂരിക്കും പറയനും പുലയനും ചെറുമനും എല്ലാംകൂടി ഒറ്റ ശ്മശാനം മതി എന്നാണ് ആർ എസ് എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞതിന്റെ അർത്ഥം. പറയാൻ ചെലവില്ലല്ലോ എന്ന മട്ടിൽ പറഞ്ഞതാണെങ്കിൽ വിട്ടേക്കാം. സീരിയസായി പറഞ്ഞതാണെങ്കിൽ കട്ടക്ക് സപ്പോർട്ട് ചെയ്യേണ്ട വിപ്ലവകരമായ ആശയമാണത്.

സവർണ്ണ അധീശത്വ ബോധത്തിന്റെ കടക്കൽ കത്തിവെക്കുന്ന സാമൂഹിക വിപ്ലവമായിരിക്കുമത്. ഇന്ത്യയുടെ ശാപമായ ജാതി വിവേചനത്തിൽ നിന്ന് മരിച്ചവർക്കെങ്കിലും മോക്ഷം കിട്ടുന്ന വിമോചന നീക്കം.

പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമല്ല. ജാതിക്കെതിരെ ഉയർന്ന എല്ലാ കൈകളും വെട്ടിമാറ്റിയ പാരമ്പര്യമാണ് ആർഷ ഭാരതത്തിന്റേത്. അതിൽ ബുദ്ധനും ജൈനനും ചാർവാകനും ശംഭു കനും ഒക്കെയുണ്ട്. ബുദ്ധമതവും ജൈനമതവുമൊക്കെ ജപ്പാനിലും ചൈനയിലുമായി ഒതുങ്ങിയത് അങ്ങനെയാണ്. സനാതനവാദികൾക്ക് ഇസ്ലാമിനോടുള്ള ശത്രുതയുടെ മൂല കാരണവും ഇത്‌ തന്നെ. കീഴാളരെ ശക്തീകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സവർണ്ണ കുടിലത തകർത്ത ചരിത്രമേ ഉളളൂ.

നീതിയിലും മാനവികതയിലും വിശ്വസിക്കുന്ന ഇസ്‌ലാമിന്റെ അനുയായികൾക്ക് ഒരു പക്ഷെ ഇന്ത്യയിൽ ഏറ്റെടുക്കാവുന്ന ഏറ്റവും വലിയ ദൗത്യവും ഇതായിരുന്നു. പക്ഷെ കേവല മതത്തിനപ്പുറത്തുള്ള ഇസ്ലാമിനെക്കൊണ്ടേ അത് സാധ്യമാകൂ.

സാമൂഹിക നീതി അജണ്ടയായി പ്രഖ്യാപിച്ച എത്ര മുസ്‌ലിം സംഘടനകൾ നമുക്കുണ്ട്? ഇപ്പോഴും, സഹായം ശൈഖ്നോട് ചോദിക്കണോ അതോ ജിന്നിനോട് ചോദിക്കണോ എന്നതാണ് നമ്മുടെ തർക്ക വിഷയം. അതൊക്കെ തീർന്നിട്ട് സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളാൻ നമുക്ക് നേരമെവിടെ?

അത് കൊണ്ട്, ആർ എസ് ആചാര്യൻ മെനക്കെട്ടാൽ എന്തെങ്കിലുമൊക്കെ ചെയ്യാവുന്ന മേഖലയാണ്. അങ്ങനെ മനുഷ്യർക്ക് ഗുണമുള്ള വല്ലതും ചെയ്യുക. കാലം നിങ്ങളെ ഓർക്കും. അല്ലാതെ പള്ളിക്ക് താഴെ ശിവലിംഗം തിരയാനും നിസ്സഹായരായ മനുഷ്യരുടെ നെഞ്ചത്ത് ബുൾഡൊസർ കയറ്റാനുമാണ് തീരുമാനമെങ്കിൽ കാലം നിങ്ങളോട് കണക്ക് ചോദിക്കും.

നിങ്ങൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റി ക്കൊടുത്തിട്ട് ഇന്ത്യ സ്വാതന്ത്ര്യ മാകാതിരുന്നിട്ടില്ല. സാമൂഹിക നീതിയും അങ്ങനെ തന്നെ. അത് നന്മയുടെ തേട്ടമാണ്. അത് പുലരുക തന്നെ ചെയ്യും. നിങ്ങൾ കൂടെ നിന്നാലും ഇല്ലെങ്കിലും……

‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾതൻ പിൻ തലമുറക്കാർ’ എന്ന് മലയപ്പുലയനോട് ചങ്ങമ്പുഴ ചോദിക്കുന്നുണ്ട്. ഒന്നിനും കണക്ക് ചോദിക്കാതെ കാലം കടന്നു പോകില്ല…. ഒന്നിനും.

യാദൃശ്ചികമായാണ് ഇന്ന് ചരിത്ര പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്ര മുറ്റത് എത്തിപ്പെട്ടത്. കോട്ടയത്തേക്കുള്ള യാത്രയിൽ കൗതുകം കൊണ്ട് അവിടെ കയറിയതാണ്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ ജാതി വിവേചനത്തിനെതിരെ നടന്ന ഐതിഹസികമായ വൈക്കം സത്യാഗ്രഹിത്തിന് വേദിയായ നടവഴിയിലൂടെ പോകുമ്പോഴാണ് തലേ ദിവസം മോഹൻ ഭഗവത് നടത്തിയ പ്രസ്താവന ഓർത്തത്.

ക്ഷേത്രത്തിൽ നിന്ന് കുറച്ചകലെയായി വൈക്കം സമര വീരൻ തന്തൈ പെരിയാർ ഇ വി രാമസ്വാമി നായിക്കരുടെ പേരിൽ മനോഹരമായി സംവിധാനിച്ച ഒരു മ്യൂസിയമുണ്ട്. പൂർണ്ണമായി തമിഴ്നാട് സർക്കാരിന്റെ നിയത്രണത്തിലുള്ള ഈ മ്യൂസിയം 2024 ഡിസംബറിൽ 8 കോടി രൂപ മുടക്കി സ്റ്റാലിൻ ഗവണ്മെന്റ്

നവീകരിച്ചതാണ്. വർഷങ്ങൾക്കു മുമ്പ് പൊന്നും വില നൽകി തമിഴ്നാട് സർക്കാർ സ്വന്തമാക്കിയതാണ് ഈ സ്ഥലം. 5000 ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഇവിടെ ഉണ്ട്.

സാമൂഹിക നീതിക്ക് വേണ്ടി പോരാടിയ പെരിയാറിന്റെ പേരിലുള്ള ആ ലൈബ്രറിയുടെ മുറ്റത്തിരുന്നപ്പോൾ ഇത്രയും എഴുതാതിരിക്കാൻ കഴിഞ്ഞില്ല……