കാമറ കയ്യിലെടുത്തെ കാലം മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയ പേരാണ് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും ഗ്രന്ഥകാരനുമായ എൻ എ നസീറിന്റെത്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മിക്കതും വായിച്ചിട്ടുണ്ട്. കാടിനെയും കരാട്ടെയെയും ഒരു പോലെ പ്രണയിക്കുന്ന അദ്ദേഹത്തെ ഒരു റോൾ മോഡലായി പലപ്പോഴും മനസ്സിൽ പ്രതിഷ്ഠിക്കാറുണ്ട്.

നസീറിന്റെ പുതിയ പുസ്തകം വായിക്കാനായി കയ്യിലെടുത്തപ്പോൾ കാടിന്റെ അത് വരെ കാണാത്ത ചിത്രങ്ങൾ പുസ്തകത്തിൽ ഉണ്ടാവുമെന്ന്, ന്യായമായും പ്രതീക്ഷിച്ചു. പക്ഷെ, പുസ്തകത്തിൽ വിവരിക്കുന്ന അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്ന നസീറിന്റെതായി ഒരു ചിത്രം പോലും പുസ്തകത്തിൽ ഇല്ല!! അത് തന്നെയാണ് ഈ പുസ്തകത്തെ വ്യത്യസ്ഥമാക്കുന്നതും !

തന്നിലെ ഫോട്ടോഗ്രഫി കൗതുകം ഉണരുന്നതിന് വർഷങ്ങൾക്ക്മുമ്പ് കാടിനെ അറിയാനും അനുഭവിക്കാനും വേണ്ടി മാത്രം നിബിഢ വനാന്തരങ്ങളിലൂടെ അദ്ദേഹം നടത്തിയ യാത്രകളുടെ വിവരണമാണ് ഈ പുസ്തകം. യാത്രകളിൽ കണ്ട് മുട്ടിയ അപൂർവം മനുഷ്യരും അസംഖ്യം വന്യ മൃഗങ്ങളുമാണ് മാണ് ഇതിലെ കഥാപാത്രങ്ങൾ.

കാനനപാതയിൽ കണ്ട പൂവിനെയും പുഴുവിനെയും സസ്യലതാതികളെയും വന്യമൃഗങ്ങളെയും അടുത്തു കണ്ടും അറിഞ്ഞും കടന്നുപോവുന്ന ഒരുതരം അലൗകിക പ്രയാണമാണ് നസീറിന്റെ യാത്രകൾ. ആ വഴിയിൽ കണ്ടുമുട്ടിയ മനുഷ്യരിലും മണ്ണ് പുരണ്ട ആത്‍മീയതയുടെ നനവുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് നാസീർ പുതകത്തിലൊരിടത്ത്.

ചെരിപ്പോ ഷൂസുകളോ ധരിക്കാതെ കാട്ടിൽ കയറിയിരുന്ന അക്കാലത്തെ യാത്രകൾ “ഭൂമിയെ നോക്കി ഓരോ ചുവടും ധ്യാനപൂർവ്വമായ” നടത്തങ്ങളായിരുന്നു എന്ന് നസീർ എഴുതുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ്കാർ നിർമിച്ച 81 കിലോമീറ്റർ ദൂരമുള്ള എസ്‌കേപ്പ് റോഡിലൂടെയുള്ള ഏകാന്തയാത്രകളെ കുറിച്ച് മനോഹരമായി വിവരിക്കുന്നുണ്ട് പുസ്തകത്തിൽ. 1990 കളോടെ പൂർണ്ണമായി അടച്ച ഈ കാനന പാത പാമ്പാടും ചോലൈ നാഷണൽ പാർക്കിനകത്തു കൂടെയാണ് കടന്ന് പോകുന്നത്. മുന്നാറിലെ ടോപ് സ്റ്റേഷനിൽ തുടങ്ങി തമിഴ്നാട്ടിലെ കൊടൈക്കനാലിലാണ് ഈ പാത അവസാനിക്കുന്നത്. ഈ വിജന വന വീഥിയിലൂടെ പല തവണ നടന്ന് പോയിട്ടുണ്ടെന്ന് നസീർ പറയുന്നു.

2024 ഡിസംബർ അവസാനവാരം വനം വകുപ്പ് സംഘടി പ്പിച്ച ഒരു ക്യാമ്പിന്റെ ഭാഗമായി ആ പാതയിലൂടെ ട്രക്കിങ്ങിന് പോകാൻ ലഭിച്ച അവസരം ജീവിതത്തിൽ ഒരിക്കലും മറക്കാനാ വാത്ത അനുഭവമായിരുന്നു.

മരം കോച്ചുന്ന തണുപ്പുള്ള ഡിസംബറിലെ ആ പുലർകാലത്ത് ക്യാമ്പിലെ മറ്റ്‌ അംഗങ്ങളെല്ലാം മൂടിപ്പുതച്ചുറങ്ങുമ്പോൾ പതുക്കെ എണീറ്റ് കാടിന്റെ മർമരങ്ങൾ കാതോർത്ത് ഏകനായി നടന്നപ്പോൾ അനുഭവിച്ച നിർവൃതി വാക്കുകൾക്കതീതമാണ്.

ഒട്ടും വെളിച്ചമില്ലാതിരുന്നത് കൊണ്ട് കാമറ കയ്യിലുണ്ടായിരുന്നിട്ടും ഒരു ചിത്രം പോലും എടുക്കാൻ സാധിച്ചിരുന്നില്ല. ഈ പുസ്തകം വായിച്ചപ്പോൾ നസീറിന്റെ അനുഭവങ്ങളുടെ ഒരു തനിയാവർത്തനം പോലെയാണ് എനിക്ക് തോന്നിയത്.

ട്രെക്കിങ് സമയത്ത് കൂടെയുണ്ടായിരുന്ന ഫോറെസ്റ്റ് ഗാർഡ് അപൂർവ്വ വൃക്ഷമാണെന്ന് പറഞ്ഞ് ഒരു ചെടി ചൂണ്ടിക്കാണിച്ചപ്പോൾ അതിന്റെ ചിത്രം പകർത്തിയിരുന്നു. ഈ പുസ്തകം വായിച്ചപ്പോഴാണ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഫേൺ ട്രീ ആണ് അതെന്ന് മനസ്സിലായത്.

വന്യ ജീവികൾ ഏറെ ഉണ്ടെങ്കിലും ഇടതൂർന്ന കാട് ആയതിനാൽ ട്രക്കിങ്ങിനിടെ മൃഗങ്ങളെ ഒന്നും സാധിച്ചിരുന്നില്ല. പക്ഷെ കടഞ്ഞെടുത്ത ശരീരവും കാരിരുമ്പിന്റെ കരുത്തുമുള്ള കാട്ടു പോത്തുക്കളെ അടുത്ത് കാണാൻ കഴിഞ്ഞത് അവിടെ നിന്നാണ്.

മൊബൈൽ നെറ്റ്‌വർക്ക് ഒട്ടും ഇല്ലാതിരുന്നതിനാൽ പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും അറുത്തു മാറ്റി കാടിന്റെ മടിത്തട്ടിൽ കഴിഞ്ഞ രണ്ട് ദിനങ്ങൾ ഒരു അത്യപൂർവ അനുഭവം തന്നെയായിരുന്നു.

Tags: