പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ പറയുന്ന അതിമനോഹരമായ നോവലാണ് എൻ മോഹനന്റെ ‘ഇന്നലത്തെ മഴ’. പന്തിരുകുലംപോലെ മിത്തും ചരിത്രവും ഇഴപിരിച്ചെടുക്കനാവാത്തവിധം കെട്ടു പിണഞ്ഞ മറ്റൊരു ഐതിഹ്യം കേരളത്തിനുണ്ടോ എന്ന് സംശയമാണ്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ചെന്നൈ നഗരത്തിലെത്തിപ്പെട്ട ആദ്യ നാളുകളിൽ കണ്ണിലുടക്കിയ കാഴ്ചകളിലൊന്ന് നുങ്കംബക്കത്തെ വള്ളുവർകോട്ടത്തിന്റെതാണ്. ഗ്രാനൈറ്റിൽ തീർത്ത രഥത്തിനുള്ളിൽ തിരുവള്ളുവരുടെ പൂർണ്ണകായ പ്രതിമയാണ് വള്ളുവർക്കോട്ടത്തിന്റെ പ്രധാന ആകർഷണം. 

വള്ളുവരുടെ വേരുകൾ തേടിയിറങ്ങിയപ്പോഴാണ്,  പന്തിരുകുലത്തിലെ വള്ളോനും തമിഴകത്തെ വള്ളുവരും ഒരാൾ തന്നെയാണെന്ന കൗതുകം കേട്ടത്. പിന്നെ ആ കഥകളുടെ പിന്നാമ്പുറങ്ങൾ തേടിനടന്നു.

പാലക്കാട്‌ ജില്ലയിലെ തൃത്താലയിൽ പന്തിരുകുലത്തിന്റെ പിതാമഹൻ വരരുചിയുടെ പിന്മുറക്കാർ ഇന്നും ബാക്കിയുണ്ടെന്ന് കേട്ടാണ് അവിടെ ചെന്നത്. അന്നാണ്, കഥയിൽ ഐതിഹ്യത്തേക്കാളേറെ ചരിത്രമുണ്ടെന്ന് കരുതുന്ന ഡോക്ടർ രാജൻ ചുങ്കത്ത്, പന്തിരുകുലത്തിന്റെ പിന്മുറക്കാർ പലരും കാവേരിയുടെ തീരത്ത് ഉണ്ടെന്ന് എന്നോട് പറഞ്ഞത്. പന്തിരുകുലവുമായി ബന്ധപ്പെട്ട് ഡോ രാജൻ ഏതാനും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

പിന്നെ, ആ ഐതിഹ്യത്തിന്റെ വേരുകൾ തേടി ഒട്ടേറെ യാത്രകൾ നടത്തി. അങ്ങനെ വള്ളോനും, ഉപ്പുകൂറ്റനും, പണനാർക്കും പാക്കനാർക്കും കാരക്കലമ്മക്കുമൊക്കെ തമിഴ് പതിപ്പുകളും അവരുടെ പേരിലൊക്കെ ക്ഷേത്രങ്ങളും ഉണ്ടെന്ന് കണ്ടെത്തി. വിദൂര തമിഴ് ഗ്രാമങ്ങളിൽ ഏകനായി അലഞ്ഞു നടന്ന് വരരുചിയുടെ മക്കളെ ഓരോരുത്തരെയായി കാവേരി തീരത്ത് കണ്ടെത്തി. 

പ്രസാദത്തിൽ ഉപ്പ് ചേർക്കാത്ത ഉപ്പിലിയപ്പൻ ക്ഷേത്രം തഞ്ചാവൂർ  ജില്ലയിൽ കുംഭകോണത്താണുള്ളത്. വരരുചിയുടെ മക്കളിൽ, ഉപജീവനത്തിന് ഉപ്പുകച്ചവടം നടത്തിയ ഉപ്പുകൂറ്റനാണത്രെ ഈ ഉപ്പിലിയപ്പൻ!

