ദേശാടനത്തിനായി ഏറ്റവുമധികം ദൂരം യാത്ര ചെയ്യുന്ന പക്ഷികളിലൊന്നാണ് ഗോഡ്വിറ്റുകൾ. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയാണ് ഓരോ വർഷവും ഈ പക്ഷികൾ കേരളത്തിന്റെ തണ്ണീർ തടങ്ങളിൽ പറന്നെത്തുന്നത്.

Black-tailed godwit (Limosa limosa) എന്ന ഈ പക്ഷി ഏഷ്യയിലെയും യൂറോപ്പിലേയും പ്രജനന കേന്ദ്രങ്ങളിൽ നിന്ന് തണുപ്പ് കാലത്ത് ഭക്ഷണം തേടിയാണ് നവംബർ മാസത്തോടെ കേരളത്തിലെത്തി മാർച്ച്‌ ആദ്യത്തോടെ തിരിച്ചു പറക്കുന്നത്. അയ്യായിരം കിലോ മീറ്ററിലധികം നിർത്താതെ പറക്കാൻ ഈ പക്ഷിക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇതേ ഇനത്തിൽപെട്ട Bar-tailed godwit (Limosa lapponica) എന്ന പക്ഷി അലാസ്കയിൽ നിന്ന് ആസ്ട്രേലിയയിലെ ടാസ്മാനിയ വരെ 11 ദിവസവും ഒരു മണിക്കൂറും നിർത്താതെ പറന്ന് ലോക റെക്കോർഡിട്ടിരുന്നു. 13,560 കിലോമീറ്റർ ദൂരമാണ് വെറും അഞ്ച് മാസം മാത്രം പ്രായമുള്ള ആ പക്ഷി ഭക്ഷണവും വിശ്രമവുമില്ലാതെ പറന്നത്. സാറ്റലൈറ്റ് ടാഗിങ് വഴി പക്ഷിയെ നിരീക്ഷിച്ചാണ് ഈ റെക്കോർഡ് രേഖപ്പെടുത്തിയത്. 2022 ഒക്ടോബർ 13ന് ആയിരുന്നു ചരിത്രം കുറിച്ച ആ യാത്രയുടെ തുടക്കം.

ആലപ്പുഴ ജില്ലയിലെ ചങ്ങരം പാടത്തുനിന്നാണ് Black-tailed godwit ന്റെ ഈ ചിത്രങ്ങൾ.