ഡോ: മഹ്മൂദ് കൂരിയ/ഹുസൈന്‍ കൊടിഞ്ഞി

ഫിലിപ്പീൻസ് മുതൽ മൊസാംബിക് വരെയുള്ള ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ മുസ്ലീം സമൂഹങ്ങളാണല്ലോ താങ്കളുടെ പ്രധാന ഗവേഷണ മേഖല. മാരിടൈം ഇസ്ലാം” എന്നതുകൊണ്ട് നിങ്ങൾ എന്താണ് അര്‍ത്ഥമാക്കുന്നത്?

“മാരിടൈം ഇസ്ലാം” എന്നതിനേക്കാൾ “ഓഷ്യാനിക് ഇസ്ലാം” എന്ന പദമാണ്കൂടുതല്‍ അനുയോജ്യം എന്നെനിക്ക് തോന്നുന്നു. കാരണം “മാരിടൈം” എന്നത് കടലിനെ പ്രത്യേകമായി സൂചിപ്പിക്കുന്ന ഒരു സാങ്കേതിക പദമാണ്.  അതേസമയം “ഓഷ്യാനിക്” എന്നത് കടലിനപ്പുറമുള്ള വിശാലമായ ഭൂമിശാസ്ത്രത്തെക്കൂടി ഉൾക്കൊള്ളുന്നു – ഉൾനാടുകൾ, പർവതങ്ങൾ, ഉൽപ്പന്നങ്ങൾ, സംസ്കാരങ്ങൾ, അങ്ങനെ പലതും.

ഉദാഹരണത്തിന്, പശ്ചിമഘട്ടം സമുദ്ര ചരിത്രത്തിന്റെ ഭാഗമല്ലെങ്കിലും, അവ ഓഷ്യാനിക് ചരിത്രത്തിന്റെ ഭാഗമാണ്. അതുപോലെ, മുഗൾ ചരിത്രകാരന്മാർ എന്നോട് വിയോജിച്ചേക്കാമെങ്കിലും, മുഗൾ സാമ്രാജ്യത്തെ പോലും ഓഷ്യാനിക് ചരിത്രത്തിന്റെ ഭാഗമായി കണക്കാക്കാമെന്ന് ഞാൻ കരുതുന്നു. കാരണം കടൽ വഴി എത്തിയ നിരവധി ആശയങ്ങളും ചരക്കുകളും ആളുകളും മുഗൾ ചരിത്രത്തിന്റെ ഭാഗമായിരുന്നല്ലോ.

ഈ അടിസ്ഥാനത്തില്‍, ‘ഓഷ്യാനിക് ഇസ്ലാം’ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മുസ്ലീം സമൂഹങ്ങൾ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ അന്വേഷിക്കുന്നു. തീരദേശങ്ങൾ, ദ്വീപുകൾ, ഉൾനാടുകൾ, തുറമുഖ നഗരങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന മുസ്ലീം സമൂഹങ്ങളുടെ വൈവിധ്യമാർന്ന അനുഭവങ്ങൾ, പാരമ്പര്യങ്ങൾ, ബന്ധങ്ങള്‍ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇസ്ലാമിക ആചാരങ്ങൾ, സംസ്കാരങ്ങൾ, ഐഡന്റിറ്റികൾ എന്നിവ രൂപപ്പെടുത്തുന്നതിൽ സമുദ്രം വഹിച്ച പങ്കിനെ ഈ പഠനം വിശകലനം ചെയ്യുന്നു.

മുസ്ലീങ്ങളും ഇതര സമൂഹങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിൽ വ്യാപാരികൾ, സഞ്ചാരികൾ, പണ്ഡിതന്മാർ എന്നിവരുടെ പങ്കിനെക്കുറിച്ചും, അവർ ഇടപഴകിയ വിവിധ സംസ്കാരങ്ങളുമായി ഇസ്ലാം എങ്ങനെ പൊരുത്തപ്പെട്ടുവെന്നും പരിഷ്കരിക്കപ്പെട്ടുവെന്നും ഇത് പരിശോധിക്കുന്നു. സൂഫിസം, വ്യാപാരം, സാംസ്കാരിക വിനിമയം എന്നിവ തമ്മിലുള്ള ബന്ധങ്ങളെയും ഇത് പരിശോധിക്കുന്നു. കൂടാതെ, ഇസ്ലാമിക വിശ്വാസത്തിന്റെ വിശാലമായ ചട്ടക്കൂടിനുള്ളില്‍ ഈ ഇടപെടലുകളിൽ വഴി ഉയർന്നുവന്ന സങ്കീർണ്ണമായ ഐഡന്റിറ്റികളെയും ഞാൻ പരിശോധിക്കുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മുസ്ലിംകള്‍ പൊതുവെ ഷാഫി ചിന്താ സരണി പിന്തുടര്‍ന്നപ്പോള്‍, പൌരാണിക സിൽക്ക് റോഡുമായി (historic silk route) ബന്ധപ്പെട്ടു കിടക്കുന്ന മുസ്ലീം സമൂഹങ്ങൾ പ്രധാനമായി ഹനഫി സരണി പിന്തുടർന്നതായും കാണാൻ കഴിയും.

