പ്രശസ്ത ഇസ്‌ലാമിക ചിന്തകനായ താരിഖ് റമദാൻറെ Radical Reforms ന്റെ മലയാള പരിഭാഷ വായിച്ച ശേഷം ഒരു ആസ്വാദന കുറിപ്പ് രണ്ട് വർഷം മുമ്പ് fb യിൽ പോസ്റ്റ് ചെയ്തിരുന്നു. റമദാൻറെ ദുഷ്കരമായ ഭാഷ തന്മയത്വത്തോടെ പരിഭാഷപ്പെടുത്തിയവരിൽ ഒരാൾ കെ സി സലീം ആയിരുന്നു.
തുടർന്നാണ് മുൻ പരിചയമില്ലാത്ത അദ്ദേഹത്തോട് ആദ്യമായി ഫോണിൽ സംസാരിച്ചത്. പിന്നീട്, അമേരിക്കൻ പണ്ഡിതനായ ഡോ: സഫി കസ്കസിന്റെ ഖുർആൻ ബൈബിൾ താരതമ്യം സലീം പരിഭാഷപ്പെടുത്തിയപ്പോൾ അതിനെ കുറിച്ച് Times of India ൽ ഒരു കുറിപ്പെഴുതി. പാലാ ബിഷപ്പിന്റെ വിഷലിപ്തമായ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ആ കുറിപ്പ്.
പിന്നെയും ഒരുപാട് കഴിഞ്ഞാണ് കോഴിക്കോട് വെച്ച് അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടത്.
ദീർഘമായ ആ കൂടിക്കാഴ്ചയിലാണ് ഗ്രന്ഥകാരന്റെ ഇതര പ്രവർത്തന മേഖലകളെ കുറിച്ച് കേട്ടത്. അതിന് ശേഷമാണ് സിയാഉദ്ധീൻ സർദാറിന്റെ മാസ്റ്റർ പീസായ Desperately seeking paradise ന്റെ വിവർത്തനം വായിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് കോപ്പി വായിച്ചതിന്റെ മധുരിക്കുന്ന ഓർമ്മ ഇന്നും മനസ്സിലുണ്ട്. പക്ഷെ വിവർത്തനം വായിച്ചപ്പോൾ ഒറിജിനലിനെ വെല്ലുന്ന വിവർത്തനം എന്നാണെനിക്ക് തോന്നിയത്. സർദാറിന്റെ മനോഹരമായ ഇംഗ്ലീഷ് ഒട്ടും ചാരുത ചോരാതെ മലയാളി വായനക്കാരിലെത്തിക്കുന്നതിൽ സലീം ശരിക്കും വിജയിച്ചു. ഇതേ അഭിപ്രായം മറ്റുപലരും പങ്ക് വെച്ചിട്ടുണ്ട് എന്ന് അദ്ദേഹം എന്നോട് പറയുകയും ചെയ്തു.
മുഹമ്മദ് അസദിന്റെ വിഖ്യാത ഖുർആൻ വ്യാഖ്യാനം The Message of Quran ന്റെ മലയാള വിവർത്തനവും മികച്ച വായനാനുഭവമാണ് സമ്മാനിച്ചത്. ഒരു പക്ഷെ, സർദാറിനെക്കാൾ ഭാഷാ പ്രവീണ്യവും അഗാധ പാണ്ഡിത്യവുമുണ്ടായിരുന്ന അസദിനെ വിവർത്തനം ചെയ്യാൻ സലീം കാണിച്ച ധൈര്യം രണ്ട് ഭാഷകളിലുമുള്ള അദ്ദേഹത്തിന്റെ മിടുക്കിന് മതിയായ തെളിവാണ്.
ഖുർആൻ പരിഭാഷയുടെ ഒരു വാല്യം മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. മലയാളികൾ കാത്തിരിക്കുന്ന ബാക്കി വാള്യങ്ങൾ വൈകാതെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
റഫറൻസ് ഗ്രന്ഥങ്ങളായി മാത്രം വായിക്കപ്പെടാനിടയുള്ള രണ്ട് ഖുർആൻ വിവർത്തനങ്ങളും കനത്ത സാമ്പത്തിക ബാധ്യത സ്വയം വഹിച്ചുകൊണ്ടാണ് അദ്ദേഹം പുറത്തിറക്കിയത്. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ദൗത്യങ്ങൾ സ്വയം ഏറ്റെടുക്കുന്ന അദ്ദേഹത്തിന്റെ സാഹസികത ഈ ശ്രമങ്ങളിൽ നിന്ന് വായിച്ചെടുക്കാനാവും. പക്ഷെ ഒരിക്കലും ബഹളങ്ങളുടെ ഭാഗമാവാൻ നിൽക്കാതെ തന്റെ കർമ്മ രംഗത്ത് വ്യാപൃതനാവുന്നതാണ് അദ്ദേഹത്തിന്റെ പ്രകൃതം.
കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ് റീജിയണൽ ഡയറക്ടറായി വിരമിച്ച സലീം പക്ഷേ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി തന്റെ പി ആർ സ്കിൽ ഉപയോഗിച്ചു എന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ആരും പറയുമെന്ന് തോന്നുന്നില്ല. അങ്ങനെയുള്ള ഒരാൾ തന്റെ ആത്മകഥ എഴുതുന്നു എന്നറിഞ്ഞപ്പോൾ അതിന്റെ ഉള്ളടക്കം അറിയാൻ വല്ലാത്ത കൗതുകം തോന്നിയിരുന്നു.
സ്വയം പബ്ലിസിറ്റിക്കപ്പുറം പുസ്തകത്തിൽ നിന്ന് വായനക്കാരന് പലതും വായിച്ചെടുക്കാനുണ്ടാവുമെന്നുറപ്പുണ്ട്. പുസ്തകം വായിക്കുന്നതിന് മുമ്പ് ഒരു വിലയിരുത്തലിനു മുതിരുന്നില്ല. ഇനിയും മികച്ച ഗ്രന്ഥങ്ങൾ കൈരളിക്ക് സമ്മാനിക്കാൻ നാഥൻ തുണക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
