മലപ്പുറം മറ്റൊരു ഖലിസ്ഥാൻ ആവുമെന്നും പിച്ചാത്തിക്ക് പകരം ആളുകൾ യന്ത്രത്തോക്ക് തോളിൽ തൂക്കി നടക്കുന്ന കാലം വരുമെന്നും മലയാളിയായ ഒരു മഹാ പത്രപ്രവർത്തകൻ ഇല്ലസ്റ്ററെറ്റഡ് വീക്കിലിയിൽ വർഷങ്ങൾക്ക് മുമ്പ് എഴുതിയത്രേ!
പിന്നീട്, ഘടാഘടിയനായ മറ്റൊരു മാധ്യമ പ്രവർത്തകൻ ഫ്രണ്ട്ലൈൻ മാസികയിൽ മലപ്പുറത്തെ തീവ്രവാദികളെക്കുറിച്ച് വിസ്തരിച്ചെഴുതി. പിന്നൊരിക്കൽ, ശബരിമല ഭക്തർക്ക് കറുത്ത മുണ്ട് വിൽക്കാൻ വിസമ്മതിക്കുന്ന വ്യാപാരികൾ മലപ്പുറത്തുണ്ടെന്ന് ഒരു MLA നിയമസഭയിൽ പ്രശ്നം ഉന്നയിച്ചു. പോഴത്തക്കാരനായ മറ്റൊരു ജേർണലിസ്റ്റ്, ‘സാർ, ഇതിനൊക്കെ തെളിവുണ്ടോ’ എന്ന് വിളിച്ചു ചോദിച്ചു. “തെളിവില്ല, ഞാൻ കേട്ടതാണ്” എന്നായിരുന്നത്രെ മറുപടി!!
ഇതിനൊക്കെ ശേഷവും കടലുണ്ടി പുഴയിലൂടെ വെള്ളം ഒരുപാടൊഴുകി. ഇന്നും മലപ്പുറത്തെ ഹിന്ദുക്കളും മുസ്ലിംകളും സന്തോഷത്തോടെ ഓണവും പെരുന്നാളും ആഘോഷിക്കുന്നു. ഞങ്ങൾ ഇനിയുമങ്ങനെത്തന്നെ ആഘോഷിക്കുകയും ചെയ്യും.
വൈകിയെത്തിയത് കാരണം നടയടച്ചു കണ്ടപ്പോൾ “റബ്ബേ, നടയടച്ചല്ലോ” എന്ന് വിലപിക്കുന്ന ഹിന്ദുക്കളുള്ള നാടാണത്. അത് വെള്ളാപ്പള്ളികൾക്ക് മനസ്സിലാക്കാവുന്നതിനപ്പുറമുള്ള മനസ്സാണ്!
(ഇതൊക്കെ വിശദമായി മറ്റൊരിടത്തു എഴുതിയത് കൊണ്ടാണ് ഊരും പേരും പരാമർശിക്കാത്തത്).