ശാഫിഈ, ഹനഫി സരണികള്‍ തമ്മിലുള്ള വ്യത്യാസങ്ങൾ പ്രധാനമായും കര്‍മ്മശാസ്ത്രപരമായിരുന്നൂ. ശാഫിഈ സരണി പിന്തുടർന്നവർ സമുദ്ര വ്യാപാരം പോലുള്ള മേഖലകളില്‍ കൂടുതൽ വ്യാപൃതരായവരായിരുന്നു. എന്നിരുന്നാലും, വിവാഹം പോലുള്ള ജീവിത വ്യവഹാരങ്ങങ്ങളില്‍ വന്നു ചേരുന്ന ചില പ്രതിസന്ധികളെ മറികടക്കാൻ മദ്ഹബുകളുടെ വേലിക്കെട്ടുകള്‍ മറികടന്നു അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ അവസരത്തിനൊത്ത് മാറുന്നത് സാധാരണമായിരുന്നു. ഇന്നത്തെപോലെ കണിശമായി നിര്‍ണ്ണയിക്കപ്പെട്ട അതിര്‍വരമ്പുകള്‍ അക്കാലത്ത് പാലിക്കപ്പെട്ടിരുന്നില്ല എന്നാണ് മനസ്സിലാവുന്നത്.

ഈ ചരിത്രത്തെ രൂപപ്പെടുത്തുന്നതിൽ മലബാർ അഥവാ കേരളം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടല്ലോ. പതിനാറാം നൂറ്റാണ്ടിലെ മലബാർ ഇന്നുള്ളതിനേക്കാൾ കൂടുതൽ കോസ്മോപൊളിറ്റൻ ആയിരുന്നു എന്ന് നിങ്ങൾ പറയുന്നുഎന്തായിരുന്നു ഇതിന് കാരണം, എങ്ങനെയാണ് അത് നഷ്ടപ്പെട്ടത്?

ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി നിലനിന്നിരുന്ന സജീവമായ കടൽ വ്യാപാരമാണ് മലബാറിന്റെ കോസ്മോപൊളിറ്റനിസത്തിന്‍റെ പ്രധാന കാരണം. ഉദാഹരണത്തിന്, പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യ സന്ദര്‍ശിച്ച പോർച്ചുഗീസ് ഉദ്യോഗസ്ഥനായ ഡുവാർട്ടെ ബാർബോസ പേർഷ്യ, ഖുറാസാൻ, യെമൻ, ഈജിപ്ത്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വ്യാപരികള്‍ ധാരളമുള്ള തുറമുഖ നഗരമായിരുന്നു കോഴിക്കോട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് രണ്ട് നൂറ്റാണ്ടു മുമ്പ് ഇന്ത്യയില്‍ വന്ന, ഇബ്നു ബത്തൂത്ത, ഈജിപ്തിലെ അലക്സാണ്ട്രിയയ്ക്ക് ശേഷം, ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ നഗരമായാണ് കോഴിക്കോടിനെ വിശേഷിപ്പിക്കുന്നത്. അത്തരം വിപുലമായ ബന്ധങ്ങൾ ഗതകാല ചരിത്രത്തിന്റെ ഭാഗമാണ്.

ഈ കോസ്‌മോപൊളിറ്റനിസം വ്യാപാര മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. ബൗദ്ധിക തലത്തിൽ, വിജ്ഞാന വിനിമയത്തിന്‍റെ പാരമ്പര്യം വളരെ സജീവമായിരുന്നു. ലോകമെമ്പാടുമുള്ള പണ്ഡിതന്മാർ അറിവ് നേടുന്നതിനായി മലബാറിലേക്ക് വരികയും, തദ്ദേശീയ പണ്ഡിതന്മാർ വിജ്ഞാന സമ്പാദനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. അക്കാലത്തെ ഒരു പ്രധാന വിജ്ഞാന കേന്ദ്രമായിരുന്നു പൊന്നാനി. അറബി ഭാഷയാണ് ആശയവിനിമയ ഭാഷയായി വർത്തിച്ചതെങ്കിലും, തദ്ദേശീയരും വിദേശികളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് വേണ്ടിയാണ് അറബി-മലയാളം പോലുള്ള ഭാഷകൾ വികസിപ്പിച്ചെടുത്തത്. അറബിയും അറബി-മലയാളവും മുസ്ലീങ്ങളുടെ മാത്രം വിനിമയ ഭാഷ ആയിരുന്നില്ല.

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു കേരള ഭരണാധികാരി പോർച്ചുഗീസ് രാജാവിന് അയച്ച ചില കത്തുകൾ അറബിയിലാണ് എഴുതിയിരുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷം, ക്രിസ്ത്യൻ സുവിശേഷകർ ‘ലൂക്കോസിന്റെ സുവിശേഷം’ (Gospel of Luke) അറബി-മലയാളത്തിൽ പ്രസിദ്ധീകരിച്ചു.  അതിന്റെ ഒരു പകർപ്പ് ഇപ്പോഴും അമേരിക്കയിലെ മസാച്യുസെറ്റ്സിൽ ഉണ്ട്. അതുപോലെ, നിരവധി വ്യാപാര രേഖകളും ഈ ഭാഷകളില്‍ തയ്യാറാക്കപ്പെട്ടിരുന്നു.

