അറിഞ്ഞിടത്ത് നിന്ന് ഇനിയും അറിഞ്ഞിട്ടില്ലാത്ത പുതിയൊരു ലോകത്തേക്കുള്ള പ്രയാണമാണ് ഓരോ വായനയും. ആ യാത്രകളിൽ പൊറുക്കിയെടുത്ത് സൂക്ഷിക്കുന്ന മുത്തുകളാണ് ഓരോ പുസ്തകത്തെയും നമ്മുടെ ഓർമ്മകളിൽ നിലനിർത്തുന്നത്.

 പെറുക്കിയെടുത്തു വെക്കേണ്ട മുത്തു മണികൾ വാരിവിതറിയ ഒരു നാട്ടിടവഴിയിലൂടെ നടന്നു പോകുന്ന പ്രതീതിയാണ് പ്രിയ സുഹൃത്ത് ഗഫൂർ കൊടിഞ്ഞിയുടെ ‘ഇല്ലിക്കാടുകൾ പൂത്തപ്പോൾ’ എന്ന ഓർമക്കുറിപ്പുകളുടെ വായന സമ്മാനിച്ചത്.

കുറ്റിയറ്റുപോയ വാക്കുകളുടെയും പൊടിഞ്ഞു തീർന്ന ഓർമ്മകളുടെയും ഒരു മ്യൂസിയത്തിലൂടെ വായനക്കാരെ കൈ പിടിച്ചു നടത്തുകയാണ് ഗഫൂർ തന്റെ അനുഗ്രഹീത തൂലികയിലൂടെ.

ഋതുഭേദങ്ങൾക്കനുസരിച്ച് നാട്ടിൻ പുറങ്ങളിൽ അക്കാലത്തു വന്നു പോയിക്കൊണ്ടിരുന്ന ആമകുത്തന്മാർ, തവള പിടുത്തക്കാർ, കുറത്തികൾ തുടങ്ങിയ നാടോടി കൂട്ടങ്ങളെയൊക്കെ എത്ര മനോഹരമായാണ് ഗഫൂർ പരിചയപ്പെടുത്തുന്നത്! കണ്ണും കാതും തുറന്നു വെച്ച് ഇതൊക്കെ കണ്ടും കേട്ടും കടന്നുപോയിട്ട് കാലമെത്രയോ കഴിഞ്ഞിരിക്കുന്നു. ഇതൊന്നും ഭാവനയിൽ പോലും കാണാൻ ഭാഗ്യമില്ലാത്ത പുതിയ തലമുറക്കായി  അതൊക്കെ പകർത്തി വെക്കുമ്പോൾ ഒരു ചരിത്രകാരന്റെ ദൗത്യം കൂടി ഗഫൂർ നിർവഹിക്കുന്നുണ്ട്. ഗൃഹാതുരതയുടെ പെരുമഴക്കാലം സമ്മാനിക്കുന്ന ഒരു അപൂർവ്വ വായനാനുഭവമാണ്  ഗഫൂറിന്റെ ഓർമ്മകുറിപ്പുകൾ.

“കവിഞ്ഞൊഴുകുന്ന പഴയ വയൽ വരമ്പിലൂടെ നടന്നാൽ വർദ്ധക്യത്തിൽ നിന്ന് യൗവനത്തിലേക്ക് വഴുതി വീണു പോകും. ആ വീഴ്ചയിൽ ഗൃഹാതുരത്വത്തിന്റെ ചിറ പൊട്ടിയൊഴുകും. ഒരു പൊങ്ങും തടി പോലെ പഴയ ശാദ്വല തീരങ്ങളിലൂടെ ഒഴുകിയൊഴുകി ഓർമ്മയുടെ പവിഴപ്പുറ്റുകളിൽ ചെന്ന് കരപറ്റാം,” പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്. പിന്നെ ഗത കാല സ്മരണകളുടെ പാടവരമ്പിലൂടെ കൗതുകങ്ങൾ കേട്ടറിഞ്ഞ് കഥാകൃത്തിനൊപ്പം നടന്നു നീങ്ങുന്ന പ്രതീതിയാണ് വായനക്കാരനുണ്ടാവുക. 