പ്രശ്‌സ്തമായ തിരുച്ചി ശ്രീരംഗം ക്ഷേത്രത്തിൽ തിരുപ്പാണനാൾവാരുടെ പ്രത്യേക സന്നിധി ഇന്നുമുണ്ട്. പന്തിരുകുലത്തിലെ പാണനാർ തമിഴ് ദേശത്തെത്തിയപ്പോൾ തിരുപ്പാണനാൾവാർ ആയതാണ്. പുതുച്ചേരിയുടെ ഭാഗമായ കാരക്കലിൽ വരരുചി-പഞ്ചമി ദാമ്പതികളുടെ ഏക പെൺതരി കാരക്കൽ മാതായുടെ പേരിൽ ക്ഷേത്രം ഉണ്ട്. കേരളീയ ശൈലിയിൽ സാരി ഉടുത്ത നിലയിലാണ്  അവിടുത്തെ പ്രതിഷ്ഠ.

എന്റെ യാത്രകളെ കുറിച്ച് പറഞ്ഞപ്പോൾ, “എന്നെപ്പോലെ ഭ്രാന്തുള്ള മറ്റൊരാൾ കൂടി ഉണ്ടല്ലോ എന്ന സന്തോഷമാണെനിക്ക്” എന്നായിരുന്നു രാജൻ ചുങ്കത്തിന്റെ പ്രതികരണം!

മിത്തുകൾക്ക് സാർവ്വ ലൗകികത ഉണ്ടെന്നും നമ്മുടെ ഐതിഹ്യങ്ങൾക്ക് സമാനമായ പലതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നും അവയെ കുറിച്ച് പഠനം നടത്തിയ മഡ്രാസ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഡോക്ടർ എ ആർ വെങ്കട ചലപതിയാണ്  പറഞ്ഞുതന്നത്.

കേരള തമിഴ് ചരിത്ര ബന്ധങ്ങളെക്കുറിച്ചു ഡൽഹി യൂണിവേഴ്സിറ്റി ചരിത്ര അധ്യാപകനായിരുന്ന കേശവൻ വെളുത്താട്ട് പുതിയ അറിവുകൾ നൽകി. ഐതിഹ്യത്തിന്റെ ജീനുകൾ തേടി തിരുവനന്തപുരം സെന്റ്റ്റർ ഫോർ ബയോടെക്നോളജി നടത്തിയ പഠന ത്തെക്കുറിച്ചു RGCB യിലെ ഡോ സനിൽ സക്കറിയ വിശദീകരിച്ചു. 

റോബിൻഹൂഡ് കഥകൾക്ക് സമാനമാണ് കേരളത്തിലെ കായംകുളം കൊച്ചുണ്ണിയും തമിഴ്‌നാട്ടിലെ മമ്പട്ടിയാർ കഥകളും. 

“ഈ കഥകളൊക്കെ കാലാന്തരേണ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ചരിത്രപരമായി ഈ മിത്തുകളൊന്നും സ്ഥാപിച്ചെടുക്കക സാധ്യമല്ല. പക്ഷെ അവയൊക്കെ വിവിധ സമൂഹങ്ങളിൽ ചില ദൗത്യങ്ങൾ നിർവഹിച്ചിട്ടുണ്ട്. വ്യത്യസ്ഥ സമൂഹങ്ങൾ തമ്മിൽ ഒരു കൂട്ടുബോധം (sense of belonging) ഉണ്ടാക്കിഎടുക്കാൻ ഇവക്ക് സാധിച്ചിട്ടുണ്ട്. അവയെ ചരിത്ര വസ്തുതകളായി കാണുന്നതിന് പകരം അവ സൃഷ്ടിക്കപ്പെട്ട ഉദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അവയെ മനസ്സിലാക്കുകയാണ് വേണ്ടത്,” ഡോ ചലപതി വിശദീകരിച്ചു. 

മിത്തും ചരിത്രവുമൊക്കെ വിഭാഗീയതയുടെ വഴിമരുന്നാവുന്ന ഈ ആസുര കാലത്ത് ഡോ ചലപതിയുടെ വാക്കുകൾക്ക് ഏറെ പ്രസ്കതിയുണ്ട്.

ഈയിടെ കോട്ടയം ജില്ലയിലെ വൈക്കത്തുള്ള പെരിയാർ സ്മാരകം സന്ദർശിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിയാറിന്റെ നാട്ടിലൂടെ നടത്തിയ യാത്രകള്‍ ഓർത്തെടുത്തത്.