പണ്ഡിതന്മാര്‍ ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ മാത്രം വക്താക്കളായിരുന്നില്ല. പണ്ഡിതന്മാരെ, മുഖ്യധാരാ ബുദ്ധിജീവികളായി (organic intellectuals) അംഗീകരിച്ചിരുന്ന ഒരു ഊർജ്ജസ്വലമായ സമൂഹം ഉണ്ടായിരുന്നു. മുസ്ലീം സമൂഹത്തെ മാത്രമല്ല, കേരള സമൂഹത്തെ മൊത്തത്തിൽ കൈകാര്യം ചെയ്യുന്ന ആദ്യത്തെ വ്യവസ്ഥാപിത ചരിത്ര ഗ്രന്ഥമായി ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ ‘തുഹ്ഫത്തുൽ മുജാഹിദീൻ’ കണക്കാക്കപ്പെട്ടത് അത്കൊണ്ടാണ്. മധ്യകാല ലോകത്ത് ലാറ്റിന്‍ ഭാഷക്കും ഇന്നത്തെ ലോകത്ത് ഇംഗ്ലിഷ് ഭാഷക്കും ഉള്ള സ്ഥാനം അന്ന് അറബി ഭാഷക്ക് ഉണ്ടായിരുന്നു. മലബാറിന്‍റെ ബൌദ്ധിക പാരമ്പര്യം കാത്തു സൂഷ്കിക്കുന്ന അപൂര്‍വം ചില പണ്ഡിതന്മാര്‍ ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്.

പോർച്ചുഗീസ് കടന്നുകയറ്റവും തുടർന്നുണ്ടായ കടൽ വ്യാപാരത്തിലെ തകര്‍ച്ചയും, ശേഷം വന്ന ബ്രിട്ടീഷ് കൊളോണിയലിസവും, 1921 ലെ സമരത്തിന് ശേഷമുള്ള അടിച്ചമർത്തലുകളും മുസ്ലീം പണ്ഡിതന്മാരെ മതത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ മാത്രം ഒതുങ്ങാന്‍ പ്രേരിപ്പിച്ചു.

ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലുള്ള വിവിധ മുസ്ലീം സമൂഹങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച താങ്കള്‍, എല്ലാ മുസ്ലീങ്ങൾക്കും ബാധകമായ “ഒരൊറ്റ ഇസ്ലാം” ഇല്ലെന്ന് വാദിക്കുന്നു. കൂടുതൽ വിശദീകരിക്കാമോ?

ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, സമുദ്ര തീരങ്ങളിലെ മുസ്ലീം സമൂഹങ്ങൾ പ്രധാനമായും പിന്തുടരുന്നത് ഷാഫി മദ്ഹബ് ആണ്. അത് അവരുടെ ആശയങ്ങളെയും ആചാരങ്ങളെയും മറ്റ് പല മുസ്ലീങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. അതിലുപരി, കിഴക്കൻ ആഫ്രിക്കയിലോ തെക്കുകിഴക്കൻ ഏഷ്യയിലോ ഉള്ള ഷാഫി മുസ്ലീങ്ങൾ അറേബ്യന്‍ നാടുകളിലുള്ള മുസ്ലിംകളില്‍നിന്ന് പല തരത്തില്‍ വ്യത്യസ്തരാണ്. ഓരോ സമൂഹവും സ്വന്തം പ്രാദേശിക ചരിത്രത്തിലും സംസ്കാരത്തിലും വേരൂന്നിയ എണ്ണമറ്റ പാരമ്പര്യങ്ങളും ആചാരങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയെല്ലാം ഇസ്ലാമിന്റെ വിശാലമായ ഭൂമികക്കകത്താണ് പ്രവർത്തിക്കുന്നതെങ്കിലും, ദൈനംദിന ജീവിതത്തിൽ പ്രാദേശിക സംസ്കാരങ്ങളുടെ ആഴത്തിലുള്ള സ്വാധീനം ഈ സമൂഹങ്ങളിലെല്ലാം കാണാന്‍ കഴിയും.  അവര്‍ അവരവരുടെ പാരമ്പര്യങ്ങളെ ഇസ്ലാമിക വിശ്വാസവുമായി സംയോജിപ്പിക്കുന്നു. അതിലുപരി, അവർക്കിടയിൽ തന്നെ നിരവധി വൈവിധ്യങ്ങളുമുണ്ട്.

ഉദാഹരണത്തിന്, മലേഷ്യയിലെ നെഗേരി സെമ്പിലാനിൽ, മുസ്ലീം സ്ത്രീകൾ യാതൊരു വിലക്കുകളുമില്ലാതെ പള്ളിയിൽ നമസ്കാരത്തിന് പോകുന്നു. ഷാഫി പാരമ്പര്യം പിന്തുടരുന്നതിനാലാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. എന്നാൽ കേരളത്തിൽ, ഷാഫി മദ്ഹബ് പിന്തുടരുന്നവര്‍ സ്ത്രീകളുടെ പള്ളിപ്രവേശനം അനിസലാമികമെന്ന് വാദിക്കുന്നു.

വടക്കൻ മൊസാംബിക്കിൽ സ്ത്രീകൾ മിക്കവാറും എല്ലാ ദിവസവും പള്ളിയിൽ പോകാറുണ്ട്, പക്ഷേ വെള്ളിയാഴ്ചകളിൽ പള്ളി പുരുഷന്‍മാര്‍ക്ക് മാത്രമായി വിട്ടുനല്കുന്നു. ഇന്തോനേഷ്യയുടെ ചില ഭാഗങ്ങളിൽ, വെള്ളിയാഴ്ച ജുമുഅക്ക് മാത്രമേ സ്ത്രീകൾ പള്ളിയിൽ പോകാറുള്ളൂ. രസകരമെന്നു പറയട്ടെ, ഈ സമൂഹങ്ങളെല്ലാം ഷാഫി മദ്ഹബ് പിന്തുടരുന്നവരാണ്.

പൂര്‍ണ്ണമായും സ്ത്രീകൾ മാത്രം നടത്തുന്ന പള്ളികള്‍ പോലും ഞാൻ സന്ദർശിച്ചിട്ടുണ്ട്. മൊസാംബിക്കിൽ ഒരിക്കൽ, അവരുടെ പള്ളി സന്ദർശിച്ചപ്പോള്‍ ആ പള്ളി സന്ദര്‍ശിക്കുന്ന ആദ്യത്തെ പുരുഷൻ ഞാനാണെന്ന് അവരെന്നോട് പറഞ്ഞു. മതപരമായ ആചാരങ്ങളിലും ഈ വൈവിധ്യങ്ങള്‍ കാണാൻ കഴിയും. അവ ഇസ്ലാമിക പാരമ്പര്യങ്ങളുടെ ബഹുസ്വരതയെയാണ് കാണിക്കുന്നത്. അതിനാൽ, ഏതെങ്കിലും ഒരു പതിപ്പിനെ മാത്രം മാതൃകയായി കാണുന്നതിനുപകരം, സാമൂഹിക ശാസ്ത്രജ്ഞർ എന്ന നിലയിൽ നാം അവയിലെ ഈ ചരിത്രപരമായ വൈവിധ്യങ്ങളെ വിശകലനം ചെയ്യുകയാണ് വേണ്ടത്.

മധ്യകാല ലോകത്ത് സ്ത്രീകള്‍ക്ക് യാത്രാ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എന്ന പൊതുധാരണയും തെറ്റാണ്. അക്കാലത്തും സ്ത്രീകള്‍ ധാരളമായി യാത്രകളില്‍ ഏര്‍പ്പെട്ടിരുന്നു എന്നതിന് വേണ്ടത്ര തെളിവുകള്‍ ഉണ്ട്. ചിലർ കടൽക്കൊള്ളക്കാരായിരുന്നു,  മറ്റ് ചിലര്‍ പണ്ഡിതരായിരുന്നു. ചിലർ പുരുഷന്മാരുടെ വേഷം ധരിച്ചു പോലും യാത്രകള്‍ നടത്തി. കാരണം അത് പ്രധാനമായും പുരുഷാധിപത്യം നിലനിന്ന ഒരു ഇടമായിരുന്നു. എന്നിരുന്നാലും, അവർ ലോകമെമ്പാടും ദീർഘയാത്രകൾ നടത്തി.

ഉദാഹരണത്തിന്, പന്ത്രണ്ടാം നൂറ്റാണ്ടിൽ, ചൈനയിൽ ജനിച്ച ഒരു സ്പാനിഷ് മുസ്ലീം സ്ത്രീ, പഠനത്തിനും കരിയറിനുമായി വ്യാപകമായി സഞ്ചരിച്ചു.  ഇപ്പോൾ ചൈന, ഇറാൻ, ഇറാഖ്, സിറിയ, ഈജിപ്ത് എന്നിവയുടെ ഭാഗമായ നഗരങ്ങളും പ്രദേശങ്ങളും സന്ദർശിച്ചു. അവർക്ക് നിരവധി അധ്യാപകരുണ്ടായിരുന്നു.  അവരിൽ ചിലർ സ്ത്രീകളായിരുന്നു. പ്രശസ്തരായ പുരുഷ പണ്ഡിതർ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ‘മരക്കലത്തമ്മ തോറ്റം പാട്ട്’ കോറോമാണ്ടല്‍ തീരത്ത് പതിനേഴാം നൂറ്റാണ്ടില്‍ ഒരു സ്ത്രീ നടത്തിയ ദീര്‍ഘ യാത്രയുടെ കഥയാണ് പറയുന്നത്.  ഇതെല്ലാം മധ്യകാല നൂറ്റാണ്ടുകളിലെ സ്ത്രീകളുടെ പരിമിതമായ മൊബിലിറ്റി എന്ന മിഥ്യയെ വെല്ലുവിളിക്കാൻ നമ്മെ സഹായിക്കുന്നു.

പക്ഷേ, കേരളത്തിൽപൊതു ഇടങ്ങളിലെ മുസ്ലിം സ്ത്രീകളുടെ പങ്കാളിത്തം ഇന്നും ഒരു തര്‍ക്ക വിഷയമാണ്. ഈ വൈരുദ്ധ്യത്തെ നിങ്ങൾ എങ്ങനെ കാണുന്നു?

ഇതിനെക്കുറിച്ച് നേരിട്ട് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഒന്നുണ്ട്: കഴിഞ്ഞ ഒരു നൂറ്റാണ്ടായി, കേരളത്തിലെ മുസ്ലിംങ്ങള്‍ പൊതുവേ വിവിധ അധികാര ഗ്രൂപ്പുകലൂടെ, പ്രത്യേകിച്ച് മത സംഘടനകളുടെ, സ്വാധീന വലയത്തിലാണ്. ഈ ഗ്രൂപ്പുകൾ വിശ്വാസികളുടെ വ്യക്തിപരമായ നിലപാടുകളെയും ബോധ്യങ്ങളേയും പോലും നിയന്ത്രിക്കുന്ന അവസ്ഥയാണുള്ളത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ എന്റെ വ്യക്തിപരമായ അനുഭവം തികച്ചും വ്യത്യസ്തമാണ്. ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ ഇന്തോനേഷ്യയിലെ ‘നഹ്‌ദലത്തുൽ ഉലമ’, വിശ്വാസികളുടെ വ്യക്തിപരമായ നിലപാടുകളില്‍ ഇടപെടുന്നേയില്ല. ഇസ്ലാമിക വിശ്വാസത്തിന്റെ വിശാലമായ പരിധിക്കുള്ളില്‍ അവരവരുടെ ബോധ്യങ്ങൾക്കനുസരിച്ച് ഇസ്‌ലാമിന്റെ ആവിഷ്കാരം തിരഞ്ഞെടുക്കാൻ അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. സമൂഹത്തിനുള്ളിലെ മിശ്രവിവാഹങ്ങളിൽ പോലും അവർക്ക് ഒരു പ്രശ്‌നവുമില്ല. വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള ആളുകൾ ഒരു സംഘർഷവുമില്ലാതെ ഒരു മേൽക്കൂരയിൽ ഒരുമിച്ച് താമസിക്കുന്ന അനുഭവങ്ങള്‍ ധാരാളമുണ്ട്. ഇത് സര്‍വ സാധാരണമാണെന്ന് ഞാൻ വാദിക്കുന്നില്ല, പക്ഷേ പൊതുജീവിതത്തിൽ ഇത് സംഘർഷം സൃഷ്ടിക്കുന്നില്ല. ഈ വിവാഹങ്ങളെ ന്യായീകരിക്കാൻ അവർ അഹ്‌ൽ അൽ-കിതാബ് (പുസ്തകത്തിലെ ആളുകൾ) എന്ന ആശയത്തെയാണ് അവര്‍ ആശ്രയിക്കുന്നത്. ഇന്തോനേഷ്യയുടെ സ്ഥാപക പിതാവായ സുകാർണോയുടെ മാതാപിതാക്കൾ വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവരായിരുന്നുവെന്ന് പറയപ്പെണ്ടുന്നു.

കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസപരവും സാമൂഹികവുമായ വലിയ പുരോഗതി ഉണ്ടായിട്ടും, മതത്തോടുള്ള സങ്കുചിത സമീപനം കാലാനുസ്ര്‍തമായി മാറിയിട്ടില്ല. ദ്രുതഗതിയില്‍ സംഭവിക്കുന്ന സാമൂഹിക മാറ്റങ്ങളോട് സര്‍ഗാത്മകമായി പ്രതികരിക്കാനും ആഗോളവൽക്കരണം ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിൽ സമൂഹത്തെ പ്രാപ്തരാക്കാനും മതനേതാക്കൾ ഇനിയും സജ്ജരായിട്ടില്ലെന്ന് എനിക്കു തോന്നുന്നു. സമൂഹത്തിൽ സ്ത്രീകളെ പരിഗണിക്കുന്ന വിഷയത്തില്‍ ഇത് വ്യക്തമായി കാണാം. ഇന്ത്യയിലെ സാമൂഹിക ജീവിതം ഇപ്പോഴും പുരുഷാധിപത്യ മാനദണ്ഡങ്ങളാല്‍ നിയന്ത്രിതമാണ്. എന്നിട്ടും നമ്മുടെ സ്ത്രീകൾ കൂടുതൽ ഊർജ്ജസ്വലരും മാറുന്ന ലോകവുമായി അതിവേഗം പൊരുത്തപ്പെടുന്നവരുമായി നാം കാണുന്നു.

കൊട്ടിഘോഷിക്കപ്പെട്ട കേരള നവോത്ഥാനം പോലും ലിംഗസമത്വത്തിന്റെ പ്രശ്നം വേണ്ടപോലെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നാണെന്‍റെ വിലയിരുത്തല്‍. നമ്മുടെ നവോത്ഥാനം പ്രധാനമായും പുരുഷാധിപത്യപരമായിരുന്നു. സ്ത്രീകളുടെ ജീവിതത്തിൽ അത് അടിസ്ഥാനപരമായി വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല. സ്ത്രീകളുടെ മാത്രമല്ല, മറ്റ് അരിക് വല്‍ക്കരിക്കപ്പെട്ട വർഗ്ഗങ്ങളുടെയും ജാതികളുടെയും കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.

ഇസ്‌ലാമിനെ ഒരു ചരിത്ര പ്രക്രിയ (historical process) എന്നാണ് താങ്കള്‍ വിശേഷിപ്പിക്കുന്നത്. ഇതുകൊണ്ട് എന്താണ് നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്നിലവിലുള്ള ആഖ്യാനങ്ങളെ ഇത് എങ്ങനെയാണ് വെല്ലുവിളിക്കുന്നത്?

എല്ലാവര്ക്കും സ്വീകാര്യമായ ഇസ്‌ലാമിന്റെ ഒരൊറ്റ ഏകീകൃത പതിപ്പ് നിലവിലില്ല. ചരിത്രത്തിൽ, ഓരോ വ്യക്തിക്കും അല്ലെങ്കിൽ ഗ്രൂപ്പിനും ഇസ്‌ലാം എന്താണ്എന്നതിന് നിരവധി വ്യാഖ്യാനങ്ങൾ എല്ലായ്‌പ്പോഴും ഉണ്ടായിട്ടുണ്ട്. ആളുകൾ അവരുടേതായ രീതിയിൽ മതത്തെ മനസ്സിലാക്കുകയും ആചരിക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിക്കും അവരുടേതായ ന്യായീകരണങ്ങളും ഉണ്ടായിരിക്കാം. ഇതില്‍ ഏതെങ്കിലുമൊന്ന് മാത്രം ശരിയും അന്തിമവും എന്ന് നമുക്ക് വിധി തീര്‍പ്പ് കല്‍പ്പിക്കാനാവില്ല. ഇസ്ലാം അടിസ്ഥാനപരമായി ഒരു ചർച്ചാ പ്രക്രിയയാണ്. പ്രശസ്ത നരവംശശാസ്ത്രജ്ഞനായ തലാൽ അസദ് ഇസ്ലാമിനെ ഒരു വ്യവഹാര പാരമ്പര്യമായിട്ടാണ് (discursive tradition) വിശേഷിപ്പിച്ചത്. ഇതിനർത്ഥം ഇസ്‌ലാമിന്റെ സവിശേഷത വൈവിധ്യവും സംവാദവുമാണ്. മുസ്‌ലിംകൾ ഇസ്ലാമിക തത്വങ്ങളുടെ അർത്ഥത്തെയും പ്രയോഗത്തെയും കുറിച്ചുള്ള നിരന്തരമായ ചർച്ചകളിലും വിയോജിപ്പുകളിലും ഏർപ്പെടുന്നു. ഇസ്ലാമിക വ്യവഹാരം എല്ലായ്പ്പോഴും സന്ദർഭോചിതവും ചരിത്രപരവുമാണ്. അവര്‍ ജീവിക്കുന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സന്ദർഭങ്ങളാൽ രൂപപ്പെടുത്തിയതാണ് അവരുടെ വിശ്വശാചാരങ്ങള്‍. ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ചല്ല ഈ പറയുന്നത്. അതിന്റെ വിശാല അര്‍ഥത്തിലുള്ള പ്രയോഗ വല്‍ക്കരണത്തിലുള്ള വൈവിധ്യങ്ങളെക്കുറിച്ചാണ്.

ഒരു വ്യക്തി ഇസ്ലാമിനെക്കുറിച്ചുള്ള സ്വന്തം ബോധ്യവുമായി നടത്തുന്ന ഒരു ചർച്ചയായി ഇതിനെ സമീപിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.  ഈ പ്രക്രിയ സ്ഥിരമല്ല, മറിച്ച് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതാണ്. ഒരു ഘട്ടത്തിൽ നമ്മൾ വിശ്വസിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ ധാരണകള്‍ വികസിക്കുന്നതിനനുസരിച്ച് മാറിയേക്കാം. ഇത് ഒരു നിരന്തര പ്രക്രിയയാണ്. ഒരു മികച്ച വിശ്വാസിയാകാനുള്ള ദീര്‍ഘമായ യാത്രയാണത്.

ഇസ്‌ലാമിക നിയമങ്ങളുടെ സ്ഥാപനവല്‍ക്കരണത്തിനും ഏകീകരണത്തിനും കൊളോണിയലിസം എങ്ങനെയാണ് കാരണമായത്ഇസ്‌ലാമിക നിയമത്തെക്കുറിച്ചുള്ള കൂടുതൽ സൂക്ഷ്മവും സന്ദർഭോചിതവുമായ ഒരു വായനയിലേക്ക് നമുക്ക് എങ്ങനെ എത്താനാവും?

ഇസ്ലാമിക നിയമങ്ങളുടെ ക്രോഡീകരണത്തിൽ കൊളോണിയലിസം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  കാരണം അവയുടെ ആന്തരികമായ വൈവിധ്യം കാരണം കൊളോണിയൽ ശക്തികൾക്ക് അവ നടപ്പിലാക്കാൻ പ്രയാസം അനുഭവപ്പെട്ടു. അതിനാല്‍ ഭരണപരമായ സൗകര്യത്തിനായി അവർ ഈ നിയമങ്ങൾ ക്രോഡീകരിച്ചു. ബ്രിട്ടീഷുകാരും ഡച്ചുകാരും അവർ കോളനിവത്കരിച്ച സമൂഹങ്ങളിൽ ഇസ്ലാമിക നിയമം ക്രോഡീകരിക്കാൻ ശ്രമിച്ചു.

ഇന്തോനേഷ്യയിൽ, ഡച്ചുകാർ 1750-ൽ സെമരംഗ് കോഡ് അഥവാ മുഹറർ കോഡ് തയ്യാറാക്കി. ഡച്ചുകാർ ഇന്തോനേഷ്യയിൽ ചെയ്തത് ബ്രിട്ടീഷുകാർ ഇന്ത്യയിൽ ചെയ്തു. ശരീഅത്തിനെ മുഹമ്മദൻ നിയമമായി അവര്‍ ക്രോഡീകരിച്ചു. അതുവഴി വ്യാഖ്യാനത്തിനുള്ള അതിന്റെ വ്യാപ്തി പരിമിതപ്പെട്ടു. എന്നാൽ ശരീഅത്തിനുള്ളിൽ തന്നെ, വ്യാഖ്യാനങ്ങൾക്കും ചർച്ചകൾക്കും നിരവധി വഴികളുണ്ടായിരുന്നു. ബ്രിടീഷുകാര്‍ ഹിന്ദു നിയമവും ഇതേ രീതിയില്‍ ക്രോഡീകരിച്ചു.  ഇത് ഹിന്ദു മതത്തിന്‍റെ വിശാലതയെ വല്ലാതെ പരിമിതപ്പെടുത്തി. ശരീഅത്തിനും ഇതുതന്നെയാണ് സംഭവിച്ചത്. അത് നിയമവ്യവസ്ഥയുടെ വൈവിധ്യത്തെയും ചലനാത്മകതയെയും പരിമിതപ്പെടുത്തി. ഒരു കാലത്ത് മുസ്ലീങ്ങൾക്കിടയിൽ നൂറുകണക്കിന് ചിന്താ സരണികള്‍ നിലനിന്നിരുന്നു. ക്രമേണ ഇത് നാല് പ്രധാന സരണികളായി (ഹനഫി, മാലികി, ഷാഫി, ഹന്‍ബലി) ചുരുങ്ങി. വ്യാഖ്യാനങ്ങൾ ഈ നാലെണ്ണത്തിൽ അവസാനിച്ചു എന്ന് ഇതിന് അര്‍ത്ഥമില്ല.

ഇന്ത്യൻ മഹാസമുദ്രത്തിലെ മുസ്ലീം സമൂഹങ്ങൾക്കിടയിലുള്ള മാതൃദായ സമ്പ്രദായത്തെക്കുറിച്ച് നിങ്ങൾ വിശദമായി പഠിച്ചിട്ടുണ്ട്. മുസ്ലീങ്ങൾ പ്രധാനമായും പിന്തുടരുന്നത് പിതൃദായക്രമമാണ്. പരസ്പരവിരുദ്ധമായ ഈ രണ്ട് സംവിധാനങ്ങളെ നിങ്ങൾ എങ്ങനെ വിശദീകരിക്കുന്നു?

മൊസാംബിക്ക്, കൊമോറോസ് മുതൽ ഇന്തോനേഷ്യ, മലേഷ്യ വരെയുള്ള വിവിധ മുസ്ലീം സമൂഹങ്ങൾ പിന്തുടരുന്ന മാതൃദായ ക്രമം എന്റെ പ്രധാന ഗവേഷണ മേഖലകളിൽ ഒന്നാണ്. കേരളത്തിലെ ചില മുസ്ലീം കുടുംബങ്ങൾക്കിടയിലെ മാതൃദായ സമ്പ്രദായം നായർ സമൂഹത്തിൽ നിന്ന് കടമെടുത്തതാണെന്ന ദീർഘകാലമായി നിലനില്‍ക്കുന്ന ധാരണ തെറ്റാണ്. സമുദ്ര വ്യാപാര ഇടപെടലുകളിൽ ഈ സമൂഹങ്ങൾ വഹിച്ച പങ്കിന്റെ ഫലമായിട്ടായിരിക്കാം ഈ സമ്പ്രദായം വികസിച്ചത്.