ഗഫൂർ വരച്ചിടുന്ന ഗ്രാമത്തിന്റെ ചിത്രങ്ങൾ അത്ര പഴയൊതൊന്നുമല്ല, എഴുപതുകളും എൺപതുകളുമാണ്. എന്നിട്ടും അവയൊക്കെ ഏതോ വിദൂര ഭൂതകാലത്തിലാണെന്ന് തോന്നിപ്പോകുന്നു. എത്ര വേഗത്തിലാണ് കാലം കടന്നു പോകുന്നത്! 

പല വിവരണങ്ങളും എന്റെ തലമുറയിലുള്ളവർക്ക് അനുഭവമുള്ള കാര്യങ്ങളാണ്. ആമ കുത്തന്മാരും, കുറത്തികളും, ദഫ് കൊട്ടി പാട്ടു പാടുന്ന ഖലീബമാരും, സോപ്പ് ചീർപ്പ് കണ്ണാടി പോലുള്ള ലൊട്ട് ലൊടുക്ക് സാമാനങ്ങൾ വിൽക്കുന്ന കച്ചവടക്കാരും അന്ന് ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്നു. മുറ തെറ്റാതെ ഗ്രാമത്തിലെ ഇടവഴികൾ താണ്ടി അവരെത്തുന്നതും കാത്ത് പെണ്ണുങ്ങൾ നോക്കി നിൽക്കുമായിരുന്നു. ചട്ടിയും കലവും വിൽക്കുന്ന കൊശവാന്മാർ, അലുമിനിയം പത്രങ്ങൾ നിറച്ച വലിയ കുട്ട തലയിലേറ്റി നടന്നു നീങ്ങുന്ന നീണ്ടു മെലിഞ്ഞ കച്ചവടക്കാരൻ, കോഴിമുട്ടക്ക് പകരം ചാന്തും  കണ്മഷിയും പൗഡറും വിറ്റിരുന്ന അബ്ദുള്ളാക്ക…. അങ്ങനെയെത്രയെത്ര കഥാ പാത്രങ്ങൾ ….തലമുറകളുടെ  ഓർമ്മകളും കാൽപാടുകളും പതിഞ്ഞ ആ ഇടവഴികൾ ഒന്നു പോലും ബാക്കിയാവാതെ നാമാവശേഷമായിരിക്കുന്നു…..

ഒരിക്കലും ആളും ആരവങ്ങളും അടങ്ങാത്ത തറവാട്ടിലെ, പ്രതാപിയായ കുന്നത്തേരി മരക്കാർ ഹാജിയെന്ന എല്ലാവരുടെയും വല്ലിപ്പയായ ഹാജ്യാർപാപ്പയുടെ തറവാട്ടു മുറ്റത്താണ് ഞാനടക്കമുള്ള എന്റെ വീടിന്റെ പരിസരത്തെ കുട്ടികൾ മുഴുവൻ കളിച്ച് വളർന്നത്.  അക്കാലത്ത് അടുക്കളയുടെ ഉമ്മറപ്പടിയിലിരുന്ന് തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ചു പെണ്ണുങ്ങളുടെ കൈ പിടിച്ചു ലക്ഷണം പറയുന്ന കുറത്തിയുടെ ചിത്രം ഒരു ഫ്ലാഷ്ബാക്ക് പോലെ മനസ്സിൽ തെളിയുന്നു.

