പന്ത്രണ്ട് വർഷം മുമ്പ്, കത്രി വെയിൽ കത്തി നിൽക്കുന്ന ഒരു മെയ് മാസത്തിലാണ് രാമേശ്വരത്ത് ചെന്നിറങ്ങിയത്. വിയർപ്പും ചൂടും തിങ്ങി വിങ്ങി നിന്ന ട്രെയിനിലെ ജനറൽ കമ്പർട്ടുമെന്റിൽ അത് പോലെ മറ്റൊരു യാത്ര ജീവിതത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷെ പാമ്പൻ പാലവും ധനുഷ്കോടിയും കാണാനാണ് ഈ കഷ്ടപ്പാട് എന്നോർത്തപ്പോൾ ഞാൻ അതെല്ലാം മറന്നു. 

ശ്രീലങ്കൻ തീരത്ത് നിന്ന് ഏതാണ്ട് 20 കിലോമീറ്റർ മാത്രം ദൂരത്ത് ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമാണ് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ധനുഷ്കോടി. ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും സംഗമിക്കുന്നത് ഇവിടെയാണ്. 

1964 ൽ ആഞ്ഞടിച്ച ഒരു ചുഴലിക്കാറ്റിൽ  അപ്പാടെ നാമാവശേഷമാകുന്നത് വരെ തമിഴ്‌നാട്ടിൽ നിന്ന് ശ്രീലങ്കയിലേക്ക് യാത്രക്കാരും ചരക്കുകളും പോയിക്കൊണ്ടിരുന്നത് ഈ  കൊച്ചു പട്ടണം വഴിയായിരുന്നു. ചെന്നൈ എഗ്മോറിൽ നിന്ന് ട്രെയിൻ വഴി ധനുഷ്കോടിയിൽ എത്തി അവിടെ നിന്ന്  സ്റ്റീം ബോട്ട് വഴി ലങ്കയിലെ തലൈമണ്ണാർ എത്തുന്നതായിരുന്നു യാത്ര.

1914 ൽ ബ്രിടീഷുകാരാണ് സമുദ്രത്തിന് കുറുകെ 2057.5 മീറ്റർ നീളമുള്ള പാമ്പൻ റെയിൽവേ പാലം പണിതത്. 145 തൂണുകൾക്ക് മേലെ പണിത ബ്രോഡ്ഗേജ് പാത വഴി, 1914 ഫെബ്രുവരി 24 നാണ് രാമേശ്വരം ദ്വീപിനെ കരയുമായി ബന്ധിപ്പിച്ചുകൊണ്ട് ആദ്യ ട്രെയിൻ കടന്നുപോയത്. ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലെ സുവർണ്ണ നിമിഷമായിരുന്നു അത്. 

1964 ഡിസംബർ 22ന് രാത്രി, 110 യാത്രക്കാരും അഞ്ച് ജീവക്കാരുമായി പാമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിൻ പാമ്പൻ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. പാലം തകർന്ന് സമുദ്രത്തിൽ വീണ് മുങ്ങിയ ട്രെയിനിലുണ്ടായിരുന്ന മുഴുവനാളുകളും കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഏതാണ്ട് 1800 ലധികം ആളുകൾ ആ ദുരന്തത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. വീടുകൾക്ക് പുറമെ, ധനുഷ്കോടിയിലെ 

റെയിൽവെ സ്റ്റേഷൻ,  ആശുപത്രി, കസ്റ്റംസ് ഓഫീസ്, ചർച്ച്, ക്ഷേത്രം, പോസ്റ്റ്‌ ഓഫീസ് എന്നിവയും പൂർണ്ണമായി നശിപ്പിക്കപ്പെട്ടു . എന്നോ മണ്ണടിഞ്ഞുപോയ പുരാതന സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ പോലെ മണൽമൂടികിടക്കുന്ന ആ കെട്ടിടാവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാം. പ്രികൃതി ശക്തികൾക്ക് മുൻപിൽ മനുഷ്യന്റെ നിസ്സഹായത ഓർമ്മിപ്പിക്കുന്ന ഒരു 

നാട്ടക്കുറിപോലെ തകർക്കപ്പെട്ട ചർച്ചിന്റെ അസ്ഥികൂടം ഇന്നും അതെ പോലെ നിലനിൽക്കുന്നുണ്ട്. കേട്പറ്റിയ പാലം പിന്നീട് പുനർനിർമിച്ചത് മെട്രോ മാൻ ശ്രീധരനാണ്. നൂറ് കൊല്ലം മുമ്പ് പാമ്പൻ പാലം പണിയുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ കാന്റീലിവർ ബ്രിഡ്ജ് ആയിരുന്നെങ്കിൽ പുതിയ പാലം ഏഷ്യയിലെ തന്നെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് ബ്രിഡ്ജ് സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. 1988ൽ കടലിനും മീതെ ഒരു റോഡ് ബ്രിഡ്ജ് കൂടി നിർമ്മിക്കപ്പെട്ടു. 

ഹിന്ദു ഐതിഹ്യ പ്രകാരം രാവണൻ ലങ്കയിലേക്ക് കടത്തിക്കൊണ്ട് പോയ സീതയെ രക്ഷിക്കാൻ രാമന്റെ നിർദേശ പ്രകാരം ഹനുമാൻ തീർത്ത രാമർ സേതു പാലം ഈ സമുദ്രത്തിനടിയിലാണെന്ന് പലരും വിശ്വസിക്കുന്നു. ദുരന്തതിന് ശേഷം ജനവാസമില്ലാതെ ഉപേക്ഷിക്കപ്പെട്ട പ്രദേശം ഇന്ന് തെക്കേ ഇന്ത്യയിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രവും തീർത്ഥാടന കേന്ദ്രവുമാണ്. 

2022 മുതൽ അടച്ചിട്ട പഴയ പാലത്തിന് പകരമായി നിർമ്മിച്ച പുതിയ പലമാണ് പ്രധാന മന്ത്രി ഏപ്രിൽ 6ന് ഉദ്ഘാടനം ചെയ്യുന്നത്.