ഇന്തോനേഷ്യയിലെ മിനാങ്‌കബൗ, മലേഷ്യയിലെ നെഗേരി സെമ്പിലാൻ, ശ്രീലങ്കയിലെ അക്കരൈപ്പത്ത്, അമ്പാറ, ട്രിങ്കോമാലി തുടങ്ങിയ വിവിധ മുസ്ലീം സമൂഹങ്ങളിലും, മാലിദ്വീപിലെ ചില പ്രദേശങ്ങളിലും, മൊസാംബിക്ക്, ടാൻസാനിയ, കൊമോറോസ് തുടങ്ങിയ പ്രദേശങ്ങളിലും ഈ സമ്പ്രദായം പ്രബലമായിരുന്നു. ചില സ്ഥലങ്ങളിൽ ഇപ്പോഴും ഇത് നിലനിൽക്കുന്നു. ഈ സമൂഹങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ ചലനാത്മകതയ്ക്ക് ഇത് വലിയ സംഭാവന നൽകിയിട്ടുണ്ട്. മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുമ്പോൾ ഇസ്ലാമിക സമൂഹങ്ങൾക്കുള്ളിലെ വൈവിധ്യം ഇത് പ്രകടമാക്കുന്നു. മരിച്ച വ്യക്തിയുടെ പിൻഗാമികൾക്കിടയിൽ സ്വത്ത് പങ്കിടുന്നതിന്, മരണപ്പെട്ട ആള്‍ക്ക് അതിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്ന് മുസ്ലീം നിയമജ്ഞർ അഭിപ്രായപ്പെടുന്നു. പല മാതൃദായ സമൂഹങ്ങളിലും, സ്വത്തിന് വ്യക്തിഗത ഉടമസ്ഥാവകാശമില്ല. അതിനാൽ സ്വത്ത് ഈ രീതിയിൽ വിഭജിക്കാൻ കഴിയില്ല. അവർ സ്വത്ത് തലമുറകളിലൂടെ കൂട്ട്സ്വത്ത് ആയിട്ടാണ് കൈമാറുന്നത്. അതിനാൽ, ഖുർആനിലെ അനന്തരാവകാശ നിയമം അതേപടി ഇവിടെ പ്രയോഗിക്കാൻ കഴിയില്ല.

ആഗോളവൽക്കരിക്കപ്പെട്ട ഇന്നത്തെ ലോകത്ത് ഇസ്ലാമിക നിയമങ്ങൾക്ക് ആധുനിക മതേതര നിയമങ്ങളുമായി സഹവർത്തിക്കാനും പ്രസക്തി നിലനിർത്താനും കഴിയുമെന്നു താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

ഏതൊരു നിയമത്തിന്റെയും ഉദ്ദേശ്യം സമൂഹത്തിൽ ക്രമം കൊണ്ടുവരിക എന്നതാണ്.  നിയമം തന്നെ ഒരു പരിണാമ പ്രക്രിയയാണ്. നൂറ്റാണ്ടുകളായി അത് കണ്ട് മുട്ടിയ വിവിധ സംസ്കാരങ്ങളുമായും നാഗരികതകളുമായും ഇടപഴകി ഇസ്ലാമിക നിയമങ്ങൾ വികാസ പരിണാമങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ആഗോളവൽക്കരണം ഒരു പുതിയ പ്രതിഭാസമല്ല. ഇന്ന്, അത് കൂടുതൽ പാശ്ചാത്യ കേന്ദ്രീകൃതമായിരിക്കുന്നു എന്ന് മാത്രം.

നൂറ്റാണ്ടുകളായി മനുഷ്യര്‍ വിവിധ സംസ്കാരങ്ങളുമായി സംവദിച്ചു പോന്നിട്ടുണ്ട്; അതിന്റെ രൂപ ഭാവങ്ങള്‍ മറിയിട്ടുണ്ടെങ്കിലും. എന്റെ ഗവേഷണ മേഖലകളിലൊന്ന് എ.ഡി. 700-1700 കാലത്തെ ആഗോള ബന്ധങ്ങളാണ്.  ഇന്ന് ആഗോളവൽക്കരണം എന്ന് നമ്മൾ വിളിക്കുന്ന പ്രക്രിയക്ക് വളരെ മുമ്പുതന്നെ മുസ്ലീങ്ങൾ ആഗോളവൽക്കരിക്കപ്പെട്ട ഒരു ലോകവുമായി സമ്പർക്കം പുലർത്തിയിരുന്നു. യൂറോപ്പ് അതിന്റെ ആധുനികത കയറ്റുമതി ചെയ്യാൻ തുടങ്ങുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ആധുനികവൽക്കരിക്കപ്പെട്ടതും ആഗോളവൽക്കരിക്കപ്പെട്ടതുമായ ഒരു ലോകം ഉണ്ടായിരുന്നു. ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളായിരുന്നു ആ ആഗോളവൽക്കരണത്തിലെ പ്രധാന കളിക്കാർ. നിയമജ്ഞരും പണ്ഡിതന്മാരും അവരവരുടെ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിയമങ്ങളെ വ്യാഖ്യാനിച്ചിട്ടുണ്ട്, അവർ അത് തുടരണം. ഇസ്ലാമിക നിയമങ്ങൾ, അതത് കാലത്തെ സമൂഹങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നവീകരിക്കപ്പെടുകയും സജ്ജമാവുകയും ചെയ്യുന്നില്ലെങ്കില്‍, ആ നിയമങ്ങൾ കാലഹരണപ്പെട്ടുപോകുമെന്നത് തീര്‍ച്ചയാണ്.