സ്‌കൂളും മദ്രസയുമില്ലാതെ വീണ് കിട്ടുന്ന ഇടവേളകളിൽ, വീട്ടുകാർ കാണാതിരിക്കാൻ തോർത്ത്‌മുണ്ട് അരയിൽ ചുറ്റിക്കെട്ടി മീതെ കുപ്പായം ഇറക്കിയിട്ട്, വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്ത് പോയി നീന്തിത്തു ടിച്ചു നടന്ന ബാല്യകാലം ഓർത്തു പോവുന്നു. സ്വന്തം വീട്ടിലും ഉമ്മ വീട്ടിലുമൊക്കെ കറങ്ങി ഒരുക്കൂട്ടി വെച്ച അണ്ടി വിറ്റ് കാശുണ്ടാക്കിയ കാലം, വാഷിങ് മെഷീനുകൾ ഭാവനയിൽ പോലും ഇല്ലാത്ത കാലത്ത് നിറഞ്ഞു കവിഞ്ഞു നിന്ന പാടത്തും കുളത്തിലുമൊക്കെ കൂട്ടത്തോടെ തിരുമ്പാൻ (അലക്കാൻ) പോകുന്ന ഉമ്മമാരുടെ, ഇത്താത്തമാരുടെ കൈത്തലങ്ങളിൽ കിടന്നാണ് എന്റെ തലമുറ നീന്താൻ പഠിച്ചത്. മഴപെയ്ത് കുതിർന്ന മണ്ണ് കുത്തിയിളക്കി മണ്ണിര ശേഖരിച്ച് ചൂണ്ടയിട്ട് കടുവിനെയും ബിലാലിനെയും മൊയ്യിനെയുമൊക്കെ പിടിച്ചു നടന്ന കാലം…. ഓർമ്മകൾ തള്ളിക്കേറി വരികയാണ്. 

ഒറ്റയിരുപ്പിന് വായിച്ചു തീർക്കാമെന്ന് കരുതി  കയ്യിലെടുത്തെ 128 പേജ് മാത്രമുള്ള പുസ്തകത്തിന്റെ വായന വാക്കുകളിലും ഓർമ്മകളിലും മുട്ടി മുമ്പോട്ട് പോവാനാവാതെ പലേടത്തും തടഞ്ഞു നിന്നു…….

“സ്‌കൂളില് പോകണ്ട കാലത്ത് ഇയ്യ് വെറുതെ ബോംബായീ ലും ബീവണ്ടീലും കറങ്ങി നടന്ന്. അതോണ്ട് ആകെ ഇപ്പൊ അനക്ക് മംഗളും മാമാങ്കും ഒക്കേ മനസ് ല് ആ വൊള്ളൂ. അനക്കർയോ ഇത്‌ എയ്ത്യ ആള് അന്റത്തറിം പടിച്ച്ട്ട് ല്യ. രണ്ടാം തരം വരെ സ്‌കൂളില് പോയ ആളെയ്ത്യ ബുക്കാണിത് ” ഗൗരവപരമായ വായനയുടെ ലോകത്തേക്ക് കാലെടുത്തു വെക്കുന്ന ഒരു സംഭവം ഗഫൂർ വിവരിക്കുന്നുണ്ട്.

എട്ടാം ക്ലാസ് വിദ്യഭ്യാസമേ ഗഫൂർ നേടിയിട്ടുള്ളൂ. ഗഫൂർ അക്കാദമിക വിദ്യാഭ്യാസം നേടിയിരുന്നെങ്കിൽ ഇങ്ങനെ ഒരെഴുത്തുകാരനെ നാടിന് കിട്ടുമായിരുന്നില്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ പുസ്തകത്തിലടക്കം ഗഫൂറിന്റെ  രചനകൾ ഭൂരിഭാഗവും തീക്ഷ്ണ ണമായ ജീവിതാനുഭവങ്ങളുടെ പകർത്തിയെഴുത്താണ്. 

അനുഭവങ്ങളുടെ ഒരു വൻകരയാണ് ബഷീർ തുറന്നിടുന്നതെന്ന് വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ച് വിജയൻ മാഷ് പറഞ്ഞിട്ടുണ്ട്. അത്തരമൊരു സമീകരണം കടന്നകയ്യാകുമെങ്കിലും അനുഭവങ്ങളുടെ ഒരു തുരുത്തെങ്കിലും തീർക്കുന്നതിൽ ഗഫൂർ വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം